അണ്ണ ഹസാരെ സമരം പോലെയല്ല സി.ജെ.പി സമരം; 5 വ്യത്യാസങ്ങള്‍ പറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍
India
അണ്ണ ഹസാരെ സമരം പോലെയല്ല സി.ജെ.പി സമരം; 5 വ്യത്യാസങ്ങള്‍ പറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th July 2026, 11:24 pm

ന്യൂദല്‍ഹി:2010കളുടെ തുടക്കത്തില്‍ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ കൂട്ടായ്മയില്‍ നിന്ന് വ്യത്യസ്തമാണ് സി.ജെ.പി സമരമെന്നതിന് അഞ്ച് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകന്‍. ദല്‍ഹിയില്‍ ദീര്‍ഘകാലം മാധ്യമ പ്രവര്‍ത്തനം നടത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരനാണ് സമൂഹ മാധ്യമ പോസ്റ്റില്‍ ഇരു സമരങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ കൂട്ടായ്മ എന്ന സംഘപരിവാര്‍ സ്പോണ്‍സേര്‍ഡ് പരിപാടി പോലെയല്ല സി.ജെ.പി സമരം എന്ന് വ്യക്തമായിരുന്നതായി ശ്രീജിത് ദിവാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അണ്ണാ ഹസാരെ സംഘത്തിന്റെ പരിപാടി ബി.ജെ.പിക്ക് വഴിയൊരുക്കലാണ് എന്ന് അന്നേ ബോധ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.

1- മാധ്യമങ്ങള്‍

ഇരു സമരങ്ങളോടും മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടാണ് അണ്ണാഹസാരെ സമരവും സി.ജെ.പി സമരവും തമ്മിലുള്ള ഒന്നാമത്തെ വ്യത്യാസമായി ശ്രീജിത് ചൂണ്ടിക്കാട്ടുന്നത്.

സി.ജെ.പി സമരത്തിന്റെ തുടക്കം മുതല്‍ കോര്‍പറേറ്റ് മീഡിയയുടെ എതിര്‍പ്പാണ് കാണുന്നത്. എന്നാല്‍ അണ്ണാ ഹസാരെ സംഘത്തിന്റെ ഏറ്റവും വലിയ ബലം കോര്‍പറേറ്റ് മീഡിയയുടെ പിന്‍ബലമായിരുന്നുവെന്നും ശ്രീഡിത് ചൂണ്ടിക്കാട്ടി.

അണ്ണാ ഹസാരെ സമരകാലത്ത് കോര്‍പറേറ്റ് മീഡിയ പ്രക്ഷോഭത്തിന് അനുകൂലമായിരുന്നു. ഇപ്പോള്‍ സി.ജെ.പി സമരത്തില്‍ സകല കോപറേറ്റ് മീഡിയയും എതിര്‍ പക്ഷത്താണെന്ന് മാത്രമല്ല, അവര്‍ നുണക്കഥകള്‍ പറഞ്ഞ് മടുത്ത് സമരത്തില്‍ പങ്കെടുക്കുന്നവരെ ഒറ്റാനും ആക്രമിക്കാനും തുടങ്ങിയിരിക്കുന്നുവെന്ന് ശ്രീജിത്ത് ചൂണ്ടിക്കാട്ടി.

തിരിച്ചും പുല്ലുവിലയാണ് സമരക്കാര്‍ ഗോദിമീഡിയ്ക്ക് നല്‍കുന്നത്. കൂവി വിളിച്ചവര്‍ ഓടിക്കുന്നു. ഈ പ്രക്ഷോഭത്തിന്റെ നിയന്ത്രണം ഇന്‍സ്റ്റഗ്രാമിനാണ്. റ്റിവി ചാനലുകള്‍ക്ക് മിക്കവാറും ഒറ്റുകാരുടെ പണിയേ ഉള്ളൂവെന്നും മാധ്യമപ്രവര്‍ത്തകന്‍ സി.ജെ.പി സമരത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു.

2- മിഡില്‍ ക്ലാസും പണവും.

