ഫോട്ടോ: പി.ടി.ഐ

ഫോട്ടോ: പി.ടി.ഐ

സാന്‍ഹോസെ (കാലിഫോര്‍ണിയ): പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ “ഡിജിറ്റല്‍ ഇന്ത്യ” പദ്ധതിക്ക് ആഗോള ഐ.ടി കമ്പനികളുടെ പിന്തുണ. യു.എസ് സന്ദര്‍ശനത്തിന്റെ ഭാഗമായി കാലിഫോര്‍ണിയയിലെ സിലിക്കണ്‍വാലിയിലെത്തിയ മോദിയെ ഐ.ടി ഭീമന്മാരുടെ മേധാവികള്‍ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് ഇന്ത്യ ഡിജിറ്റല്‍ വല്‍ക്കരിക്കാനുള്ള മോദിയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായി കമ്പനികള്‍ അറിയിച്ചത്.

ഇന്ത്യയിലെ അഞ്ച് ലക്ഷം ഗ്രാമങ്ങളില്‍ ചെലവു കുറഞ്ഞ ബ്രോഡ്ബാന്റ് പദ്ധതി ഏര്‍പ്പെടുത്താന്‍ തങ്ങള്‍ സഹായം നല്‍കുമെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒയും ഇന്ത്യന്‍ വംശജനുമായ സത്യ നാദെല്ല അറിയിച്ചു. രാജ്യത്തെ സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയെ ബ്രോഡ്ബാന്റ് വഴി ബന്ധിപ്പിക്കാനാണ് ഗവണ്‍മെന്റിന്റെ ഉദ്ദേശ്യമെന്ന് മോദിയും വ്യക്തമാക്കി. ഇന്ത്യയിലെ ഡേറ്റാ സെന്ററുകളില്‍ ഗൂഗിളിന്റെ ക്ലൗഡ് സര്‍വ്വീസ് സേവനം ഒരാഴ്ചയ്ക്കം തുടങ്ങുമെന്നും സത്യ നാദെല്ല അറിയിച്ചു.

ഇന്ത്യയിലെ 500 റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കാന്‍ സഹകരിക്കുമെന്ന് ഗൂഗിള്‍ മോദിക്ക് ഉറപ്പു നല്‍കി. അടുത്ത മാസത്തോടെ ഇന്ത്യയിലെ 10 ഭാഷകളുപയോഗിച്ച് കമ്പൂട്ടറില്‍ ടൈപ്പ് ചെയ്യാനുള്ള സൗകര്യം തങ്ങള്‍ ഒരുക്കുമെന്നും ഗൂഗിള്‍ സി.ഇ.ഒ തമിഴ്‌നാട്ടുകാരനായ സുന്ദര്‍ പിച്ചൈ പറഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യയോടുള്ള സഹകരണത്തിന്റെ ഭാഗമായി ചിപ് നിര്‍മ്മാണക്കമ്പനിയായ ക്വാല്‍കോം, രാജ്യത്ത് 15 കോടി ഡോളറിന്റെ (ഏകദേശം 990 കോടി രൂപ) നിക്ഷേപം നടത്തുമെന്നാണ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ പോള്‍.ഇ.ജേക്കബ്‌സ് പറഞ്ഞത്. ഇന്ത്യയില്‍ ഉത്പാദനം തുടങ്ങാനുള്ള മോദിയുടെ അഭ്യര്‍ത്ഥനയ്ക്ക് ആപ്പിള്‍ കമ്പനിയും പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

“ഡിജിറ്റല്‍ ഇന്ത്യ” പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യ വികസനത്തിലേക്ക് കുതിക്കും എന്നതാണ് മോദിയുടെ കാഴ്ച്ചപ്പാട്. കടലാസ് രഹിത ഇടപാടുകള്‍, പൗരന്മാര്‍ക്ക് ഡിജിറ്റല്‍ ലോക്കര്‍ സൗകര്യം (സേവനങ്ങളുടെ രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കല്‍) എന്നിവയെല്ലാമാണ് മോദിയുടെ മനസ്സില്‍. സന്ദര്‍ശനത്തിന്റെ ഭാഗമായി ഫേസ്ബുക്ക് ആസ്ഥാനത്തെത്തിയ മോദി സി.ഇ.ഒ മാര്‍ക്ക് സുക്കന്‍ബര്‍ഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.