കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ജന്തര്‍ മന്തര്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേരളത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടികള്‍ സ്വീകരിക്കുന്നതായി സി.ജെ.പി കേരള ഘടകം. സി.ജെ.പി കേരളത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ സംഘടനയുടെ സൗത്ത് സോണ്‍ കോഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ ഇഷ മറിയം ഹാരിസ്, സനൂപ് ദേവ് എന്നിവരാണ് ഈ കാര്യം അറിയിച്ചത്.
ഐക്യദാര്‍ഢ്യ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ ചോദിക്കുകയും വീട്ടിലേക്ക് പോയി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി വീഡിയോയില്‍ പറയുന്നു. ‘ പങ്കെടുക്കുന്ന ആളുകളുടെ പേരുവിവരങ്ങള്‍ ചോദിക്കുക, അവരുടെ വീടുകളിലേക്ക് പോവുക, പ്രതിഷേധത്തില്‍ പങ്കെടുത്തു കഴിഞ്ഞാല്‍ പോലീസ് കേസ് വരും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുക,’ എന്നിവ പൊലീസ് ചെയ്യുന്നുവെന്നും വീഡിയോയില്‍ സൗത്ത് സോണ്‍ കോഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
അതേസമയം, സൗത്ത് സോണ്‍ കമ്മിറ്റി അംഗവും മലയാളിയുമായ ഫിറോസ് ഖാന്‍ ഖസാലിയെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തതായും സി.ജെ.പി കേരള ഘടകം അറിയിച്ചു. സൗത്ത് സോണ്‍ കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വിജയ് മല്ലങ്കി അടക്കമുള്ളവരും ദല്‍ഹിയില്‍ കസ്റ്റഡിയിലാണെന്നും അവര്‍ പറഞ്ഞു.
‘ദഹിയില്‍ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ പോലെ ജന്തര്‍ മന്തറിലെ പ്രതിഷേധക്കാരെ എല്ലാം കസ്റ്റഡിയില്‍ എടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും തട്ടിക്കൊണ്ട് പോകുന്നതും അവരെ ഉപദ്രവിക്കുന്നതും നമ്മള്‍ കാണുന്നുണ്ട്. ഇപ്പോ ഏറ്റവും പുതിയ വിവരം അനുസരിച്ച് സൗത്ത് സോണ്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി മെമ്പറില്‍ ഒരാളായിട്ടുള്ള കേരളത്തില്‍ നിന്നുള്ള ഫിറോസ് ഖാന്‍ ഖസാലിയെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
ഫിറോസിനെ മാത്രമല്ല വിജയ് മല്ലങ്കിയെയും തെലങ്കാന തമിഴ്‌നാട് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍മാര്‍ അടക്കം പ്രതിഷേധിക്കുന്ന എല്ലാ ആളുകളെയും കസ്റ്റഡിയില്‍ എടുത്തുകൊണ്ടിരിക്കുകയാണ്,’ സി.ജെ.പി കേരള നേതാക്കള്‍ അറിയിച്ചു. ഈ സമയത്ത് പോലും ദല്‍ഹി പോലീസിന്റെ നടപടികള്‍ തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് ഒരു തെരഞ്ഞെടുപ്പ് കമ്മീഷണറെ സംരക്ഷിക്കാന്‍ ആയിട്ട് ഇത്രയധികം നടപടി സ്വീകരിക്കുന്നത്. നമ്മള്‍ തെരഞ്ഞെടുപ്പിലെ പ്രശ്‌നങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെടുമ്പോള്‍, നല്ല ഉദ്ദേശത്തോടെ യുള്ള മാറ്റങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ എന്തിനാണ് നിങ്ങള്‍ ഇത്ര ഭയക്കുന്നത്. ഇതില്‍ നിന്ന് തന്നെ വ്യക്തമാണ് ജ്ഞാനേഷ് കുമാറിന്റെ പിന്നില്‍ ആരാണ് എന്നുള്ളത്,’ സി.ജെ.പി നേതാക്കള്‍ പറഞ്ഞു.
അതേസമയം ദല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിച്ച തന്നെയും സി.ജെ.പിയുടെ മറ്റ് പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും മര്‍ദിക്കുകയും ചെയ്തതായി ഫിറോസ് ഖസാലി ഒരു വീഡിയോയില്‍ പറഞ്ഞു. പൊലീസ് വാഹനത്തില്‍ നിന്ന് ഷൂട്ട് ചെയ്ത ഫിറോസിന്റെ വീഡിയോ സി.ജെ.പി കേരളം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
പൊലീസ് അതി ക്രൂരമായാണ് പെരുമാറിയത്. ഭൂരിപക്ഷം പ്രവര്‍ത്തകരെയും പൊലീസ് തല്ലിച്ചതച്ചിരുന്നു. വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത തങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് അറിയില്ലെന്നും ഫിറോസ് പറഞ്ഞു. ഇടിമുറി പോലുള്ള വാഹനത്തിലാണ് തങ്ങളെ കൊണ്ടു പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: CJP South Zone Leaders About Detention and Police Action Against South Indian Leaders
