നിന്ദ്യം, ധിക്കാരപരം; പശ്ചിമ ബംഗാള്‍ പോലൊരു സംസ്ഥാനം വേറെയില്ല; ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ തടഞ്ഞതിനെതിരെ സുപ്രീംകോടതി
India
നിന്ദ്യം, ധിക്കാരപരം; പശ്ചിമ ബംഗാള്‍ പോലൊരു സംസ്ഥാനം വേറെയില്ല; ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ തടഞ്ഞതിനെതിരെ സുപ്രീംകോടതി
അനിത സി
Thursday, 2nd April 2026, 2:15 pm

ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ജുഡീഷ്യല്‍ ഉദ്യേഗസ്ഥരെ ഘെരാവോ ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി സുപ്രീം കോടതി. നിന്ദ്യവും ധിക്കാരപരവുമായ പ്രവൃത്തിയാണ് ബംഗാളില്‍ ഉണ്ടായതെന്ന് സംസ്ഥാന സര്‍ക്കാരിനെയും പൊലീസിനെയും കുറ്റപ്പെടുത്തി കോടതി പറഞ്ഞു.

പശ്ചിമ ബംഗാള്‍ പോലൊരു ധ്രുവീകരിക്കപ്പെട്ട മറ്റൊരു സംസ്ഥാനത്തെ കണ്ടിട്ടില്ല. സംസ്ഥാനത്തെ ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം കാണിച്ചത് നിഷ്‌ക്രിയത്വമാണെന്നും സുപ്രീം കോടതി രോഷം പ്രകടിപ്പിച്ചു.

സുപ്രീം കോടതി നിയോഗിച്ച ഏഴ് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ ഇന്നലെ (ബുധനാഴ്ച) വൈകുന്നേരത്തോടെ റോഡില്‍ വെച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. എസ്.ഐ.ആര്‍ പ്രവര്‍ത്തികള്‍ക്കായി മാള്‍ഡ ജില്ലയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

എട്ട് മണിക്കൂറുകളോളം ഉദ്യോഗസ്ഥരെ വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ല. മൂന്ന് വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ദേശീയ പാത-12ല്‍ തടഞ്ഞുവെച്ചത്. റോഡിലെ കുത്തിയിരിപ്പ് കാരണം ദേശീയ പാതയിലെ ഗതാഗതവും മണിക്കൂറുകളോളം തടസപ്പെട്ടു.

റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നവരെ പിന്നീട് കളക്ടര്‍ ഉള്‍പ്പടെയുള്ളവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്ഥലത്തുനിന്നും മാറ്റാനായത്.

ബംഗാളില്‍ നടന്നത് അസാധാരണ സംഭവമാണെന്നും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്
മാത്രമല്ല, കോടതിയുടെ അധികാരത്തെ വെല്ലുവിളിക്കുകയെന്ന നാണംകെട്ട പ്രവൃത്തി കൂടിയാണ് ഇവര്‍ ചെയ്തതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിമര്‍ശിച്ചു.

നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ജുഡീഷ്യല്‍ ഓഫീസര്‍മാരെയും അവരുടെ കുടുംബങ്ങളെയും എസ്.ഐ.ആര്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് ജീവനക്കാരെയും സംരക്ഷിക്കാന്‍ രാജ്യത്ത് എവിടെ നിന്നാണെങ്കിലും കേന്ദ്ര സേനയെ വിളിക്കാവുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി പറഞ്ഞു.

പശ്ചിമ ബംഗാള്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ രക്ഷിക്കാതെ കടമയില്‍ നിന്നുള്ള ഒളിച്ചോടുകയാണ് ചെയ്തത്. ഈ നിഷ്‌ക്രിയത്വത്തിന് മറുപടി നല്‍കേണ്ടി വരുമെന്നും കോടതി പറഞ്ഞു.

ജുഡീഷ്യല്‍ ഓഫീസര്‍മാരുമായി കൂടിക്കാഴ്ച നടത്താനാണ് പ്രതിഷേധക്കാര്‍ ആദ്യം ശ്രമിച്ചത്. ഇത് നിഷേധിക്കപ്പെട്ടതോടെ ബുധനാഴ്ച വൈകുന്നേരം 4 മണിയോടെ പ്രതിഷേധക്കാര്‍ പ്രകടനം ആരംഭിക്കുകയും ഘെരാവോ ചെയ്യുകയും ചെയ്യുകയുമായിരുന്നു.

Content Highlight: Disgraceful, arrogant; There is no other state like West Bengal; Supreme Court against the blocking of judicial officers

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.