സി.ജെ.പിക്ക് മുപ്പത് മില്ല്യണ്‍ വ്യൂ; ബി.ജെപിക്ക് പത്ത് മില്ല്യണ്‍ മാത്രം: ഇത് അനുവദിക്കാനാവില്ല: മെറ്റയ്‌ക്കെതിരെ ബി.ജെ.പി
India
സി.ജെ.പിക്ക് മുപ്പത് മില്ല്യണ്‍ വ്യൂ; ബി.ജെപിക്ക് പത്ത് മില്ല്യണ്‍ മാത്രം: ഇത് അനുവദിക്കാനാവില്ല: മെറ്റയ്‌ക്കെതിരെ ബി.ജെ.പി
നിഷാന. വി.വി
Wednesday, 5th August 2026, 3:42 pm

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റയ്‌ക്കെതിരെ ആരോപണവുമായി
വാര്‍ത്താവിനിമയ-വിവരസാങ്കേതികവിദ്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ഡോ. നിഷികാന്ത് ദുബെ.

മെറ്റ ജനാധിപത്യപരമായ മൂല്യങ്ങള്‍ക്കും ഉള്ളടക്കങ്ങള്‍ക്കും അനാവശ്യ പ്രചാരവും മുന്‍ഗണനയും നല്‍കുകയാണെന്ന് ദുബെ ആരോപിച്ചു. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ സന്ദേശങ്ങളേക്കാള്‍ വ്യാപ്തി ഭരണകൂട വിരുദ്ധ ഉള്ളടക്കങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അല്‍ഗോരിതം വ്യതിയാനമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പാര്‍ലമെന്ററി പാനല്‍ അധ്യക്ഷന്‍ മെറ്റയ്ക്കെതിരെ ശക്തമായി രംഗത്തുവന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഫേസ്ബുക്ക് റീല്‍സ് വീഡിയോ മെറ്റ മണിക്കൂറുകളോളം നീക്കം ചെയ്ത സംഭവത്തിന് പിന്നാലെ വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു മെറ്റ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ദുബെയുടെ ആരോപണം.

‘കോക്രോച്ച് ജനതാ പാര്‍ട്ടി’ പോലെയുള്ള സംഘടനകള്‍ക്കും സംവരണ വിരുദ്ധ മുന്നേറ്റങ്ങള്‍ക്കും അമിത പ്രചാരം ലഭിക്കുന്നുണ്ടെന്ന് ദുബെ പറഞ്ഞു. ‘കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ സംവരണ വിരുദ്ധ ഉള്ളടക്കങ്ങള്‍ക്ക് 8 ദശലക്ഷം കാഴ്ചക്കാരെ ലഭിച്ചപ്പോള്‍ സി.ജെ.പിക്ക് 30 ദശലക്ഷം വ്യൂസാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘എന്നാല്‍, ബി.ജെ.പിക്ക് 10 ദശലക്ഷവും കോണ്‍ഗ്രസിന് 15 ദശലക്ഷവും സമാജ്വാദി പാര്‍ട്ടിക്ക് രണ്ട് ദശലക്ഷവും ആം ആദ്മി പാര്‍ട്ടിക്ക് ഒരു ദശലക്ഷവും കാഴ്ചക്കാരെ മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കും ജനപ്രതിനിധികള്‍ക്കും നല്‍കേണ്ട പ്രാധാന്യം നല്‍കാതെ ഇത്തരം വിഭാഗങ്ങളെ മെറ്റ എന്തുകൊണ്ടാണ് പ്രോത്സാഹിപ്പിക്കുന്നത്,’ നിഷികാന്ത് ദുബെ പാര്‍ലമെന്ററി പാനലില്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു.

മെറ്റ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ കമ്പനികള്‍ വെര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍ (വി.പി.എന്‍) വഴി എത്തുന്ന ഉപയോക്താക്കളുടെ വ്യക്തമായ കണക്കുകള്‍ വെളിപ്പെടുത്താന്‍ മടിക്കുന്നത് സുരക്ഷാ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പങ്കുവെച്ച വീഡിയോ ഫേസ്ബുക്കില്‍ നിന്ന് ആഗസ്റ്റ് മൂന്ന് അര്‍ധരാത്രി 12:30 മുതല്‍ പുലര്‍ച്ചെ 5:30 വരെ അഞ്ചര മണിക്കൂറോളം നീക്കം ചെയ്ത സംഭവം അതീവ ഗുരുതരമാണെന്ന് പാര്‍ലമെന്ററി കമ്മിറ്റി വിലയിരുത്തി. സംഭവത്തില്‍ മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഔദ്യോഗികമായി മാപ്പ് പറയണമെന്നും പാനല്‍ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയുടെ സന്ദേശം പോലും സുരക്ഷിതമല്ലെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്നും കേവലം സാങ്കേതിക പിഴവെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ മെറ്റയെ അനുവദിക്കില്ലെന്നും ഉത്തരവാദിത്തം നിശ്ചയിച്ച് നിയമനടപടി സ്വീകരിക്കുമെന്നും പാനല്‍ അറിയിച്ചു.

ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള അശ്ലീല-ലൈംഗിക ഉള്ളടക്കങ്ങള്‍ കൃത്യസമയത്ത് നീക്കം ചെയ്യുന്നതില്‍ മെറ്റ, ഗൂഗിള്‍, സ്‌നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ വന്‍ പരാജയമാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് വിവരസാങ്കേതികവിദ്യ നിയമപ്രകാരം നല്‍കിയിട്ടുള്ള ‘സേഫ് ഹാര്‍ബര്‍’ സംരക്ഷണം റദ്ദാക്കാന്‍ പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചു. ഐ.ടി ആക്ട് 2000 പ്രകാരം ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് നല്‍കിയിരുന്ന തടസരഹിത സംരക്ഷണമാണ് ‘സേഫ് ഹാര്‍ബര്‍’.

സോഷ്യല്‍ മീഡിയ കമ്പനികള്‍ ഇത് ദുരുപയോഗം ചെയ്യുകയാണെന്നും, അശ്ലീല ഉള്ളടക്കങ്ങളും രാജ്യവിരുദ്ധ സന്ദേശങ്ങളും നിയന്ത്രിക്കാന്‍ തയ്യാറായില്ലെങ്കില്‍ ബാധ്യതകളില്‍നിന്ന് പ്ലാറ്റ്ഫോമുകളെ ഒഴിവാക്കുന്ന ഈ നിയമപരിരക്ഷ പിന്‍വലിക്കുമെന്നും എം.പിമാര്‍ മുന്നറിയിപ്പ് നല്‍കി.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ഐ.ടി മന്ത്രാലയ സെക്രട്ടറി എസ്. കൃഷ്ണന്‍ എന്നിവരും മെറ്റ, ഗൂഗിള്‍, എക്‌സ്, സ്‌നാപ്ചാറ്റ് പ്രതിനിധികളും സന്നിഹിതരായ യോഗത്തിലാണ് അല്‍ഗോരിതം പക്ഷപാതത്തിനെതിരെയും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ചകള്‍ക്കെതിരെയും പാര്‍ലമെന്ററി പാനല്‍ കടുത്ത നിലപാട് സ്വീകരിച്ചത്.

Content Highlight: CJP gets 30 million views, BJP only 10 million; this cannot be allowed: BJP against Meta.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.