തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബര വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം സാക്ഷി കൂറുമാറി.
കേസില്‍ പ്രതിയായ നിസാമിന്റെ അക്രമത്തെക്കുറിച്ച് ആദ്യവിവരം നല്‍കിയ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ അനൂപാണ് കൂറുമാറിയത്.
ഹമ്മര്‍ജീപ്പിടിപ്പിച്ച് നിസാം ചന്ദ്രബോസിനെ വീഴ്ത്തുന്നസമയത്ത് ഭാര്യ അമലും വാഹനത്തിലുണ്ടായിരുന്നുവെന്നും താന്‍ അത് നേരിട്ട് കണ്ടു എന്നും ഉള്‍പ്പെടെയുള്ള നിര്‍ണായകവിവരങ്ങളായിരുന്നു നേരത്തെ അനൂപ് മജിസ്‌ട്രേറ്റിന് മുന്‍പാകെ
പറഞ്ഞത്.
എന്നാല്‍ ഒരു മൊഴിയും താന്‍ നല്‍കിയിട്ടില്ലെന്നും പോലീസ് എഴുതിക്കൊണ്ടുവന്ന കടലാസില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അനൂപ് മജിസ്‌ട്രേറ്റിന് മുന്‍പാകെ മൊഴി നല്‍കി.
തൃശൂര്‍ ജില്ലാ അഡീഷ്ണല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ നടപടികള്‍ ഇന്നായിരുന്നു ആരംഭിച്ചത്.
പ്രതി നിസ്സാമിന്റെ ഭാര്യ അമല്‍ ഉള്‍പ്പടെ 14 സാക്ഷികളുടെ മൊഴിയാണ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ജനുവരി 29 ന് സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ, നിസ്സാം വാഹനമിടിച്ച് പരുക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ചികിത്സയിലിരിക്കേ ഫെബ്രുവരി 16 ന് ചന്ദ്രബോസ് മരിച്ചെന്നുമാണ് കേസ്.
111 സാക്ഷികളുള്ള കേസില്‍ നവംബര്‍ 30ഓടെ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കി പത്താം തീയതിയോടെ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കാപ്പ ചുമത്തപ്പെട്ടു കണ്ണൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി മുഹമ്മദ് നിസാമിനെ വിചാരണാ നടപടികള്‍ക്കായി ഇന്നലെ വൈകിട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചിരുന്നു.
ചന്ദ്രബോസിനെ ഇടിച്ചുവീഴ്ത്താന്‍ നിസാം ഉപയോഗിച്ച ഹമ്മര്‍ ജീപ്പ് കഴിഞ്ഞദിവസം കോടതി വളപ്പിലെത്തിച്ചിരുന്നു.വിചാരണയ്ക്കു കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. കേസ് പരിഗണിക്കുന്ന തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.പി. സുധീറിനും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.സി.പി. ഉദയഭാനുവിനും പോലീസ് അകമ്പടി ഏര്‍പ്പെടുത്തി.
വിചാരണാദിവസങ്ങളില്‍ കോടതി പരിസരത്തു പ്രത്യേക പോലീസ് കാവലുണ്ടാകും. എല്ലാ പ്രവൃത്തിദിവസങ്ങളിലും തുടര്‍ച്ചയായി വിചാരണ നടത്തി നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കാനാണു കോടതിയുടെ തീരുമാനം.
