ഓള്‍ഡ് ട്രാഫോര്‍ഡ്:  എവര്‍ടണ്‍ ടീമിന്റെ മുന്‍ കോച്ചായ ഡേവിഡ് മോയസിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ കോച്ചായി നിയമിച്ചു.

അലക്‌സ് ഫെര്‍ഗൂസണ്‍ മാഞ്ചസ്റ്ററിന്റെ പരിശീലക സ്ഥാനത്ത് നിന്ന് വിരമിച്ച സാഹചര്യത്തിലാണ് സ്‌കോട്‌ലന്റുകാരനായ ഡേവിഡ് മോയസ്് മാഞ്ചസ്റ്ററിന്റെ പരിശീലകനായി വേഷമിടാനൊരുങ്ങുന്നത്.[]

കഴിഞ്ഞ 26 വര്‍ഷമായി ഫെര്‍ഗൂസണായിരുന്നു മാഞ്ചസ്റ്ററിനെ മുന്നില്‍ നിന്ന് നയിച്ചിരുന്നത്.

1986 നവംബര്‍ ആറിനാണ് ഫെര്‍ഗൂസന്‍ മാഞ്ചസ്റ്ററിലെത്തുന്നത്. 26 വര്‍ഷത്തിനിടെ അദ്ദേഹം സ്വന്തമാക്കിയതോ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളും.

13 പ്രീമിയര്‍ ലീഗ് കിരീടങ്ങളുള്‍പ്പെടെ 38 ട്രോഫികള്‍ മാഞ്ചസ്റ്റര്‍ ഇക്കാലയളവില്‍ കരസ്ഥമാക്കി. ഫെര്‍ഗൂസന്‍ പരിശീലകനാകുന്നതിന് മുമ്പുള്ള ക്ലബ് ചരിത്രത്തില്‍ 108 വര്‍ഷംകൊണ്ട് 25 ട്രോഫികള്‍ നേടിയ സ്ഥാനത്താണ് ഇത്തരമൊരു നേട്ടത്തിലേക്ക് മാഞ്ചസ്റ്ററിനെ അദ്ദേഹം വളര്‍ത്തിയത്.

പതിനൊന്ന് വര്‍ഷത്തിനു ശേഷം എവര്‍ടെണ്ണില്‍ നിന്നും വിരമിച്ച മോയസിനെ അലക്‌സ് ഫെര്‍ഗൂസന്റെ ശുപാര്‍ശ പ്രകാരമാണ് നിയമിച്ചിരിക്കുന്നത്. ഈ സീസണ്‍ അവസാനത്തോടെ ജൂണ്‍ ഒന്നിന് മോയസ് സ്ഥാനമേല്‍ക്കും. ആറു വര്‍ഷത്തെ കരാറാണ് മോയസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ഒപ്പിട്ടിരിക്കുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നേതൃ സ്ഥാനം ഏറ്റെടുക്കുന്നതില്‍ അഭിമാനമുണ്ടെന്ന് മോയസ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് മോയസ് ഒരു പതിറ്റാണ്ട് നീണ്ട തന്റെ എവര്‍ടണ്‍ ജീവിതത്തോട് വിട പറഞ്ഞത്.

യുണൈറ്റഡിന്റെ മാനേജര്‍ സ്ഥാനത്തു നിന്നും വിരമിക്കുന്നതായി ഫെര്‍ഗൂസണ്‍ ഇന്നലെ ഔദ്യോഗികമായി അറിയിച്ചിരുന്നു.

ഞായറാഴ്ച നടക്കുന്ന സ്വെസ്‌നിയ്‌ക്കെതിരായ മത്സരമാണ് ഫെര്‍ഗൂസന്റെ അവസാനത്തെ ഹോം മത്സരം. തങ്ങളുടെ പ്രിയപ്പെട്ട മാനേജര്‍ക്ക് യാത്രയയപ്പ് നല്‍കാന്‍ ഓള്‍ഡ് ട്രാഫോഡിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തുമെന്നാണ് റിപ്പോര്‍ട്ട്.