വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനപരമ്പരയ്ക്ക് മുന്നോടിയായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് ചില സാഹചര്യങ്ങളിൽ തന്റെ അധികാരം ഉപയോഗിച്ച് മുന്നോട്ട് വരേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്. ടീമിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കേണ്ടതുണ്ടെന്നും ക്യാപ്റ്റനായ ശേഷമുള്ള ഗില്ലിന്റെ തുടക്കം സ്ഥിരതയില്ലാത്തതാണെന്നും കാർത്തിക് പറഞ്ഞു.
ക്രിക്ക്ബസിൽ സംസാരിക്കുകയായിരുന്നു മുൻ താരം.
‘ക്യാപ്റ്റനെന്ന നിലയിൽ ഈ ടീമിനെ ഗില്ലിന് പാരമ്പര്യമായി ലഭിച്ചതാണെന്നാണ് ഞാൻ കരുതുന്നത്. യഥാർത്ഥത്തിൽ ചില കാര്യങ്ങൾ അദ്ദേഹത്തിന്റെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടതുപോലെയാണ്. ഒരു കുടുംബത്തിലെ മൂത്ത മകന് ചില ഉത്തരവാദിതങ്ങൾ സ്വാഭാവികമായി ലഭിക്കുന്നതുപോലെ. തുടക്കത്തിൽ ഇത് രോഹിത് ശർമയുടെ രീതിയിലായിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ശുഭ്മൻ ഗില്ലിനേക്കാൾ അജിത് അഗാർക്കറിന്റെയും ഗൗതം ഗംഭീറിന്റെയും രീതിയിലാണ്. ഇനി അജിത് അഗാർക്കർ സെലക്ടറായി തുടരില്ലെന്ന റിപ്പോർട്ടുകൾ വരുന്നതിനാൽ, അത് ഏതാണ്ട് ഗൗതം ഗംഭീറിന്റെ രീതികളിലേക്ക് ടീം മാറുകയും ചെയ്യും.

ശുഭ്മൻ ഗിൽ. Photo: BCCI/x.com
എന്നാൽ ഗിൽ ചില ഘട്ടങ്ങളിൽ തന്റെ നിലപാട് ഉറപ്പിക്കണം. ടീമിനുള്ളിൽ ബഹുമാനം നേടണമെങ്കിൽ ശക്തമായ ഒരു കൂട്ടുകെട്ട് രൂപപ്പെടുത്തേണ്ടതുണ്ട്. ഒരു നല്ല ബാറ്ററെന്ന നിലയിൽ ആളുകൾ അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ട്. ക്യാപ്റ്റനെന്ന നിലയിലും അദ്ദേഹം പൊട്ടൻഷൽ തെളിയിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം നന്നായി നയിച്ചു. ഗുജറാത്ത് ടൈറ്റൻസിനായും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇനി അതേ ധൈര്യവും സമീപനവും ഇന്ത്യൻ ടീമിനെ മുന്നോട്ട് നയിക്കുന്നതിലും കാണിക്കേണ്ട സമയമാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ശുഭ്മൻ ഗില്ലാണ് ടീമിനെ നയിക്കുന്നത്. പരിക്കുകളും പ്രമുഖ താരങ്ങളുടെ അഭാവവും കാരണം കടുത്ത വെല്ലുവിളികളാണ് നായകനെന്ന നിലയിൽ ഗിൽ നേരിടുന്നത്. നാളെ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിലും പ്രധാന താരങ്ങൾ പങ്കാളികളാകുന്നതോടെ ഈ പ്രതിസന്ധി തുടരും. സെലക്ടർ അജിത് അഗാർക്കറും പരിശീലകൻ ഗൗതം ഗംഭീറും ചേർന്നാണ് നിലവിലെ ടീമിനെ രൂപപ്പെടുത്തിയതെന്നും, അതിൽ തന്റേതായ നിലപാട് ഉറപ്പിച്ചു മുന്നേറാൻ ഗില്ലിന് സാധിക്കണമെന്നും ദിനേഷ് കാർത്തിക് അഭിപ്രായപ്പെട്ടു.
ഇന്ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ശുഭ്മൻ ഗിൽ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പ്രമുഖ താരങ്ങളുടെ അഭാവത്തിൽ ടീമിനെ കൂടുതൽ കരുത്തേകാൻ ഓൾറൗണ്ടർ നമൻ ധീറിനെ ഇന്ത്യ ഏകദിന അരങ്ങേറ്റക്കാരനായി പ്രഖ്യാപിച്ചിട്ടുണ്ട്. വെടിക്കെട്ട് പ്രകടനം തന്നെ മെൻ ഇൻ ബ്ലൂ കാഴ്ചവെക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.
Content Highlights: Dinesh Karthik speaks out about Captain Gill’s style
