ബജറ്റ് 20000, കളക്ഷന്‍ 24 കോടി... ബോക്‌സ് ഓഫീസില്‍ സര്‍പ്രൈസ് ഹിറ്റായി 'ഏറ്റവും മോശം അനിമേഷന്‍ ചിത്രം'
World Cinema
ബജറ്റ് 20000, കളക്ഷന്‍ 24 കോടി... ബോക്‌സ് ഓഫീസില്‍ സര്‍പ്രൈസ് ഹിറ്റായി 'ഏറ്റവും മോശം അനിമേഷന്‍ ചിത്രം'
അമര്‍നാഥ് എം.
Thursday, 20th August 2026, 7:10 am

ചൈനീസ് സിനിമാ ചരിത്രത്തിലെ ഏറ്റവും മോശം അനിമേഷന്‍ ചിത്രമെന്ന് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ട ഒരു സിനിമ ഇന്ന് ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിക്കുകയാണ്. നിയു ലായ് എന്ന അനിമേഷന്‍ സിനിമയാണ് ഇപ്പോള്‍ സിനിമാലോകത്തെ ഏറ്റവും വലിയ ചര്‍ച്ച. ബജറ്റിന്റെ 45 ഇരട്ടിയാണ് ഈ സിനിമ കളക്ട് ചെയ്തത്.

ചൈനയില്‍ ആദ്യത്തെ 10 ദിവസം കാണാനാളില്ലാതെ വാഷൗട്ടിന്റെ വക്കിലെത്തിയ സിനിമയെ പിന്നീട് ഇന്റര്‍നെറ്റില്‍ കള്‍ട്ട് സ്റ്റാറ്റസ് സ്വന്തമാക്കുകയായിരുന്നു. ആദ്യത്തെ ആഴ്ച വെറും 300ല്‍ താഴെ ആളുകളാണ് ചിത്രം കാണാനുണ്ടായിരുന്നത്. നിരൂപകര്‍ അങ്ങേയറ്റം കീറിമുറിച്ച ഒരു സിനിമ ഓണ്‍ലൈനിലൂടെ ഹിറ്റായി. സിനിമയോടൊപ്പം അതിന്റെ പിന്നാമ്പുറ കഥയും പലരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഒരു അമ്മയും മകനും ചേര്‍ന്നാണ് ഈ സിനിമ അണിയിച്ചൊരുക്കിയത്. മകന്റെ ആഗ്രഹത്തിന് വേണ്ടി അനിമേഷന്‍ പഠിച്ച് അഞ്ച് വര്‍ഷം കൊണ്ടാണ് ഇരുവരും ഈ സിനിമ ഒരുക്കിയത്. വലിയ സ്റ്റുഡിയോയുടെ പിന്തുണയൊന്നുമില്ലാതെ ഒരുക്കിയ നിയു ലായ് ബോക്‌സ് ഓഫീസ് ട്രെന്‍ഡിങ്ങില്‍ സ്‌പൈഡര്‍മാന്‍; ബ്രാന്‍ഡ് ന്യൂ ഡേ, ഒഡീസി എന്നീ സിനിമകളെ പിന്തള്ളിയിരിക്കുകയാണ്.

1600 യുവാന്‍ (20000 രൂപ) ആണ് ചിത്രത്തിന്റെ ബജറ്റ്. ഏറ്റവും മോശം സിനിമ ഒന്ന് കാണണമല്ലോ എന്ന ചിന്താഗതിയോടെയാണ് പലരും ഈ ചിത്രത്തെ സമീപിച്ചത്. കണ്‍ഫ്യൂഷനാക്കുന്ന കഥഗാതി, മോശം ഡബ്ബിങ്, ഫ്‌ളോയില്ലാത്ത അനിമേഷന്‍ എന്നിങ്ങനെ ഒരുപാട് നെഗറ്റീവുകള്‍ക്കിടയിലാണ് ഈ സിനിമ ചരിത്രവിജയം സ്വന്തമാക്കുന്നത്.

വേണ്ട രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ആളില്ലാത്തതുകൊണ്ട് സിനിമ കണ്ട ആളുകള്‍ തന്നെയാണ് പടത്തിന്റെ പോസ്റ്ററുകള്‍ ഒട്ടിച്ചതും മാര്‍ക്കറ്റ് ചെയ്തതും. ചിത്രത്തിന്റെ തിയേറ്റര്‍ ക്ലിപ്പുകളും ഇതിനോടകം വൈറലായി. ഓരോ സീനിനും ആളുകള്‍ ചിരിക്കുന്നതും പരിഹസിക്കുന്നതും വീഡിയോയില്‍ കാണാനാകും. വരും ദിവസങ്ങളില്‍ ചിത്രത്തിന്റെ കളക്ഷന്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

വലിയ സൂപ്പര്‍താര സിനിമകളില്‍ വരെ എ.ഐ ഉപയോഗിക്കുന്ന സമയത്ത് ഒരു സീനിനും എ.ഐ ഉപയോഗിക്കാതെ, മാക്‌സിമം പ്രാക്ടിക്കല്‍ അനിമേഷനാണ് ഈ അമ്മയും മകനും ഉപയോഗിച്ചത്. അഞ്ച് വര്‍ഷത്തെ അധ്വാനത്തിന് കുറച്ച് വൈകിയാണെങ്കിലും നല്ലൊരു റിസല്‍ട്ട് കിട്ടിയതും സിനിമാലോകത്ത് ചര്‍ച്ചയാകുന്നുണ്ട്.

Content Highlight: Chinese animation movie Niu Lai became surprise box office hit

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം