എന്താണ് 'കാബ്രൽ ഹെതർ 616 ? മാർക്കോയും കാട്ടാളനും സിനിമാറ്റിക് യൂണിവേഴ്സൊ ?
Malayalam Cinema
എന്താണ് 'കാബ്രൽ ഹെതർ 616 ? മാർക്കോയും കാട്ടാളനും സിനിമാറ്റിക് യൂണിവേഴ്സൊ ?
കെ.എസ് ഷാബിന
Tuesday, 26th May 2026, 1:50 pm

ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ എന്ന ചിത്രവും, ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ‘കാട്ടാളൻ’എന്ന പുതിയ ചിത്രവും തമ്മിൽ അതിശയിപ്പിക്കുന്ന ചില കണക്ഷനുകൾ ഉണ്ടെന്ന ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ക്യൂബ്സ് എന്റർടൈൻമെന്റ്സ് നിർമിക്കുന്ന ഈ രണ്ട് ചിത്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ‘കാബ്രൽ ഹെതർ 616 ‘ എന്ന രഹസ്യ ചിഹ്നത്തിന്റെ അർഥം തേടുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

‘മാർക്കോ’ എന്ന ചിത്രം പൂർണ്ണമായും സ്റ്റൈലിഷ് ആയ സ്വർണ്ണക്കടത്ത് മാഫിയയുടെ കഥയാണ് പറഞ്ഞതെങ്കിൽ, ‘കാട്ടാളൻ’ വനമേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന ആനക്കൊമ്പ് വേട്ടക്കാരുടെയും കള്ളക്കടത്തുകാരുടെയും കഥയാണ് പറയുന്നത്. സിദ്ധീക്കിന്റെ കഥാപാത്രമാണ് ഇരു ചിത്രങ്ങളെയും തമ്മിൽ കണക്ട് ചെയുന്ന പ്രധാന ഘടകം.

കാട്ടാളൻ.Photo; SathyamOnline

‘മാർക്കോ’യിലെ പ്രധാന കഥാപാത്രമായ ജോർജ്ജ് പീറ്ററിനെ (സിദ്ദിഖ്) ‘കാട്ടാളൻ’ എന്ന ചിത്രത്തിലേക്കും കൊണ്ടുവരുന്നുണ്ട്. ഈ ഒരൊറ്റ കഥാപാത്രത്തിലൂടെയാണ് രണ്ട് വ്യത്യസ്ത മാഫിയാ ലോകങ്ങളെ അണിയറപ്രവർത്തകർ പരസ്പരം ബന്ധിപ്പിക്കുന്നത്. ഒരു നിശ്ചിത ഡയറക്ടറുടെ കീഴിലല്ലാതെ, ക്യൂബ്സ് എന്റർടൈൻമെന്റ്സ് എന്ന ഒരൊറ്റ ബാനറിന് കീഴിലാണ് ഈ യൂണിവേഴ്സ് ബിൽഡ് ചെയ്യുന്നത് എന്നാണ് ഫാൻ തിയറികൾ.

എന്താണ് ‘കാബ്രൽ ഹെതർ 616 ?

സ്വർണ്ണക്കടത്ത്, ആനക്കൊമ്പ് കടത്ത് തുടങ്ങി വിവിധ മേഖലകളിലുള്ള എല്ലാ കള്ളക്കടത്ത് സംഘങ്ങളെയും മുകളിൽ ഇരുന്ന് നിയന്ത്രിക്കുന്ന ഒരു ഉന്നത മാഫിയാ സംഘത്തിന്റെ പേരായിരിക്കാം ‘കാബ്രൽ ഹെതർ 616 ‘. ‘കാബ്രൽ ഹെതർ എന്ന വാക്കിന്റെ അർഥം നിയമ വിരുദ്ധമായ പ്രവർത്തികൾ ചയ്യുന്ന ഒരു രഹസ്യ സംഘം എന്നാണ്. അങ്ങനെ വരുമ്പോൾ ഇരു ചിത്രങ്ങളിലും നിയമവിരുദ്ധമായ പ്രവർത്തികൾ ചെയ്യുന്നയതാണ് കഥ പശ്ചാത്തലം.

