ഓപ്പേഷന്‍ ജാവ എന്ന ആദ്യ സിനിമക്ക് ലഭിച്ച വിജയം, രണ്ടാമത്തെ സിനിമയിലേക്ക് പോകുമ്പോള്‍ തനിക്കൊരു പ്രഷറായിരുന്നുവെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. സ്വന്തമായി തിരക്കഥ എഴുതുന്ന സിനിമ സംവിധാനം ചെയ്യാനാണ് ആഗ്രഹമെന്നും എന്നാല്‍ ബിനു പപ്പു കഥയെഴുതുന്ന സിനിമയാണ് അടുത്തത് ചെയ്യുന്നതെന്നും തരുണ്‍ പറഞ്ഞു.

മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ആദ്യ വിജയത്തിന്റെ പ്രഷര്‍ ഒരു ഘട്ടത്തില്‍ എനിക്കുണ്ടായിരുന്നു. താരപരിവേഷം ചിത്രത്തിനില്ല എന്ന സംസാരം പലപ്പോഴും വന്നിട്ടുണ്ട്. അതെന്നെ ചെറുതായി എങ്കിലും ബാധിച്ചിട്ടുണ്ടെന്ന് പറയാം. സിനിമ പരാജയപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് എന്നെ നേരിട്ട് വിളിച്ച് പറഞ്ഞവര്‍ വരെയുണ്ട്. സൗദിയുടെ ബിസിനസ് സംസാരിക്കാന്‍ പോയപ്പോള്‍ ഓപ്പറേഷന്‍ ജാവ കണ്ടിട്ടില്ല, അത് ഏത് ചിത്രമാണെന്നും ചോദിച്ച് പലരും പുച്ഛിച്ച് വിട്ടിട്ടുണ്ട്.

 

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിക്കപ്പെട്ടതോടെ കഥ മാറി. പലരും ഇങ്ങോട്ട് വിളിച്ച് സിനിമയെപ്പറ്റി കൂടുതല്‍ സംസാരിച്ച് തുടങ്ങി. ജാവ ഹിറ്റായത് കൊണ്ട് സൗദി കാണാന്‍ ആരും വരുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇമോഷന്‍സ് ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ സൗദി കാണാന്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

ഒരുപാട് മേളകളില്‍ സൗദി വെള്ളക്ക എത്തുമെന്ന് ക്യാമറാമാനും എഡിറ്ററും ഉള്‍പ്പടെ പലരും പറഞ്ഞിരുന്നു. സിനിമയിലെ അമ്മയുമായാണ് അന്താരാഷ്ട്ര ചലച്ചിത്ര
മേളയില്‍ പോയത്. ജൂറി ഉള്‍പ്പടെ എല്ലാവരും കാണണമെന്ന് പറഞ്ഞിരുന്നു. എല്ലാവരുടെയും നിര്‍ബന്ധപ്രകാരമാണ് അമ്മയെ കൊണ്ടുപോകുന്നത്.

കരയിക്കുന്ന സിനിമ എടുക്കുന്നതെന്തിനാണെന്ന് സൗദി വെള്ളക്ക കാണാത്ത പലരും എന്നോട് ചോദിച്ചിട്ടുണ്ട്. നീ തമാശ പടം വെല്ലതുമെടുക്ക് എങ്കില്‍ ഞങ്ങള്‍ സിനിമ കാണാം എന്നാണ് ചിലര്‍ പറഞ്ഞത്. സിനിമ കണ്ട് ഒരാള്‍ കെട്ടിപ്പിടിച്ചാല്‍ അവാര്‍ഡ് കിട്ടുന്നതിനെക്കാള്‍ ഞാന്‍ സന്തോഷിക്കും. അങ്ങനെ ആയിരക്കണക്കിന് കെട്ടിപ്പിടുത്തങ്ങള്‍ എനിക്ക് കിട്ടി. ആ സന്തോഷത്തിനപ്പുറം ഇനിയൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.

സ്വന്തം എഴുത്തില്‍ത്തന്നെ സിനിമ ചെയ്യാനാണ് എനിക്ക് കൂടുതലിഷ്ടം. പക്ഷേ ബിനു പപ്പു എഴുതുന്ന ഒരു സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു സിനിമ ഒരുമിച്ച് ചെയ്യാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ട്. മലയാളത്തില്‍ ഇപ്പോഴുള്ള താരങ്ങളുമായി ഉറപ്പായും ഞാന്‍ സിനിമ ചെയ്യും. മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടന്മാരുമായാണ് അടുത്ത ചിത്രങ്ങള്‍ ചെയ്യാന്‍ ഞാന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

CONTENT HIGHLIGHT: DIRECTOR THARUN MOORTHY TALKS ABOUT HIS NEW MOVIE