നിങ്ങള്‍ക്കൊരു ഉപദേശം തരാം... ഒരു കാരണവശാലും ഡൂംസ്‌ഡേയുടെ കൂടെ റിലീസ് വെക്കരുത്; കിങ്ങിന്റെ റിലീസ് മാറ്റാന്‍ നിര്‍ദേശിച്ച് സോഷ്യല്‍ മീഡിയ
Indian Cinema
നിങ്ങള്‍ക്കൊരു ഉപദേശം തരാം... ഒരു കാരണവശാലും ഡൂംസ്‌ഡേയുടെ കൂടെ റിലീസ് വെക്കരുത്; കിങ്ങിന്റെ റിലീസ് മാറ്റാന്‍ നിര്‍ദേശിച്ച് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Monday, 24th August 2026, 7:20 am

ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ ഒരു റെക്കോഡ് പോലും ബാക്കിവെക്കാതെ എല്ലാം തൂത്തെറിയുമെന്ന് ഉറപ്പുള്ള ചിത്രമാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. മാര്‍വലിന്റെ ബ്രഹ്‌മാസ്ത്രമായി ഒരുങ്ങുന്ന ചിത്രം ഡിസംബര്‍ 18നാണ് തിയേറ്ററുകളിലെത്തുന്നത്. ലോകമെമ്പാടുമുള്ള സ്‌ക്രീനുകളില്‍ പലതും ഡൂംസ്‌ഡേയ്ക്കായി ഒരുങ്ങുകയാണ്.

ഇന്ത്യയിലും ഗംഭീര വരവേല്പ് തന്നെയാകും ഡൂംസ്‌ഡേയ്ക്ക് ലഭിക്കുക. മാര്‍വലിന്റെ സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ 300 കോടിയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. എല്ലാം ഒത്തുവന്നാല്‍ ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യദിനം 100 കോടിക്കടുത്ത് ഡൂംസ്‌ഡേയ്ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് റിലീസ് ചെയ്യുന്ന ഇന്ത്യന്‍ സിനിമകളുടെ കളക്ഷനെ ഡൂംസ്‌ഡേയുടെ കുതിപ്പ് ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

അത്തരത്തില്‍ ഡിസംബര്‍ റിലീസിനെത്തുന്ന വമ്പന്‍ ചിത്രങ്ങളിലൊന്നാണ് ഷാരൂഖ് ഖാന്റെ കിങ്. രണ്ടര വര്‍ഷത്തിന് ശേഷം ബോളിവുഡ് ബാദ്ഷാ നായകനായെത്തുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റെല്ലാം പ്രതീക്ഷ നല്‍കുന്നവയായിരുന്നു. എന്നാല്‍ ഡിസംബര്‍ റിലീസില്‍ നിന്ന് കിങ് പിന്മാറുന്നതാണ് നല്ലതെന്ന് ചില സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഡൂംസ്‌ഡേ റിലീസ് ചെയ്ത് ഒരാഴ്ചക്ക് ശേഷമാണ് കിങ് തിയേറ്ററുകളിലെത്തുന്നത്. ഓവര്‍സീസില്‍ കിങ്ങിന് ഡൂംസ്‌ഡേ കാരണം സ്‌ക്രീനുകള്‍ കുറയുമെന്നാണ് വിലയിരുത്തല്‍. പ്രീമിയം ലാര്‍ജ് ഫോര്‍മാറ്റ് സ്‌ക്രീനുകളെല്ലാം ഡൂംസ്‌ഡേയ്ക്കും ഐമാക്‌സ് സ്‌ക്രീനുകളെല്ലാം ഡ്യൂണ്‍ 3ക്കും പോകുമ്പോള്‍ സാധാരണ സ്‌ക്രീനുകള്‍ മാത്രമാകും കിങ്ങിന് ലഭിക്കുക.

ഇതിന് പിന്നാലെ ക്ലാഷ് വെക്കാന്‍ ജുമാന്‍ജി ഓപ്പണ്‍ വേള്‍ഡ്, ആംഗ്രി ബേര്‍ഡ്‌സ് എന്നീ ചിത്രങ്ങളും കൂടിയെത്തുമ്പോള്‍ ബോക്‌സ് ഓഫീസില്‍ കിങ്ങിന് ശ്വാസം മുട്ടുമെന്നും സിനിമാപേജുകള്‍ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറാണെങ്കിലും കിങ്ങിനെ ആരും മൈന്‍ഡ് ചെയ്‌തേക്കില്ലെന്നും കമന്റുകളുണ്ട്.

2023ലെ ക്ലാഷാണ് ഇതിന് മാതൃകയായി പലരും ചൂണ്ടിക്കാണിക്കുന്നത്. ഷാരൂഖിന്റെ ഡങ്കിയും പ്രഭാസിന്റെ സലാറും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് സിനിമകളും ആവറേജിലൊതുങ്ങി. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ്ങില്‍ അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

Content Highlight: Cinema pages suggesting to change the release date of King movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം