ന്യൂദല്‍ഹി: ഡീസലിലും വിമാന ഇന്ധനമായ എവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിലും (എ.ടി.എഫ്) എത്തനോള്‍ കലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ആലോചിക്കുന്നവര്‍ കുറച്ചുകാലം കാത്തിരിക്കണമെന്നും, ഇന്ധന നയത്തില്‍ വ്യക്തത വരുന്നതുവരെ തീരുമാനം മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇ-20 ഇന്ധനം അവതരിപ്പിച്ചതിന് ശേഷം പെട്രോളില്‍ എത്തനോള്‍ കലര്‍ത്തുന്നത് 50 ശതമാനത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി കെജ്‌രിവാള്‍ എക്‌സിലൂടെ വ്യക്തമാക്കി.
‘അവര്‍ 50 ശതമാനത്തില്‍ കൂടുതല്‍ പെട്രോളില്‍ മായം ചേര്‍ക്കാന്‍ പോകുന്നതായി തോന്നുന്നു. അന്തരീക്ഷം ശാന്തമാകാന്‍ വേണ്ടി അവര്‍ കാത്തിരിക്കുകയാണ്,’ കെജ്‌രിവാള്‍ പറഞ്ഞു.
എ.ടി.എഫ് ഇന്ധനത്തില്‍ എത്തനോള്‍ കലര്‍ത്താന്‍ മോദി ശ്രമിക്കുന്നതായി പി.ടി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വിമാനങ്ങളുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നും ഇ-20 പെട്രോള്‍ പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ച് ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കെജ്‌രിവാള്‍ കത്തയച്ചിരുന്നു.
ഫില്ലിംഗ് സ്റ്റേഷനുകളില്‍ ശുദ്ധമായ പെട്രോളും ഇ-20 ഇന്ധനവും ലഭ്യമാക്കണമെന്നും എത്തനോള്‍ കലര്‍ന്ന പെട്രോളിന് വില കുറയ്ക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.
content Higlights: Centre plans to blend ethanol with diesel and aviation fuel; Kejriwal advises postponing vehicle purchases
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.