ഒക്ടോബര്‍ മാസത്തില്‍ കാര്യപ്പെട്ട രണ്ട് പാന്‍ ഇന്ത്യന്‍ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. രജിനികാന്ത് നായകനായ ജയിലര്‍ 2വും വിജയ് ദേവരകൊണ്ട നായകനായ രണബാലിയുമായാണ് ദശമിയ്ക്ക് കൊമ്പുകോര്‍ക്കാനൊരുങ്ങുന്നത്. കൂട്ടത്തില്‍ തൊണ്ണൂറുശതമാനം പേരും കാത്തിരിക്കുന്നത് ജയിലര്‍ 2വിനാണെന്ന് സംശയമേതുമില്ലാതെ പറയാം. 2023ല്‍ പുറത്തിറങ്ങിയ ആദ്യഭാഗത്തിലൂടെ ഉണ്ടാക്കിവെച്ച ഹൈപ്പ് തന്നെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നതിനുള്ള പ്രധാന കാരണം.

ജയിലര്‍ 2. Photo: District

കന്നടയില്‍ നിന്നും ശിവരാജ് കുമാറും മലയാളത്തില്‍ നിന്നും മോഹന്‍ലാലും ചിത്രത്തില്‍ പവര്‍ഫുള്‍ കാമിയോ റോളിലെത്തിയതോടെ ജയിലര്‍ വമ്പന്‍ കളക്ഷനായിരുന്നു സ്വന്തമാക്കിയത്. രണ്ടാം ഭാഗത്തില്‍ ഇവര്‍ക്കൊപ്പം ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷനും വരുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആയിരം കോടിയില്‍ കുറഞ്ഞതൊന്നും ജയിലര്‍ 2 പ്രതീക്ഷിക്കുന്നില്ല. എല്ലാം ഒത്തുവന്നാല്‍ പല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാനും ജയിലര്‍ 2ന് സാധിക്കും.

എന്നാല്‍ ഇതിനൊരു ഭീഷണിയെന്നോണമാണ് വിജയ് ദേവരകൊണ്ടയുടെ രണബാലി റിലീസിനെത്തുന്നത്. പീരിയഡ് ആക്ഷന്‍ ഡ്രാമയായി രാഹുല്‍ സാങ്ക്രിത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രണബാലി. പത്തൊമ്പതാം നൂറ്റാണ്ടിലെ സംഭവങ്ങളെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായെത്തുന്നത്. വിവാഹശേഷം വിജയിയും രശ്മികയും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും രണബാലിയ്ക്കുണ്ട്.

ദി മമ്മി എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തി നേടിയ അര്‍ണോള്‍ഡ് വോസ്‌ലൂ പ്രധാനവേഷത്തിലെത്തുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായാണ് തയ്യാറെടുക്കുന്നതെങ്കിലും രണാബലിയ്ക്ക് വേണ്ട വിധത്തിലുള്ള ഹൈപ്പ് സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കാണാം. ചിത്രത്തിന്റെതായി പുറത്തുവന്ന രശ്മികയുടെയും വിജയിയുടെയും അഭിമുഖത്തിന് വലിയ ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു.

രണബാലി. Photo: Wion

ചിത്രവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ജയിലര്‍ 2 കാണണമെന്ന് പലരും പറയുന്നതിനെ കുറിച്ച് വിജയ് ദേവരകൊണ്ട സംസാരിച്ചിരുന്നു. രണബാലിക്കെതിരെ മനപൂര്‍വം ഡീഗ്രേഡ് ചെയ്യുകയാണെന്നായിരുന്നു താരം പറഞ്ഞത്. അതേസമയം ജയിലര്‍ 2വിന് പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിക്കുകയാണെങ്കില്‍ പാണ്ടിലോറിക്കടിയില്‍ പെട്ട തവളയുടെ അവസ്ഥയായിരിക്കും രണബാലിയുടേതെന്നും പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Cinema world to witness  clash between Ranabaali and Jailer 2