ബാലന്റെ ക്ലൈമാക്സ് കണ്ട് ഞാന്‍ ശരിക്കും അന്തംവിട്ടു; എല്ലാവരും പറയുന്നപോലെ അത് വെറുമൊരു ട്വിസ്റ്റല്ല:  പ്രിയദര്‍ശന്‍
Movie Day
ബാലന്റെ ക്ലൈമാക്സ് കണ്ട് ഞാന്‍ ശരിക്കും അന്തംവിട്ടു; എല്ലാവരും പറയുന്നപോലെ അത് വെറുമൊരു ട്വിസ്റ്റല്ല:  പ്രിയദര്‍ശന്‍
ആര്യ.പി
Saturday, 20th June 2026, 6:16 pm

‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ബാലന്‍ ദ ബോയ്’ തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തെക്കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ പങ്കുവെച്ച വാക്കുകള്‍ സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ താന്‍ കണ്ട ഏറ്റവും മികച്ച ചിത്രമാണ് ‘ബാലന്‍’ എന്നായിരുന്നു പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടത്. ക്യു സ്റ്റുഡിയോയ്ക്ക് വേണ്ടി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ ടോക്ക് ഷോയിലാണ് അദ്ദേഹം സിനിമയെ വാനോളം പ്രശംസിച്ചത്.

സിനിമയുടെ ക്ലൈമാക്സിനെക്കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സിനിമയുടെ റിലീസിന് പിന്നാലെ വീണ്ടും ചര്‍ച്ചയാകുന്നത്.

പല സിനിമകളിലെയും ട്വിസ്റ്റുകള്‍ കണ്ട് താന്‍ ‘ഓക്കെ ഗുഡ്’ എന്ന് പറയാറുണ്ടെങ്കിലും ബാലന്റെ ക്ലൈമാക്സ് തന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു എന്ന് അദ്ദേഹം പറയുന്നു.

‘ബാലനില്‍ ഇതുപോലൊരു ക്ലൈമാക്സ് ട്വിസ്റ്റ് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ഒരുപാട് സിനിമകളുണ്ട്. ക്ലൈമാക്സിലെ ട്വിസ്റ്റ് എന്ന് പലരും പറയുമെങ്കിലും ഞാന്‍ അതൊക്കെ കണ്ടുകഴിഞ്ഞിട്ട് ‘ഓക്കെ ഗുഡ്’ എന്ന് പറയുകയാണ് പതിവ്. എന്നാല്‍ ഈ സിനിമയുടെ ക്ലൈമാക്സ് കണ്ട് ഞാന്‍ ശരിക്കും അന്തംവിട്ടുപോയി. ഇങ്ങനെ ഒരു ടേണ്‍ ഞാന്‍ അതില്‍ പ്രതീക്ഷിച്ചതേയില്ല. ഈ സിനിമ പുറത്തുവരുമ്പോള്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് ആ ഒരു ട്വിസ്റ്റിനെ കുറിച്ചായിരിക്കും.’ പ്രിയദര്‍ശന്‍ പറഞ്ഞു.

നേരത്തെ തന്നെ സംവിധായകന്‍ ചിദംബരത്തെ ഫോണില്‍ വിളിച്ച് ഈ കാര്യം സംസാരിച്ചിരുന്നു എന്ന് പറഞ്ഞ പ്രിയദര്‍ശന്‍, സിനിമയുടെ തിരക്കഥയെയും ടീം വര്‍ക്കിനെയും പ്രശംസിച്ചു.

‘എന്നെ സംബന്ധിച്ചിടത്തോളം തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. ഈ ചിത്രത്തില്‍ നമുക്ക് വലിയ പരിചയമുള്ള ആരുമില്ലാതിരുന്നിട്ടും, വളരെ സ്ലോ ആയിട്ടുള്ള കഥ പറച്ചില്‍ രീതി ആയിരുന്നിട്ടും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കുന്നുണ്ട്. ആ മാജിക് നിങ്ങള്‍ എങ്ങനെ ഉണ്ടാക്കി എന്ന് എനിക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല.

അത് അറിയാന്‍ ബാലന്‍ എനിക്ക് ഒരു തവണ കൂടി കാണണം. ഈ സിനിമ സ്‌ക്രീനില്‍ മാജിക് ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. ഈ സിനിമ മലയാളത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടും. അതെന്റെ ഗ്യാരണ്ടിയാണ്. ചിദംബരമാണ് സംവിധായകനെങ്കിലും എല്ലാവരും ചേര്‍ന്ന് എല്ലാവരുടേയും പങ്കാളിത്തം ഉറപ്പിച്ചു കൊണ്ടുള്ള ഒരു അതിശയകരമായ ടീം വര്‍ക്കാണിത്.’ പ്രിയദര്‍ശന്‍ പറഞ്ഞു.

‘ആവേശം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു മാധവനാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ടൊവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫര്‍സാന പാലത്തിങ്കല്‍ നായികയാകുന്ന ചിത്രത്തില്‍ സംവിധായകന്‍ ഗിരീഷ് എഡിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുഷിന്‍ ശ്യാമിന്റെ സംഗീതവും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.

Content Highlight: Director Priyadarshan about Balan Climax

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.