പണത്തിന്റേയും മിഡില്‍ ക്ലാസ് മധ്യവയസ്‌കരുടേയും ഒഴുക്കായിരുന്നു അണ്ണാഹസാരെ സമരത്തിലേയ്‌ക്കെന്നും എന്നാല്‍ സി.ജെ.പി സമരം അങ്ങനെയല്ലെന്നും രണ്ടാമത്തെ വ്യത്യാസമായി ശ്രീജിത്ത് ചൂണ്ടിക്കാട്ടുന്നു.

‘പണത്തിന്റേയും മിഡില്‍ ക്ലാസ് മധ്യവയസ്‌കരുടേയും ഒഴുക്കായിരുന്നു അണ്ണാഹസാരെ സമരത്തിലേയ്ക്ക്. രാംലീല മൈതാനം അന്ന് ഈ സംഘത്തിന്റെ സമരത്തിനായി അണിഞ്ഞൊരുങ്ങുകയായിരുന്നു. നിങ്ങള്‍ക്ക് സമരത്തില്‍ പങ്കെടുക്കണോ? വണ്ടികളും സൗകര്യങ്ങളും റെഡി. ഹൗസിങ്കോളനികളില്‍ നിന്ന് ആളുകള്‍ എ.സി ബസുകളിലും വാനുകളിലും വന്നിറങ്ങി.

ചെറുപ്പക്കാരല്ലായിരുന്നു ഫ്ളാറ്റുകളുടെ അസോസിയേഷന്‍ സെക്രട്ടറിമാര്‍, റോട്ടറി/ലയണ്‍സ് ക്ലബ്ബുകളുടെ തലവന്മാര്‍, ഗുജറാത്ത് വെല്‍ഫയര്‍ അസോസിയേഷന്‍, വീഗന്‍ ജൈനരുടെ സംഘം എന്നിങ്ങനെ വിചിത്രമായ റ്റീമുകള്‍ അക്കാലത്ത് രംഗത്ത് വന്നു. ശബരിമല സീസണില്‍ റെഡി റ്റു വൈറ്റ് സവര്‍ണര്‍ ആദ്യമായി വീട്ടില്‍ നിന്നിറങ്ങിയ പോലെ,’ അന്നത്തെ അണ്ണാ ഹസാരെ സമരത്തെക്കുറിച്ച് ശ്രീജിത്ത് കുറിച്ചു.

ഇതതല്ല, ചെറുപ്പക്കാരാണ്. ഭക്ഷണത്തിന് പോലും പണമില്ലാത്തവരും കഷ്ടി ഒപ്പിക്കുന്നവരുമാണ് കൂടുതലുമെന്ന് ഇപ്പോഴത്തെ സി.ജെ.പി സമരത്തെക്കുറിച്ചും മാധ്യമ പ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടു.

3- സ്ത്രീ പങ്കാളിത്തം

സി.ജെ.പി സമരത്തില്‍ സ്ത്രീകള്‍ സ്വതന്ത്രരാണ് എന്ന് മാത്രമല്ല, അവരാണ് മിക്കവാറും നേതൃത്വം വഹിക്കുന്നതെന്നും ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ അണ്ണാഹസാരെ സമരകാലത്ത് രാംലീല മൈതാനിയില്‍ പോയ സകല സ്ത്രികള്‍ക്കും എന്തെങ്കിലും ദുരനുഭവം ഉണ്ടായിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അണ്ണാ ഹസാരെ സമരത്തില്‍ വോളണ്ടിയര്‍ റ്റീം മുതല്‍ പങ്കെടുക്കാന്‍ വന്നവര്‍ അടക്കമുള്ള ക്രൗഡില്‍ നിറയെ അബ്യൂസേഴ്സും ക്രിമിനലുകളുമുണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ സി.ജെ.പി സമരത്തില്‍ നേരെ തിരിച്ചാണ്. രാത്രിയിലും പകലും ആനന്ദപൂര്‍വ്വമാണ് പെണ്‍കുട്ടികളും ചെറുപ്പക്കാരികളും നടക്കുന്നത്. പോലീസ് മാത്രമാണ് അവരെ ശാരീരികയും ലൈംഗികവുമായി ആക്രമിക്കാന്‍ മുതിരുന്നത്. സമരം ചെയ്യുന്ന യുവാക്കളെ സംരക്ഷിക്കുന്നത് വരെ അവരാണെന്നും ശ്രീജിത്ത് ചൂണ്ടിക്കാട്ടി.

4 – ഹാസ്യം

കോമഡിയുടെ ഉപയോഗം സി.ജെ.പി സമരത്തില്‍ കാര്യമായി ഉണ്ടെന്നും ശ്രീജിത്ത് ദിവാകരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘സമരം എന്നത് എപ്പോഴും ചോരതിളിച്ച് ആക്രമാസക്തമായി നില്‍ക്കുന്നതല്ല. ഇവര്‍ ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. അടിക്കാനും ആക്രമിക്കാനും നില്‍ക്കുന്ന പോലീസിനോട് തമാശ പറയുന്നു. മീമുകളിലും റീലുകളിലും കോമഡിയാണ് മെയ്ന്‍ ഐറ്റം. തമാശപാട്ടുകളും മുദ്രവാക്യങ്ങളും ഉണ്ടാക്കുന്നു. സര്‍വ്വോപരി പാടുകയും ആടുകയും ചെയ്യുന്നു. പ്രസംഗമല്ല, ഒത്തൊരുമിച്ചുള്ള നില്‍പ്പാണ് ഇവര്‍ക്ക് സമരം,’ ശ്രീജിത്ത് കുറിച്ചു.

5- സഹാനുഭൂതി

നിലവിലെ സി.ജെ.പി സമരതത്തില്‍ പങ്കെടുക്കുന്നവര്‍ സഹാനുഭൂതി വെച്ചുപുലര്‍ത്തുന്നുവെന്നും ശ്രീജിത്ത് ദിവാകരന്‍ ചൂണ്ടിക്കാട്ടുന്നു.

‘രാവിലെ മുതല്‍ കാവല്‍ നില്‍ക്കുന്ന പോലീസുകാര്‍ക്ക് വെള്ളം കൊടുക്കുന്ന വാളണ്ടിയര്‍മാര്‍. തങ്ങള്‍ സമരം ചെയ്യുന്ന ഇടം എല്ലായിപ്പോഴും വൃത്തിയാക്കിക്കൊണ്ടിരിക്കുന്നവര്‍. എവിടെ നിന്നോ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത അപരിചതര്‍ക്ക് എത്തിച്ച് നല്‍കുന്നവര്‍.

പിന്തുണയുമായി കിലോമീറ്ററോളം നടന്ന് വരുന്നത്. രാത്രി ഉറങ്ങി കിടക്കുന്ന സഹജീവികള്‍ക്ക് കൊതുക് കടിക്കാതിരിക്കാനും കൊല്ലുന്ന ചൂടിന് ശമനവുമായി ഉറങ്ങാതെ നടന്ന് വീശുന്നവര്‍. കണ്ണ് നിറഞ്ഞ് പോകുന്ന വിശാല മാനവികതയുടെ വിളംബരങ്ങള്‍.

കര്‍ഷകരും ദളിതരും ആദിവാസികളും യുവജന പ്രസ്ഥാനങ്ങളും രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് മാര്‍ച്ച് ചെയ്ത് ഡല്‍ഹിയിലേയ്ക്ക് വരുമെന്നും നഗരത്തെ ഗ്രാമങ്ങള്‍ വളയുമെന്നും പ്രതീക്ഷിക്കാമല്ലോ.
സിംഹാസനങ്ങള്‍ കടപുഴകി വീണതല്ലേ ചരിത്രം? കൂനനുറുമ്പുകള്‍ അണിചേര്‍ന്ന് ആനയെ കൊന്നതല്ലേ സ്വപ്നം? സ്വപ്നത്തിന്റെ ഉറുമ്പുകളല്ലേ പാറ്റകള്‍?’ ശ്രീജിത്ത് കുറിച്ചു.

Content Highlight: Difference Between Anna Hazare Protest and CJP Protest