പിറന്നു വീണ കുഞ്ഞിന് പാല്‍ നല്‍കരുതെന്ന് വാശി പിടിച്ച മുക്കത്തെ യുവാവും, ക്രൂരത ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചയാളും നല്ല “ചികിത്സ” ആവശ്യമുള്ളവരാണെന്നതില്‍ സംശയമില്ലെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കളക്ടര്‍ വ്യക്തമാക്കി.
കോഴിക്കോട്: മുക്കത്ത് നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി കോഴിക്കോട് കളക്ടര്‍ പി. പ്രശാന്ത്.
പിറന്നു വീണ കുഞ്ഞിന് പാല്‍ നല്‍കരുതെന്ന് വാശി പിടിച്ച മുക്കത്തെ യുവാവും, ക്രൂരത ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചയാളും നല്ല “ചികിത്സ” ആവശ്യമുള്ളവരാണെന്നതില്‍ സംശയമില്ലെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കളക്ടര്‍ വ്യക്തമാക്കി. മനുഷ്യനന്മയ്ക്കും നല്ലതിനുമാകണം വിശ്വാസം, അത് ഏതായാലും എന്തിന്റെ പേരിലായാലും നവജാത ശിശുവിനെ പട്ടിണിക്കിടാന്‍ ഒരു മതവും പറയുമെന്ന് കരുതാന്‍ വയ്യെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നവജാതശിശുവിന് വേണ്ട പരിചരണവും മുലപ്പാലും നല്‍കാത്ത വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കുറ്റക്കാരയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും പിഞ്ചുകുഞ്ഞിന്റെ ജീവന്‍ സംരക്ഷിക്കാനും പോലീസിനും ബന്ധപ്പെട്ടവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. നിയമപരമായ നടപടികളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.
ഈ വിഷയത്തില്‍ സത്വരമായി ഇടപെട്ട് ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെ തന്നെ കുഞ്ഞിന് മുലപ്പാല്‍ നല്‍കാനും കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനും വേണ്ട കര്‍ശനമായ നടപടികള്‍ സ്വീകരിച്ച താമരശേരി ഡി.വൈ.എസ്.പിക്കും മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വിഷയം പൊതുജന ശ്രദ്ധയിലെത്തിക്കാനുള്ള മാധ്യമ ജാഗ്രതയ്ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഓമശ്ശേരി സ്വദേശി അബൂബക്കറെന്നയാളാണ് തങ്ങളുടെ നിര്‍ദേശമുണ്ടെന്ന് പറഞ്ഞ് കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതില്‍ നിന്നും മാതാവിനെ വിലക്കിയത്. മുക്കം ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ ബുധനാഴ്ച പകല്‍ രണ്ട് മണിയോടെയാണ് ഇയാളുടെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞ് കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അബൂബക്കര്‍ ഇടപെട്ട് വിലക്കുകയായിരുന്നു. പള്ളിയില്‍ നിന്ന് ബാങ്ക് അഞ്ചുതവണ വിളിക്കാതെ കുഞ്ഞിന് മുലപ്പാലോ വെള്ളമോ നല്‍കാന്‍ പാടില്ലെന്ന് അബൂബക്കര്‍ നിര്‍ബന്ധം പിടിച്ചു. അതായത് മുലപ്പാല്‍ നല്‍കാന്‍ ഇരുപത്തിനാല് മണിക്കൂര്‍ കാത്തിരിക്കേണ്ടി വരും.
തനിക്ക് ഇക്കാര്യത്തില്‍ കളംതോട് സ്വദേശിയായ ഹൈദ്രോസ് തങ്ങളുടെ നിര്‍ദേശമുണ്ടെന്നും കുട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും അബൂബക്കര്‍ പറയുകയായിരുന്നു. ഇത്രയും നേരം കുഞ്ഞിന് മുലപ്പാല്‍ നല്‍കാതിരിക്കുന്നത് കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ വഴങ്ങിയില്ല. പിന്നീട് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അബൂബക്കറുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് കുഞ്ഞിന്റെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആശുപത്രി അധികൃതര്‍ ഉത്തരവാദിയല്ലെന്ന് അബൂബക്കറില്‍ നിന്ന് ഒപ്പിട്ട് വാങ്ങിയ ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
