ഹൈദരാബാദ്: തെലങ്കാനയിലെ ദേവരക്കൊണ്ട മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് ദളിത് യുവതിയെ തല്ലിയതായി ആരോപണം. മല്ലേപ്പള്ളി ഗ്രാമത്തില്‍ നടന്ന ഗ്രാമസഭയ്ക്കിടെ നടന്ന തര്‍ക്കത്തെത്തുടര്‍ന്ന് ദളിത് യുവതിയെ തല്ലുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു.
വനിതാസംഘത്തിനുള്ള ഫണ്ടിനെച്ചൊല്ലി വില്ലേജ് ഓഫീസ് അസിസ്റ്റന്റ് ആയ മാധവിയെ കോണ്‍ഗ്രസ് നേതാവ് അമര്‍നാഥ് ഗൗഡ് പൊതുജനമധ്യത്തില്‍ വെച്ച് തല്ലുകയും മുടിയില്‍ പിടിച്ച് വലിക്കുകയുമായിരുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയോട് ചോദിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നിങ്ങളുടെ നേതാക്കള്‍ പുരുഷാധിപത്യത്തെയല്ല, സ്ത്രീകളുടെ അന്തസിനെയാണ് തകര്‍ക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി എക്‌സില്‍ കുറിച്ചു.
‘ഇത് രാഷ്ട്രീയ അഹങ്കാരവും അധികാര ദുരുപയോഗവും അപമാനവുമാണ്. ഇങ്ങനെയുള്ള വിഷയത്തില്‍ എല്ലായ്‌പോഴും എന്ന പോലെ നിങ്ങളെ എവിടെയും കാണാനില്ല. ഈ വിഷയത്തില്‍ നിങ്ങള്‍ പൂര്‍ണമായും നിശബ്ദനാണ്’, കുറിപ്പില്‍ പറയുന്നു.
Content Highlight: Congress leader beats up Dalit women in Telengana.
