പതിനാറ് വര്‍ഷങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് വലിയ മാറ്റങ്ങള്‍ സംഭവിച്ചു, ഒരു ആക്ഷന്‍ സിനിമയ്ക്ക് കിട്ടാവുന്ന ഏറ്റവും ബെസ്റ്റ് ഓപ്ഷനാണ് പൃഥ്വിരാജ്: വൈശാഖ്
Malayalam Cinema
പതിനാറ് വര്‍ഷങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് വലിയ മാറ്റങ്ങള്‍ സംഭവിച്ചു, ഒരു ആക്ഷന്‍ സിനിമയ്ക്ക് കിട്ടാവുന്ന ഏറ്റവും ബെസ്റ്റ് ഓപ്ഷനാണ് പൃഥ്വിരാജ്: വൈശാഖ്
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 26th August 2026, 8:17 am

മലയാളം ഫിലിം ഇന്‍ഡസ്ട്രിയ്ക്ക് ആദ്യമായി നൂറ് കോടി സമ്മാനിച്ച സംവിധായനാണ് വൈശാഖ്. മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലൂടെയും മമ്മൂട്ടി ചിത്രം പോക്കിരി രാജയിലൂടെയും മലയാളത്തിലേക്ക് ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച വൈശാഖ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ഖലീഫ. ഓണത്തിന് ബെത്ലഹേം കുടുംബ യൂണിറ്റിനൊപ്പം ക്ലാഷ് റിലീസായെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്.

വൈശാഖ്. Photo: Screen Grab/ Cue Studio/ Youtube.com

സ്വര്‍ണ്ണക്കടത്തിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാലും സൗബിന്‍ ഷാഹിറും ടൊവിനോ തോമസും അടക്കം വമ്പന്‍ താരനിര തന്നെ അണിനിരന്നിരുന്നു. ഒരു ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ചിത്രമായാണ് ഖലീഫ ഒരുക്കിയതെങ്കിലും കണ്ടുപഴകിയ തിരക്കഥ ചിത്രത്തിന് വില്ലനാകുകയായിരുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രശംസയായിരുന്നു ചിത്രം കണ്ടിറങ്ങിയവരില്‍ നിന്നും ലഭിച്ചത്. ചിത്രത്തിലെ രണ്ട് കാലഘട്ടവും മൂന്ന് ആക്ഷന്‍ രംഗങ്ങളും പൃഥ്വി ഗംഭീരമായി തന്നെ കൈകാര്യം ചെയ്തിരുന്നു.

ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പോക്കിരിരാജയ്ക്ക് ശേഷം പൃഥ്വിരാജിനൊപ്പം വര്‍ക്ക് ചെയ്തപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് വൈശാഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 16 വര്‍ഷങ്ങള്‍ കൊണ്ട് പൃഥ്വിരാജ് എന്ന വ്യക്തിയില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇന്ന് മലയാള സിനിമയില്‍ ആക്ഷന്‍ സിനിമ ചെയ്യാന്‍ ബെസ്റ്റ് ഓപ്ഷന്‍ അദ്ദേഹമാണെന്നും വൈശാഖ് അഭിമുഖത്തില്‍ പറഞ്ഞു.

‘പോക്കിരിരാജ കഴിഞ്ഞ് പതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ പൃഥ്വിരാജിനൊപ്പം വര്‍ക്ക് ചെയ്യുന്നത്. ഈ പതിനാറ് വര്‍ഷത്തിനിടയില്‍ പൃഥ്വിയ്ക്ക് ഒരു ആക്ടറെന്ന നിലയില്‍ ഭയങ്കര മാറ്റമുണ്ടായിട്ടുണ്ട്. എന്നെ ഭയങ്കര അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റമാണ് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ ടൈമിങ്ങുകളെല്ലാം അസാധരാണമാണ്, ആക്ഷന്‍ സീനുകളില്‍ പ്രധാനമായും. ആക്ഷന്‍ ചെയ്യുന്നതിന് മുമ്പ് റിഹേഴ്സല്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ കൊറിയോഗ്രാഫര്‍ ചെയ്യുന്നത് ശ്രദ്ധയോടെ നോക്കി നില്‍ക്കും. എന്നിട്ടും ഒരു ടേക്ക് പോലും ആള്‍ക്ക് വേണ്ടി എക്സ്ട്രാ എടുത്തിട്ടില്ല.

ഖലീഫ. Photo: X.com

ഇതിലെന്തെങ്കിലും റീ ടേക്ക് വന്നിട്ടുണ്ടെങ്കില്‍ അത് ഫൈറ്റേഴ്സിനുള്ള റീ ടേക്കുകളാണ്. ആളെ പ്ലീസ് ചെയ്യാന്‍ വേണ്ടി പറയുന്നതല്ല, യഥാര്‍ത്ഥത്തില്‍ നടന്ന കാര്യമാണ് പറഞ്ഞത്. അത്രയും അക്കുറേറ്റ് ആയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ എനിക്ക് തോന്നിയിട്ടുണ്ട് ഒരു ആക്ഷന്‍ സിനിമയ്ക്ക് ഇന്ന് കിട്ടാവുന്ന ഏറ്റവും ബെസ്റ്റ് ഓപ്ഷനാണ് പൃഥ്വിരാജെന്ന്,’ വൈശാഖ് പറഞ്ഞു.

Content Highlight: Director Vyshakh talks about Pruthviraj Sukumaran

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.