മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ നേരിട്ട പ്രതിസന്ധികളും വിദ്യാബാലൻ പിന്മാറിയതും ഒടുവിൽ മഞ്ജു വാര്യർ ആ കഥാപാത്രത്തിലേക്ക് എത്തിയതും ഓർത്തെടുത്ത് സംവിധായകൻ കമൽ. മഞ്ജു നായികയായ തന്റെ മറ്റു രണ്ടു സിനിമകളിൽനിന്ന് വ്യത്യസ്തമായി, യാദൃച്ഛികമായാണ് ആമിയിലേക്ക് മഞ്ജു എത്തിയതെന്ന് കമൽ പറയുന്നു. ചിത്രീകരണം തുടങ്ങാൻ ആറു ദിവസം മാത്രം ബാക്കിനിൽക്കെ വിദ്യാബാലൻ പിന്മാറിയത് വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നും വനിതക്ക് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞു.

‘മഞ്ജുവിനെ മനസിൽ കണ്ടാണ് മുൻചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് രൂപം നൽകിയതെങ്കിൽ ആമിയുടെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. ആദ്യം കമലാദാസിന്റെ കഥാപാത്രമായി തീരുമാനിച്ചത് വിദ്യാബാലനെയായിരുന്നു. തിരക്കഥ വായിച്ച വിദ്യ അഭിനയിക്കാൻ സമ്മതിക്കുകയും കൊച്ചിയിലും ഒറ്റപ്പാലത്തുമായി ചിത്രീകരണത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയും ചെയ്തു. മലയാളം സംഭാഷണങ്ങളും മാധവിക്കുട്ടിയുടെ സംസാരശൈലിയും പഠിപ്പിക്കാൻ പരിശീലനവും നൽകി. വലിയ തുക ചെലവഴിച്ച ശേഷമാണ് ചിത്രീകരണം തുടങ്ങുന്നതിന് ആറു ദിവസം മുമ്പ് വിദ്യ പിന്മാറിയത്,’ കമൽ പറഞ്ഞു.

കമൽ.photo.IMDb.Wikipedia

വിദ്യാബാലന്റെ പിന്മാറ്റം തന്നെ ഞെട്ടിച്ചെന്നും അതിനു പിന്നിലെ കാരണങ്ങൾ പിന്നീടാണ് മനസിലായെന്നും കമൽ പറഞ്ഞു.

‘ഞങ്ങളെല്ലാം ഞെട്ടിപ്പോയി. ഞാൻ മുംബൈയിൽ പോയി വിദ്യാബാലനെ കണ്ടു. തിരക്കഥയിൽ പ്രശ്നങ്ങളുണ്ടെന്നാണ് അവർ പറഞ്ഞത്. പ്രശ്നമുള്ള ഭാഗങ്ങളിൽ മാറ്റം വരുത്താമെന്ന് ഞാൻ പറഞ്ഞു. പക്ഷേ, ഏതൊക്കെ സീനുകളിലാണ് പ്രശ്നമെന്ന് പറയാൻ വിദ്യയ്ക്ക് കഴിഞ്ഞില്ല. ഒടുവിൽ ‘സർ, എനിക്ക് ഈ സിനിമയിൽ അഭിനയിക്കാൻ പറ്റില്ല’ എന്ന് പറഞ്ഞു. അതിന് പിന്നിലുള്ള കാരണം എനിക്ക് അപ്പോഴാണ് മനസിലായത്,’ കമൽ പറഞ്ഞു.

അങ്ങനെയാണ് അത് നയൻ‌താരയിലേക്ക് എത്തിയതെന്നും പക്ഷെ അവർ ആ കഥാപാത്രം ചെയ്യാൻ യോജിച്ചതല്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞെന്നും സംവിധായകൻ പറഞ്ഞു.

‘വിദ്യാബാലൻ പിന്മാറിയതോടെ പകരം ആരെ കൊണ്ടുവരുമെന്ന ആലോചനയായി. പല പേരുകളും പരിഗണിച്ചെങ്കിലും സിനിമയ്ക്കായി വലിയ തുക ചെലവഴിച്ചിരുന്നതിനാൽ സാറ്റലൈറ്റ് വിൽപ്പന ഉൾപ്പെടെയുള്ള ബിസിനസ് സാധ്യതകൾ കൂടി കണക്കിലെടുത്ത് അറിയപ്പെടുന്നൊരു താരം തന്നെ വേണമായിരുന്നു. അങ്ങനെയാണ് നയൻതാരയുമായി സംസാരിച്ചത്. മേക്കപ്പ് ടെസ്റ്റും കഴിഞ്ഞു.

