ന്യൂദല്‍ഹി: പൊലീസിന്റെ വിദ്യാര്‍ത്ഥി മര്‍ദ്ദനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തുന്നത് വരെ പാര്‍ലമെന്റിലെ ഭരണ-പ്രതിപക്ഷ സ്തംഭനാവസ്ഥ തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
‘അമിത് ഷാ പ്രസ്താവന നടത്തുന്നത് വരെ സഭ സ്തംഭനാവസ്ഥയിലായിരിക്കും,’ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. സമാനമായ നിലപാടിലാണ് പ്രതിപക്ഷ പാര്‍ട്ടികളും.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം അവസാനിക്കാന്‍ നാല് ദിവസം മാത്രമാണ് ശേഷിക്കുന്നത്. വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം, വിദേശ സംഭാവന നിയന്ത്രണ നിയമം (FCRA) തുടങ്ങിയ പ്രധാന ബില്ലുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
സുപ്രധാന ബില്ലുകള്‍ സഭയില്‍ കൊണ്ടുവരുന്നതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുകയാണ്. സര്‍ക്കാര്‍ നടത്തിയ അനുനയ നീക്കങ്ങളെത്തുടര്‍ന്ന് ഏതാനും പ്രതിപക്ഷ പാര്‍ട്ടികള്‍ വനിതാ സംവരണ, മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലുകളോടുള്ള തങ്ങളുടെ കടുപ്പിച്ച നിലപാടില്‍ അയവുവരുത്തിയിട്ടുണ്ട്.
എങ്കിലും കോണ്‍ഗ്രസും അതിന്റെ ഭൂരിഭാഗം സഖ്യകക്ഷികളും ഈ ബില്ലുകളും എഫ്.സി.ആര്‍.എ ഭേദഗതി ബില്ലും കൊണ്ടുവരുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന നിലപാടിലാണ്.
2029-ഓടെ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനും ലോക്സഭയിലെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനുമായി മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കുന്നതുമായ ഭരണഘടനാ ഭേദഗതി ബില്‍, മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ പരാജയപ്പെട്ടിരുന്നു.
2026-ലെ എഫ്.സി.ആര്‍.എ ഭേദഗതി ബില്‍ ഈ വര്‍ഷം മാര്‍ച്ച് 25-നാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. ചര്‍ച്ചയ്ക്കും പാസാക്കുന്നതിനുമായി ഈ ബില്‍ പരിഗണിക്കാനിരിക്കുകയാണ്.
വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില്‍ കുറുക്കുവഴിയിലൂടെ പാസാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെങ്കില്‍ അത് നടപ്പിലാക്കില്ല എന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
‘ഈ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില്‍ കുറുക്കുവഴിയിലൂടെ കൊണ്ടുവരാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നതെങ്കില്‍, ആ മോഹം അവര്‍ മനസ്സില്‍ വെച്ചാല്‍ മതി,’ എന്ന് വേണുഗോപാല്‍ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം ന്യൂനപക്ഷങ്ങളെയും എന്‍.ജി.ഒകളെയും ലക്ഷ്യമിട്ടുള്ളതാണെന്ന് പറഞ്ഞ വണുഗോപാല്‍, ഈ ബില്‍ പാസാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും വ്യക്തമാക്കി.
‘അമിത് ഷാ ഈ ജനവിരുദ്ധ ബില്‍ പാസാക്കാന്‍ വന്നാല്‍പോലും പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നതില്‍ സംശയമില്ല. ഈ ബില്‍ ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമാണ്. ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഇത്തരം ബില്ലുകള്‍ പാസാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ ആലപ്പുഴയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കെ.സി. വേണുഗോപാല്‍ പറഞ്ഞു.
വിദേശഫണ്ട് സ്വീകരിക്കുന്ന സംഘടനകളുടെ മേലുള്ള നിരീക്ഷണം കൂടുതല്‍ ശക്തമാക്കുന്നതാണ് എഫ്.സി.ആര്‍.എ ബില്‍. ലൈസന്‍സ് നഷ്ടപ്പെടുന്ന എന്‍.ജി.ഒകളുടെ ആസ്തികള്‍ കണ്ടുകെട്ടാനും കൈകാര്യം ചെയ്യാനുമായി ശക്തമായ പുതിയൊരു അതോറിറ്റി രൂപീകരിക്കാനും ഈ ബില്‍ വ്യവസ്ഥ ചെയ്യുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ ക്രിസ്ത്യന്‍ സംഘടനകളില്‍ നിന്നും ഈ ബില്ലിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.
ജൂലൈ 20-നാണ് മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ചത്. സമ്മേളനം പലതവണ പിരിഞ്ഞുപോവുകയും ചെയ്തിരുന്നു.
പബ്ലിക് എക്‌സാമിനേഷന്‍ അമന്‍ഡ്മെന്റ് ബില്‍-2026 സംബന്ധിച്ച ചര്‍ച്ചയല്ലാതെ കാര്യമായ മറ്റ് നടപടികളൊന്നും ഈ സമ്മേളനത്തില്‍ നടന്നിട്ടില്ല. ഈ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു.
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും മറ്റ് മൂന്ന് ബില്ലുകള്‍ ചെറിയ ചര്‍ച്ചകളോടെയോ ചര്‍ച്ചകള്‍ ഇല്ലാതെയോ ഇരുസഭകളും പാസാക്കിയിട്ടുണ്ട്. കൂടാതെ ലോക്സഭയില്‍ മറ്റ് രണ്ട് ബില്ലുകള്‍ പാസാക്കുകയും ചെയ്തു.
വളരെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെ, ഓഗസ്റ്റ് 10, 11, 12 തീയതികളില്‍ ലോക്സഭയിലും രാജ്യസഭയിലുമുള്ള തങ്ങളുടെ എം.പിമാര്‍ അതത് സഭകളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ട്.