ന്യൂദല്‍ഹി: മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കവെ ജോണ്‍ ബ്രിട്ടാസ് എം.പിയെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് കേന്ദ്രസേനയും ദല്‍ഹി പൊലീസും ചേര്‍ന്ന് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയത്.

കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് ക്രൂരമായി ആക്രമിച്ചെന്നും പരിക്കേറ്റ നിലയില്‍ റോഡരികില്‍ ഇറക്കിവിട്ടുവെന്നും അദ്ദേഹം പറഞ്ഞു. എം.പിയാണെന്ന് പറഞ്ഞിട്ടും നാല് പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ഒരു എം.പിയുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്താകുമെന്ന് അദ്ദേഹം ചോദിച്ചു. ഇടത് വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധത്തിനിടെ നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയതായിരുന്നു എം.പി.

‘163 പിന്‍വലിക്കണമെന്ന് സുപ്രീം കോടതി വ്യക്തമായി പറഞ്ഞതാണ്. ദല്‍ഹി പോലീസിന്റെ ഏല്ലാ നടപടികളും സുപ്രീം കോടതി തള്ളിയതാണ്. ഇത് ജനാധിപത്യമാണോ? ഇന്റര്‍നെറ്റ് കട്ട് ചെയ്തിരിക്കുകയാണ്. പ്രതിഷേധക്കാരുടെ സ്വകാര്യത ലംഘിക്കപ്പെടുകയാണ്. സുപ്രീം കോടതിയോടോ നിയമത്തോടോ ദല്‍ഹി പൊലീസിന് ബഹുമാനമില്ല’, ജോണ്‍ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.

അവരാണ് സുപ്രീം കോടതിയും പാര്‍ലമെന്റും സര്‍ക്കാരും എന്നാണ് ദല്‍ഹി പൊലീസ് വിചാരിച്ചിരിക്കുന്നതെന്നും അവരാണോ രാജ്യം ഭരിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

‘എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശിനെ വലിച്ചിഴച്ച് തലയടിച്ചുപൊട്ടിച്ച് ചോരയൊലിച്ച് കൊണ്ടിരിക്കുകയാണ്. ബസിലിട്ട് എങ്ങോട്ടോ കൊണ്ടുപോയിരിക്കുകയാണ്. സുപ്രീംകോടതി പറഞ്ഞതിനെപ്പറ്റി അവര്‍ക്കറിവുണ്ട്. നിയമത്തിനും സുപ്രീം കോടതിയ്ക്കും എതിരായാണ് ദല്‍ഹി പൊലീസ് പ്രവര്‍ത്തിക്കുന്നത്. ഭരണഘടനയ്‌ക്കെതിരെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്,’ എം.പി പറഞ്ഞു.

ദല്ഹി പൊലീസ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ പൊലീസ് ജോണ്‍ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Content Highlight: : CPI(M) MP John Brittas was dragged and detained by Delhi Police while addressing the media.