എന്നാൽ മാധവിക്കുട്ടിയുടെ കഥാപാത്രം ചെയ്യാനുള്ള ആത്മവിശ്വാസമില്ലെന്ന് നയൻതാര പറഞ്ഞു. തനിക്കും നയൻതാരയെ ആ കഥാപാത്രമായി സങ്കൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. നായികയെ തീരുമാനിക്കാനാകാതെ വന്നതോടെ ചിത്രീകരണം അനിശ്ചിതമായി നീണ്ടുപോയി,’ കമൽ വ്യക്തമാക്കി.

ഒടുവിലാണ് മഞ്ജു വാര്യരിലേക്ക് ചർച്ചകൾ എത്തിയത്. നിർമ്മാതാവും മഞ്ജുവിന്റെ പേരിൽ ഉറച്ചുനിന്നു. ഏത് കഥാപാത്രത്തിലേക്കും എളുപ്പത്തിൽ കടന്നുചെല്ലാനുള്ള മഞ്ജുവിന്റെ കഴിവ് തനിക്ക് ആത്മവിശ്വാസം നൽകിയെന്നും കമൽ പറയുന്നു. എന്നാൽ മാധവിക്കുട്ടിയെപ്പോലൊരു വലിയ കഥാപാത്രം ചെയ്യുന്നതിൽ മഞ്ജുവിനും ആദ്യം ആശങ്കയുണ്ടായിരുന്നു എന്നും കമൽ പറഞ്ഞു.

‘ഞാൻ മഞ്ജുവിനെ വിളിച്ചപ്പോൾ ആദ്യം ചോദിച്ചത് ‘വിദ്യാബാലൻ പിന്മാറിയല്ലേ’ എന്നായിരുന്നു. മാധവിക്കുട്ടിയെപ്പോലെ വലിയൊരു കഥാപാത്രം ചെയ്യാനുള്ള ആത്മവിശ്വാസം കുറവാണെങ്കിലും തിരക്കഥ വായിക്കാമെന്ന് മഞ്ജു സമ്മതിച്ചു. കഥാപാത്രത്തിന്റെ ലൈംഗികതയുമായി ബന്ധപ്പെട്ട ചില സീനുകളിൽ ആശങ്കയും പറഞ്ഞു. അത് സ്വാഭാവികമായിരുന്നു. മഞ്ജുവിന്റെ ഇമേജിൽ അത്തരം രംഗങ്ങളിൽ അഭിനയിക്കുക എളുപ്പമായിരുന്നില്ല,’ കമൽ കൂട്ടിച്ചേർത്തു.

താൻ എഴുതിയ തിരക്കഥ വായനക്കാർക്ക് പരിചിതമായ എന്റെ കഥയിലെ ആമിയെ മാത്രം കേന്ദ്രീകരിച്ചായിരുന്നില്ലെന്നും മാധവിക്കുട്ടിയുടെ സമഗ്രജീവിതമാണ് സിനിമയിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചതെന്നും കമൽ പറയുന്നു. കഥാപാത്രത്തിനായി മഞ്ജു നടത്തിയ തയ്യാറെടുപ്പുകളും വലുതായിരുന്നു. മേക്കപ്പിൽ പലതവണ മാറ്റങ്ങൾ വരുത്തുകയും രൂപഭാവങ്ങളിൽ പരീക്ഷണങ്ങൾ നടത്തുകയും നിരവധി ഫോട്ടോഷൂട്ടുകൾ താരം നടത്തുകയും ചെയ്തിരുന്നെന്ന് കമൽ പറഞ്ഞു.

ആമി. Photo. IMDb

 

‘ആ കഥാപാത്രത്തിനായി മഞ്ജു നടത്തിയ തയ്യാറെടുപ്പുകൾ വലുതായിരുന്നു. അത്രത്തോളം ഡെഡിക്കേറ്റഡ് ആയിട്ടാണ് മഞ്ജു ആ സിനിമയിൽ അഭിനയിച്ചത്. സിനിമയോടുള്ള ആത്മാർഥതയും വ്യക്തിപരമായ വേദനകൾ മാറ്റിവെച്ച് സിനിമ പൂർത്തിയാക്കണമെന്ന കടമാബോധവും മഞ്ജുവിൽ നിന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്,’ കമൽ പറഞ്ഞു.

Content Highlight: Director Kamal recalls the challenges faced when deciding to make a film about Madhavikutty’s life, Vidya Balan’s withdrawal from the project, and how Manju Warrier eventually stepped into the role