ഹാഷിറിന്റെ രണ്ടാമത്തെ ചിത്രത്തിന് ഒരു കോടി പ്രതിഫലമെന്ന് റിപ്പോര്‍ട്ടുകള്‍; മെറിറ്റില്‍ വന്നവന് വാങ്ങാമെന്ന് സോഷ്യല്‍ മീഡിയ
Malayalam Cinema
ഹാഷിറിന്റെ രണ്ടാമത്തെ ചിത്രത്തിന് ഒരു കോടി പ്രതിഫലമെന്ന് റിപ്പോര്‍ട്ടുകള്‍; മെറിറ്റില്‍ വന്നവന് വാങ്ങാമെന്ന് സോഷ്യല്‍ മീഡിയ
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 6th August 2026, 6:30 am

വിപിന്‍ ദാസ് തിരക്കഥയെഴുതി പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി 2024ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വാഴ. ചിത്രത്തില്‍ കുറഞ്ഞ ഭാഗത്ത് മാത്രം പ്രത്യക്ഷപ്പെട്ട ഹാഷിര്‍, അജിന്‍, അലന്‍, വിനായക് തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വാഴയ്ക്ക് രണ്ടാം ഭാഗമൊരുക്കിയപ്പോള്‍ ഇത്രയും വലിയ വിജയം ഒരിക്കലും ആരു പ്രതീക്ഷിച്ചിരുന്നില്ല. സവിന്‍ സാ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രം 235 കോടിയോളം നേടി കേരളത്തില്‍ നിന്നും ഇന്‍ഡസ്ട്രി ഹിറ്റടിച്ചപ്പോള്‍ പുതിയ ചരിത്രമായിരുന്നു മലയാള സിനിമയില്‍ പിറന്നത്.

ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ ശ്രദ്ധേയരായ ഹാഷിറും ഗ്യാങ്ങും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ മലയാള സിനിമയ്ക്ക് പ്രതീക്ഷയേകുന്ന പുതിയ അഭിനേതാക്കളെയും ചിത്രത്തിലൂടെ ലഭിക്കുകയായിരുന്നു. ചിത്രത്തിലെ പ്രകടനത്തിലൂടെ തന്റെ ആരാധക പിന്തുണ വര്‍ധിപ്പിച്ച ഹാഷിറിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍ ഒന്നടങ്കം.

വാഴ 2. Photo: IMDB

ഈ കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ടാണ് ജെ.എസ് ജിതിന്‍ സംവിധാനം ചെയ്യുന്ന ഞൊടി വണ്‍ മോര്‍ ടൈമില്‍ താന്‍ നായകനാകുന്നുണ്ടെന്ന വാര്‍ത്ത ഹാഷിര്‍ പുറത്തുവിട്ടത്. വലിയ ആവേശത്തോടെയായിരുന്നു സിനിമാ ലോകം ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ഏറ്റെടുത്തത്. ഹാഷിറിനൊപ്പം ചന്തു സലീം, അല്‍ അമീന്‍, ലുക്മാന്‍ അവറാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുമെന്നും വാര്‍ത്തകളുണ്ട്.

എന്നാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന അഭ്യൂഹങ്ങളിലൊന്നാണ് രണ്ടാമത്തെ ചിത്രത്തിന് വേണ്ടിയുള്ള ഹാഷിറിന്റെ സാലറി. നായകനാകുന്ന രണ്ടാമത്തെ മാത്രം ചിത്രത്തിനായി ഒരു കോടി രൂപയോളമാണ് താരം പ്രതിഫലമായി ആവശ്യപ്പെട്ടതെന്നാണ് സ്ഥിരീകരിക്കാതെയുള്ള വിവരങ്ങള്‍. ഇതിനെ പറ്റിയുള്ള ചര്‍ച്ചകളും ഇതോടെ സിനിമാ ഗ്രൂപ്പുകളല്‍ നടക്കുന്നുണ്ട്.

ഞൊടി. Photo: X.cpm

ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഹാഷിറിന് രണ്ടാമത്തെ ചിത്രത്തില്‍ ഒരു കോടി വാങ്ങുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും ചിത്രത്തിന് പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിച്ചാല്‍ വമ്പന്‍ കളക്ഷന്‍ നേടിത്തരാന്‍ തക്ക ഇംപാക്ട് ഹാഷിര്‍ പ്രേക്ഷകരില്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു. ഹാഷിറിനെ നായകനാക്കിയാല്‍ സമൂഹമാധ്യമങ്ങളിലൂടെ തന്നെ ചിത്രത്തിന് നല്ല പ്രൊമോഷന്‍ ലഭിക്കുമെന്നും ഈ പണം ലാഭമാണെന്നും കമന്റുകളുണ്ട്. ടൊവിനോ തോമസും ബേസില്‍ ജോസഫും പ്രധാനവേഷത്തിലെത്തിയ അതിരടിയില്‍ ഹാഷിര്‍ കാമിയോ റോളിലെത്തിയപ്പോള്‍ ലഭിച്ച സ്വീകാര്യതയെ കുറിച്ചും പലരും ഓര്‍മിപ്പിച്ചു.

Content Highlight: Discussion about Hashir’s salary in his upcoming Film

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.