സൗദി പ്രൊ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് അല്‍ നസര്‍. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അബ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസര്‍ വീഴ്ത്തിയത്.
കഴിഞ്ഞ മത്സരത്തില്‍ അല്‍ ഇത്തിഹാദിനോട് പരാജയപ്പെട്ട സൗദി വമ്പന്‍മാര്‍ ഈ മത്സരത്തില്‍ വിജയം സ്വന്തമാക്കി തിരിച്ചുവരികയായിരുന്നു. സീസണിലെ അല്‍ നസറിന്റെ അഞ്ചാം വിജയമായിരുന്നു ഇത്.
മത്സരത്തില്‍ അല്‍ നസറിന്റെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നു. 22ാം മിനിട്ടില്‍ ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് റൊണാള്‍ഡോ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. കോര്‍ണറില്‍ നിന്നുമായിരുന്നു റൊണാള്‍ഡോ ലക്ഷ്യം കണ്ടത്.
ഈ ഒറ്റ ഗോളോടെ ഫുട്‌ബോളില്‍ മറ്റൊരു വമ്പന്‍ റെക്കോഡും റൊണാള്‍ഡോ തന്റെ പേരിലാക്കി മാറ്റി. ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹെഡര്‍ ഗോളുകള്‍ താരമായാണ് റൊണാള്‍ഡോ മാറിയത്. 158 ഗോളുകളാണ് റൊണാള്‍ഡോ ഹെഡറിലൂടെ നേടിയത്. 157 ഗോളുകള്‍ നേടിയ സ്‌കോട്‌ലാന്‍ഡ് താരം ജിമ്മി മക്‌ഗ്രോയിയെ മറികടന്നാണ് പോര്‍ച്ചുഗീസ് ഇതിഹാസം ഈ നേട്ടം കൈവരിച്ചത്.
മത്സരത്തില്‍ നേടിയ ഗോളോടെ ഫുട്‌ബോളിലെ തന്റെ ഗോള്‍ നേട്ടം 979 ആക്കി ഉയര്‍ത്താനും റൊണാള്‍ഡോക്ക് സാധിച്ചു. 21 ഗോളുകള്‍ കൂടി നേടാന്‍ റൊണാള്‍ഡോക്ക് സാധിച്ചാല്‍ 1000 ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്കും റൊണാള്‍ഡോക്ക് നടന്നുകയറാന്‍ സാധിക്കും.
റൊണാള്‍ഡോ തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് റയല്‍ മാഡ്രിഡിന് വേണ്ടിയാണ്. 450 തവണയാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിന് വേണ്ടി ലക്ഷ്യം കണ്ടത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം രണ്ട് കാലഘട്ടങ്ങളിലായി കളത്തിലിറങ്ങിയ റൊണാള്‍ഡോ 145 ഗോളുകളും സ്വന്തമാക്കി. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനായി 101 ഗോളുകളും സ്പോര്‍ട്ടിങ്ങിന് വേണ്ടി അഞ്ച് ഗോളുകളും റൊണാള്‍ഡോ നേടി. പോര്‍ച്ചുഗലിന് വേണ്ടി 146 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. സൗദി ക്ലബ്ബിന് വേണ്ടി 132 ഗോളുകളും നേടിയാണ് റൊണാള്‍ഡോ കുതിക്കുന്നത്.

അതേസമയം മത്സരത്തില്‍ റൊണാള്‍ഡോയുടെ ഗോളില്‍ ലീഡ് നേടിയ അല്‍ നസറിന് വേണ്ടി അബുദുള്ള അല്‍ ഹംദാന്‍ 58ാം മിനിട്ടില്‍ രണ്ടാം ഗോളും സ്വന്തമാക്കിയതോടെ അല്‍ നാസര്‍ മത്സരം പൂര്‍ണമായും സ്വന്തമാക്കുകയായിരുന്നു. അബക്ക് വേണ്ടി നെബില്‍ ഫെഖീര്‍ ആണ് ആശ്വാസ ഗോള്‍ നേടിയത്.
നിലവില്‍ സൗദി ലീഗ് പോയിന്റ് പട്ടികയില്‍ രണ്ടാവും സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും. ആറ് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും ഒരു തോല്‍വിയുമായി 15 പോയിന്റാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും അക്കൗണ്ടിലുള്ളത്. സൗദി ലീഗില്‍ സെപ്റ്റംബര്‍ 12ന് അല്‍ ഖലീജിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
Content Highlight: Cristiano Ronaldo create a historical record in football
