മലയാള സിനിമയിൽ നിർമാതാവ്, നടൻ എന്നീ നിലകളിൽ ഒരുപോലെ ശ്രദ്ധേയനാണ് ദിനേശ് പണിക്കർ. കിരീടം, ചെപ്പടിവിദ്യ, മായപ്പൊൻമാൻ, പ്രണയവർണ്ണങ്ങൾ, ഉദയപുരം സുൽത്താൻ തുടങ്ങി പ്രേക്ഷകർ നെഞ്ചിലേറ്റിയ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച അദ്ദേഹം, നടനെന്ന നിലയിൽ മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ സജീവമാണ്.1989-ൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ കിരീടം, എൻ. കൃഷ്ണകുമാറിനൊപ്പം കൂട്ടുനിർമാണം ചെയ്തുകൊണ്ടാണ് അദ്ദേഹം നിർമാണ രംഗത്തേക്ക് കടന്നുവരുന്നത്. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായ ഈ ചിത്രം റിലീസ് ചെയ്ത് 37 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവോടെ വീണ്ടും ഈ മാസം തിയേറ്ററുകളിൽ എത്തിയിരുന്നു. ഈ അവസരത്തിൽ സിനിമയുടെ ചിത്രീകരണ വേളയിലെ ഓർമകൾ പങ്കുവെക്കുകയാണ് ദിനേശ് പണിക്കർ.
കിരീടം സിനിമ നേരിട്ട് തിയേറ്ററുകളിൽ റിലീസ് ചെയ്യുകയായിരുന്നു. അതിനുമുമ്പ് സിനിമയ്ക്ക് പ്രത്യേകമായി പ്രിവ്യൂകൾ ഒന്നും വച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അന്നത്തെ സമകാലികരായ മറ്റു സംവിധായന്മാർക്ക് സിനിമയെക്കുറിച്ച് എടുത്തുപറയാൻ പറ്റിയ അഭിപ്രായങ്ങൾ പറഞ്ഞതായിട്ടു എനിക്ക് ഓർമയില്ല. തിരുവനന്തപുരത്ത് ശ്രീകുമാർ തിയേറ്ററിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. റിലീസ് ദിവസം തന്നെ സിനിമ കാണാൻ ശ്രീനിവാസൻ, ഷാജി കൈലാസ് തുടങ്ങി കുറച്ചാളുകൾ വന്നിരുന്നു .പിന്നീട് സിനിമയുടെ റിലീസിന് ശേഷം തിരുവനന്തപുരം ക്ലബ്ബിൽ വച്ച് ഒരു ഒത്തുകൂടൽ ഉണ്ടായിരുന്നു. ആ സമയത്ത് ഇവരെല്ലാവരും അവിടേക്ക് വരികയും സിനിമയെക്കുറിച്ച് ചർച്ച നടക്കുകയും ചെയ്തിരുന്നു.
അന്നത്തെ ആ ചർച്ചയിൽ ശ്രീനിവാസന് സിനിമയെക്കുറിച്ച് തോന്നിയ ചില കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെച്ചിരുന്നു. പുള്ളിക്ക് സിനിമ വളരെ ഇഷ്ടമായി, എങ്കിലും ഏതോ ഒരു പോയിന്റിൽ അദ്ദേഹത്തിന് ഉണ്ടായിരുന്ന വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പുള്ളിയും ഒരു മികച്ച എഴുത്തുകാരനാണല്ലോ. പക്ഷേ, ആ വിയോജിപ്പൊന്നും ശരിയായിരുന്നില്ല. ഞാൻ അതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല. ഒരുപക്ഷേ അദ്ദേഹം കണ്ട സിനിമയായിരിക്കില്ല ലോഹിയും സിബിയും കണ്ടത്. പിന്നീട് പ്രേക്ഷകർ ആ സിനിമ നെഞ്ചിലേറ്റുകയും ചെയ്തു. എല്ലാവർക്കും തെറ്റുകൾ വരാം, പക്ഷേ കിരീടത്തിന്റെ കാര്യത്തിൽ ശ്രീനിവാസൻ പറഞ്ഞ ചില പോയിന്റുകൾ തെറ്റായിരുന്നു,’ ദിനേശ് പണിക്കർ പറഞ്ഞു.