ഇസ്രഈൽ അനുകൂല നിലപാടിനെ എതിർത്തു; ലണ്ടൻ ബ്യൂറോ ചീഫിനെ പുറത്താക്കി സി.ബി.എസ് ന്യൂസ്
World
ഇസ്രഈൽ അനുകൂല നിലപാടിനെ എതിർത്തു; ലണ്ടൻ ബ്യൂറോ ചീഫിനെ പുറത്താക്കി സി.ബി.എസ് ന്യൂസ്
മുഹമ്മദ് നബീല്‍
Wednesday, 29th April 2026, 11:10 am

ലണ്ടൻ: ഇറാൻ, ഗസ വിഷയങ്ങളിലെ വാർത്താ കവറേജിനെ ചൊല്ലി എഡിറ്റർ ഇൻ ചീഫ് ബാരി വൈസുമായി ഉണ്ടായ തർക്കങ്ങളെത്തുടർന്ന് ലണ്ടൻ ബ്യൂറോ ചീഫ് ക്ലെയർ ഡേയെ സി.ബി.എസ് ന്യൂസ് പിരിച്ചുവിട്ടു. തീവ്ര ഇസ്രഈൽ നിലപാടുള്ള ബാരി വൈസുമായി ക്ലെയർ ഡേ നിരന്തരം തർക്കത്തിലേർപ്പെട്ടിരുന്നു.

വാൾ സ്ട്രീറ്റ് ജേണലിൽ നിന്നും രാജിവെച്ച ഷൈന്ദി റെയ്സ് ഇനി മുതൽ സി.ബി.എസ് ന്യൂസിന്റെ അന്താരാഷ്ട്ര കവറേജിന് നേതൃത്വം നൽകുമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മെയ് 11 മുതൽ ലണ്ടൻ ആസ്ഥാനമായാകും ഷൈന്ദി പ്രവർത്തിക്കുക.

ലണ്ടൻ ബ്യൂറോ പുതിയ എഡിറ്റോറിയൽ നേതൃത്വത്തിലേക്ക് മാറുന്നതായും, എല്ലാ അന്താരാഷ്ട്ര കവറേജുകളുടെയും മേൽനോട്ടം വഹിക്കാൻ ഫോറിൻ എഡിറ്റർ എന്ന തസ്തിക കൊണ്ടുവരുന്നതായും സി.ബി.എസ് ന്യൂസ് പ്രസിഡന്റ് ടോം സിബ്രോവ്സ്കി ജീവനക്കാർക്കയച്ച കുറിപ്പിൽ വ്യക്തമാക്കി.

ലണ്ടൻ ബ്യൂറോയിലെ സംഘർഷങ്ങൾക്ക് കാരണം പശ്ചിമേഷ്യൻ മേഖലയിലെ വാർത്താ കവറേജുമായി ബന്ധപ്പെട്ട തർക്കങ്ങളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. ഒരു ഫ്രീലാൻസ് ക്യാമറാമാനും എഡിറ്ററും ചേർന്ന് ക്ലെയർ ഡേയെ അധിക്ഷേപിക്കുകയും അവർ വാർത്തകളിൽ പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ചതായും റിപ്പോർട്ടുണ്ട്.

എന്നാൽ വാർത്തകളിൽ പക്ഷപാതം കാണിച്ചോ എന്നതിനെക്കുറിച്ച് നടന്ന ആഭ്യന്തര അന്വേഷണത്തിൽ ക്ലെയർ ഡേ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കണ്ടെത്തി അവരെ കുറ്റവിമുക്തയാക്കിയിരുന്നു.

രണ്ട് വർഷമായി ലണ്ടൻ ബ്യൂറോയെ നയിക്കുന്ന ക്ലെയർ ഡേ കഴിഞ്ഞ കാൽനൂറ്റാണ്ടോളമായി സി.ബി.എസ് ന്യൂസിന്റെ ഭാഗമാണ്. താനൊരു സയണിസ്റ്റ് ആണെന്ന് സ്വയം പ്രഖ്യാപിച്ച ബാരി വൈസുമായി ഇറാൻ, ഗസ കവറേജുകളെ ചൊല്ലി ക്ലെയർ ഡേ നിരന്തരം തർക്കിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. തങ്ങളുടെ ആശങ്കകൾ ചർച്ച ചെയ്യാൻ പോലും ബാരി വൈസ് തയ്യാറായിരുന്നില്ലെന്നും പരാതികളുണ്ട്.

എഡിറ്റോറിയൽ ചർച്ചകളിൽ ക്ലെയർ ഡേ ഒരിക്കലും പ്രകോപിതയായിരുന്നില്ലെന്നും എന്നാൽ വാർത്തകൾ സന്തുലിതമായിരിക്കണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നുവെന്നും മറ്റൊരു സി.ബി.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

‘ഇത് തികച്ചും സങ്കടകരമാണ്. കഴിഞ്ഞ 25 വർഷമായി സി.ബി.എസ് ന്യൂസിനായി അങ്ങേയറ്റം ആത്മാർത്ഥതയോടെ പ്രവർത്തിച്ച വ്യക്തിയാണ് ക്ലെയർ. അവരെ പുറത്താക്കിയത് ഞെട്ടിപ്പിക്കുന്നതാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

Content  Highlight: CBS News fires London bureau chief over opposing pro-Israel stance

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം