ഹോർമുസ് കടലിടുക്കിലേക്ക് ജപ്പാന്റെ കപ്പൽ പടയെ അയക്കുമെന്ന അമേരിക്കൻ വാദം തള്ളി കാബിനറ്റ് സെക്രട്ടറി
World
ഹോർമുസ് കടലിടുക്കിലേക്ക് ജപ്പാന്റെ കപ്പൽ പടയെ അയക്കുമെന്ന അമേരിക്കൻ വാദം തള്ളി കാബിനറ്റ് സെക്രട്ടറി
മുഹമ്മദ് നബീല്‍
Wednesday, 25th March 2026, 11:23 am

ടോക്കിയോ: ഹോർമുസ് കടലിടുക്കിലേക്ക് നാവികസേനയെ വിന്യസിക്കാൻ പദ്ധതിയുണ്ടെന്ന അമേരിക്കയുടെ അവകാശവാദം നിഷേധിച്ച് ജപ്പാൻ. ഹോർമുസിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ജപ്പാൻ പങ്ക് ചേരുമെന്ന സൂചനകൾക്ക് ഇതോടെ വിരാമമായി.

ജാപ്പനീസ് മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ കപ്പലുകൾ മേഖലയിലേക്ക് അയക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി സനായെ തകായ്ച്ചി വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ലെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി മിനോരു കിഹാര പറഞ്ഞുവെന്ന് ജാപ്പനീസ് വാർത്താ ഏജൻസിയായ ജിജി പ്രസ്സ് റിപ്പോർട്ട് ചെയ്തു.

ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസിഡർ മൈക്ക് വാൾട്ട്സ് അമേരിക്കൻ മാധ്യമമായ സി.ബി.എസിന് നൽകിയ പ്രതികരണത്തിൽ ജപ്പാൻ തങ്ങളുടെ കപ്പലുകൾ ഹോർമുസിലെ ചരക്കുഗതാഗതം സുഗമമാക്കുന്നതിന് വിട്ടുതരുമെന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായായാണ് ജപ്പാന്റെ പ്രതികരണം.

എന്നാൽ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ പരിഹരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജപ്പാൻ അന്താരാഷ്ട്ര സമൂഹവുമായി നയതന്ത്ര സഹകരണം തുടരുമെന്ന് ജപ്പാൻ പ്രധാനമന്ത്രി സനായെ തകായ്ച്ചി നേരത്തെ പാർലമെന്റിൽ പറഞ്ഞിരുന്നു. പക്ഷെ സൈനിക വിന്യാസത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.

അമേരിക്കയും ഇസ്രഈലും ഹോർമുസിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് പല രാജ്യങ്ങളുമായി ചർച്ചയിലാണെന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.

ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യു.കെ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ നാവികസേനയെ ഹോർമുസ് കടലിടുക്കിലേക്ക് അയക്കണമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഏറെ തന്ത്രപ്രധാനമായ ഈ ജലപാത ഭീഷണിയിലാഴ്ത്തരുതെന്നും ട്രംപ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Content Highlight: Cabinet Secretary rejects US claim of sending Japanese warship to Strait of Hormuz

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം