അന്ന് 'കോക്രോച്ചുകളെ'ന്ന് വിളിച്ചു; ഇന്ന് 'സമയമില്ലെ'ന്ന് പറഞ്ഞ് ഹരജി പരിഗണിക്കാതെ ചീഫ് ജസ്റ്റിസ്
India
അന്ന് 'കോക്രോച്ചുകളെ'ന്ന് വിളിച്ചു; ഇന്ന് 'സമയമില്ലെ'ന്ന് പറഞ്ഞ് ഹരജി പരിഗണിക്കാതെ ചീഫ് ജസ്റ്റിസ്
റെന്വര്‍ പി
Wednesday, 22nd July 2026, 5:18 pm

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി) ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് നേര്‍ക്കുള്ള പൊലീസ് അതിക്രമത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.

‘ഞങ്ങളുടെ സമയം പാഴാക്കരുത്, നിങ്ങളുടെ സമയം പാഴാക്കരുത്,’ എന്നാണ് ഹരജി അടിയന്തരമായി പരിഗണിക്കുന്ന കാര്യം സൂചിപ്പിച്ച അഭിഭാഷകന്‍ നരേന്ദ്ര മിശ്രയോട് ചീഫ് ജസ്റ്റിസ് പറഞ്ഞതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

നീറ്റ് പരീക്ഷ പാകപ്പിഴകളില്ലാതെ നടത്തണമെന്നും, നാഷനല്‍ ടെസ്റ്റിങ് അതോറിറ്റി പരിഷ്‌കരിക്കണമെന്നും അടക്കമുള്ള പ്രധാന ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞു. ‘ താങ്ക് യൂ സോ മച്ച്,’ എന്ന് പറഞ്ഞ് അഭിഭാഷകന്റെ ഈ വാദം ചീഫ് ജസ്റ്റിസ് തള്ളിയെന്നും ലൈവ് ലോ റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് അതിക്രമങ്ങള്‍ തെളിയിക്കുന്ന വീഡിയോകളുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ ‘വീഡിയോ കാണാന്‍ എനിക്ക് താത്പര്യമില്ല, ഞങ്ങള്‍ക്ക് കാണാന്‍ സമയമില്ല,’ എന്നാണ് ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞതെന്നും ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി നിലവില്‍ വന്നത് രണ്ട് മാസം മുമ്പാണ്. ചീഫ് ജസ്റ്റിസിന്റെ ഒരു പ്രസ്താവനയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ആക്ഷേപ ഹാസ്യ കൂട്ടായ്മ രൂപപ്പെടാന്‍ കാരണമായത്. പിന്നീട് ആ കൂട്ടായ്മ രാജ്യ തലസ്ഥാനത്ത് വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കുന്ന തരത്തില്‍ ഓഫ്‌ലൈനിലേക്കും വളരുകയായിരുന്നു.

‘തൊഴില്‍ രഹിതരായ യുവാക്കള്‍ പാറ്റയെ പോലെയാണ്,’ എന്നായിരുന്നു ഈ വര്‍ഷം മെയില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത്തരത്തിലുള്ളവര്‍ മാധ്യമപ്രവര്‍ത്തകരോ സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റുകളോ ആയി മാറി വ്യവസ്ഥിതിയെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുതിര്‍ന്ന പദവിക്കായി ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.

തൊഴില്‍ രഹിതരായ യുവാക്കള്‍ പാറ്റയെ അഥവാ കോക്രോച്ചിനെപോലെ എന്ന ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന പുറത്ത് വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി രൂപം കൊണ്ടു. ആദ്യ ഘട്ടത്തില്‍ ഒരു വെബ്‌സൈറ്റിലൂടെയും സോഷ്യല്‍ മീഡിയാ പേജുകളിലൂടെയുമായിരുന്നു സി.ജെ.പിയുടെ രാഷ്ട്രീയ ഇടപെടല്‍. എന്നാല്‍ ജൂണ്‍ ആറിന് ജന്ദര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിലൂടെ സി.ജെ.പി ഓഫ്‌ലൈനിലേക്കും ഇടപെടല്‍ വ്യാപിപ്പിച്ചു.

നിലവില്‍ ജന്തര്‍ മന്ദറില്‍ നടന്ന് വരുന്ന അനിശ്ചിത കാല സമരം സി.ജെ.പി ആരംഭിച്ചത് ജൂണ്‍ 20നാണ്. സമരത്തിന്റെ ഭാഗമായി ഈ തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനിരിക്കവെയായിരുന്നു വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കമുള്ളവര്‍ക്കെതിരെ പൊലീസിന്റെ അതിക്രമമുണ്ടായത്.

സി.ജെ.പി ആഹ്വാനം ചെയ്തത് പ്രകാരം പതിനായിരക്കണക്കിന് യുവാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കാനായി തിങ്കളാഴ്ച ദല്‍ഹിയിലെത്തിയിരുന്നു. മാര്‍ച്ചിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് ദല്‍ഹി പൊലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് വരെ പൊലീസ് അതിക്രമമുണ്ടായതായി സി.ജെ.പി അറിയിച്ചിരുന്നു. പൊലീസ് അതിക്രമത്തിന്റെ ക്രൂരത വെളിവാക്കുന്ന വീഡിയോകളും സി.ജെ.പി പങ്കുവച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും സെലിബ്രിറ്റികളും അടക്കം നിരവധി പേര്‍ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

Content Highlight: ‘Don’t Waste Our Time’ : Supreme Court Refuses Urgent Listing Of Plea Against Police Action On Student Protesters

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.