‘മാർക്കോ’ സിനിമയുടെ എൻഡ് ക്രെഡിറ്റ്സിൽ ഒരു കാറിനുള്ളിലിരിക്കുന്ന അജ്ഞാതനായ വ്യക്തിയുടെ കൈയും, ആ കാറിന്റെ ഗ്ലാസിൽ ഇലുമിനാറ്റി മോഡലിലുള്ള ഒരു ‘ട്രയാംഗിൾ ലോഗോ’യും നമ്മൾ കണ്ടിരുന്നു. ഇതേ ലോഗോ തന്നെയാണ് ‘കാട്ടാളൻ’ സിനിമയുടെ പുതിയ പ്രൊമോഷൻ പോസ്റ്ററുകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മാർക്കോ.Photo:Screengrab/Youtube

പോപ്പ് കൾച്ചറിൽ പ്രത്യേകിച്ച് മാർവലിന്റെ എർത്ത്-616 ൽ അത്യുന്നതമായ ഡാർക്ക് അതോറിറ്റിയെ സൂചിപ്പിക്കാനാണ് ‘616’ എന്ന നമ്പർ ഉപയോഗിച്ചിരിക്കുന്നത്. ഇവിടെയും ക്രൂരമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു വലിയ കമ്മ്യൂണിറ്റിയുടെ പ്രതീകമാണിത്.

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം നേരത്തെ തന്നെ അനൗൺസ് ചെയ്തിട്ടുള്ളതാണ്.  കാട്ടാളന്ശേഷം മമ്മൂട്ടിയെ നായകനാക്കി ക്യൂബ്സ് ഒരു ചിത്രം നിർമിക്കുകയാണെങ്കിൽ ആ ചിത്രത്തിലും ഈ ഒരു ‘കാബ്രൽ ഹെതർ 616 ‘എന്ന ഒരു കണക്റ്റിംഗ് എലമെന്റ് കൊണ്ട് വന്നാൽ ആ ചിത്രത്തിന് ലഭിക്കാൻ പോകുന്ന ഇംപാക്ട് വളരെ വലുതായിരിക്കും എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ പറയുന്നത്.

കാട്ടാളൻ.Photo: Imdb

ഫാൻ തിയറികൾ പ്രകാരം, മാർക്കോയിലെയും കാട്ടാളനിലെയും മാഫിയകളെ ഭരിക്കുന്ന ‘കാബ്രൽ ഹെതർ 616 ‘ എന്ന ആ സുപ്രീം സംഘത്തിന്റെ തലവനായി പിന്നീട് എത്തുന്നത് മമ്മൂട്ടി ആയിരിക്കാം. അങ്ങനെ സംഭവിച്ചാൽ മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൈം യൂണിവേഴ്സ് ആയി ഇത് മാറും.

ചുരുക്കി പറഞ്ഞാൽ ‘മാർക്കോ’യും ‘കാട്ടാളനും’ തമ്മിലുള്ള ബന്ധം വെറുമൊരു കഥാതുടർച്ചയല്ല, മറിച്ച് അതിശക്തമായ ഒരു മാഫിയാ യൂണിവേഴ്സിന്റെ തുടക്കമാണ്. ഇതിന് പിന്നിലെ യഥാർത്ഥ തലവൻ ആരാണെന്നും ‘കാബ്രൽ ഹെതർ 616 ‘ എങ്ങനെയൊക്കെയാണ് ഈ ലോകങ്ങളെ നിയന്ത്രിക്കുന്നതെന്നും അറിയാൻ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.

Content Highlight: Cabral Heather 616 The Cinematic Universe Connecting Marco and Kattalan

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.