ന്യൂദൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സുപ്രധാന നിർദേശങ്ങളുമായി സുപ്രീം കോടതി.

ദൽഹിയിൽ ക്രമസമാധാന പാലനം ഉറപ്പാക്കുമ്പോൾ തന്നെ ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം തടസ്സപ്പെടരുതെന്നും നിയമപരമായ നടപടികളിലൂടെയല്ലാതെ അന്യായമായി ആരെയും തടങ്കലിൽ വെക്കരുതെന്നും പ്രത്യേക സിറ്റിങ്ങിൽ സുപ്രീം കോടതി ഉത്തരവിട്ടു.

നിരോധനാജ്ഞ (Section 163 BNSS) നിലനിൽക്കുന്ന മേഖലകൾക്ക് പുറത്ത് നിരായുധരായി സമാധാനപരമായി ഒത്തുകൂടുന്നവരെ തടയരുതെന്നും കോടതി വ്യക്തമാക്കി.

മെട്രോ, റെയിൽ സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിപ്പിക്കണമെന്നും ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുത്തരുതെന്നും ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു.

ഇതുകൂടാതെ, സുപ്രീം കോടതി പരിസരത്ത് ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ ബോർഡുകൾ ഉടൻ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. അഭിഭാഷകർക്കും മാധ്യമപ്രവർത്തകർക്കും അവരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസമുണ്ടാകരുതെന്നും ബെഞ്ച് ഓർമിപ്പിച്ചു. ഹർജികൾ കൂടുതൽ വാദത്തിനായി ഒക്ടോബർ 13 ചൊവ്വാഴ്ചയിലേക്ക് മാറ്റി.

Content Highlight:Delhi Protests: Supreme Court rules against arbitrary detentions; directs that freedom of movement and metro services be ensured.