25 വയസ് വരെ തമാശയാണെന്ന് കരുതിയ പലതും പൊളിറ്റിക്കലി കറക്ടല്ലെന്ന് മനസിലായി, അത്തരം കാര്യങ്ങള്‍ ഒരിക്കലും റീലില്‍ കാണിക്കില്ല: ദേവരാജ്
Malayalam Cinema
25 വയസ് വരെ തമാശയാണെന്ന് കരുതിയ പലതും പൊളിറ്റിക്കലി കറക്ടല്ലെന്ന് മനസിലായി, അത്തരം കാര്യങ്ങള്‍ ഒരിക്കലും റീലില്‍ കാണിക്കില്ല: ദേവരാജ്
അമര്‍നാഥ് എം.
Sunday, 19th April 2026, 11:55 am

ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധ നേടിയ നടനാണ് ദേവരാജ്. യുറേക്കാ സ്റ്റോറീസ് എന്ന പേജിലൂടെ പോപ്പുലറായ ദേവരാജ് സിനിമാലോകത്തും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്ന വാഴ 2ലും ദേവരാജ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. വളരെ കുറച്ച് സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട ദേവരാജ് തന്റെ പ്രകടനം കൊണ്ട് കൈയടി നേടി.

വാഴ 2ന്റെ റിലീസിന് മുമ്പ് ദേവരാജ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മാതൃഭൂമി സംഘടിപ്പിച്ച ‘ക’ ഫെസ്റ്റിവലില്‍ താരം റീലുകളെക്കുറിച്ചും പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനെക്കുറിച്ചും സംസാരിച്ച വീഡിയോയാണ് വൈറലായത്. താനടക്കമുള്ള പലരും 90s കിഡ്‌സാണെന്ന് പറഞ്ഞുകൊണ്ടാണ് സംസാരം ആരംഭിച്ചത്.

‘ഞങ്ങളൊക്കെ 25 വയസിന് ശേഷമാണ് ഈ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സെന്ന വാക്ക് തന്നെ കേള്‍ക്കുന്നത്. ചെറുപ്പത്തില്‍ തമാശയാണെന്ന് നമ്മള്‍ വിചാരിച്ച പലതും തമാശയല്ലെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. ഇതൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്നത് നല്ല കാര്യമാണ്. അറിഞ്ഞോ അറിയാതെയോ ആകാം ഇങ്ങനെ പല കാര്യങ്ങളും ചെയ്തതും പറഞ്ഞതുമൊക്കെ.

അതൊക്കെ തെറ്റാണെന്ന് തിരിച്ചറിയാനും പഠിച്ചുവരാനും ഒരുപാട് ടൈമെടുക്കും. അതൊന്നും ആരുടെയും തെറ്റാണെന്ന് പറയാനാകില്ല. ആരെയെങ്കിലും കളിയാക്കി വിളിക്കുന്ന പേരാകാം, അല്ലെങ്കില്‍ ആരെയെങ്കിലും ട്രീറ്റ് ചെയ്യുന്ന രീതിയാകാം. തെറ്റാണെന്ന് പിന്നീട് തോന്നിയിട്ടുള്ള ഒരുപാട് കാര്യങ്ങള്‍ ഞങ്ങളും പറഞ്ഞിട്ടും ചെയ്തിട്ടുമുണ്ട്.

അത്തരം കാര്യങ്ങള്‍ ഒരിക്കലും കണ്ടന്റാക്കണമെന്ന് തോന്നിയിട്ടില്ല. അങ്ങനെയൊരു സബ്ജക്ട് വരുമ്പോള്‍ തന്നെ ‘എടാ, ഇത് നമുക്ക് കണ്ടന്റാക്കണ്ട. വേറെയെന്തെങ്കിലും നോക്കാം എന്ന് തീരുമാനിക്കുകയാണ് പതിവ്. ചില കാര്യങ്ങള്‍ അങ്ങനെ ബോധപൂര്‍വം തെരഞ്ഞെടുക്കുകയാണ്,’ ദേവരാജ് പറഞ്ഞു.

ദേവരാജിന്റെ വാക്കുകളെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. പക്വമായ സംസാരമാണ് ദേവരാജിന്റേതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. തങ്ങളും പണ്ട് ഇതുപോലെ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടായിരുന്നെന്നും അതെല്ലാം തെറ്റാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് മാറാന്‍ ശ്രമിക്കുകയാണെന്നും കമന്റുകളുണ്ട്.

‘ഇപ്പോഴും പൊളിറ്റിക്കലി ഇന്‍കറക്ടായ കണ്ടന്റുകള്‍ ചെയ്യുന്ന 90s കിഡ്‌സായ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ഇപ്പോഴുമുണ്ട്’, ’90സ് കിഡ്‌സിന്റെ യഥാര്‍ത്ഥ പ്രശ്‌നം ഇതുതന്നെയാണ്. ഒരുകാലത്ത് ശരിയാണെന്ന് വിശ്വസിച്ച പലതും തെറ്റാണെന്ന് തിരിച്ചറിയുകയും അതിനെ മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നത് കുറച്ച് പ്രയാസമാണ്,’ എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

Content Highlight: Devaraj saying he won’t do the reels that politically incorrect

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം