രാജ്യത്തിന്റെ ഗതി തിരുത്താൻ സമ്മതിക്കാത്ത ബഡ്‌ജറ്റ്; യഥാർത്ഥ പ്രതിസന്ധികൾക്കുനേരെ കേന്ദ്രം കണ്ണടച്ചു: രാഹുൽ ഗാന്ധി
India
രാജ്യത്തിന്റെ ഗതി തിരുത്താൻ സമ്മതിക്കാത്ത ബഡ്‌ജറ്റ്; യഥാർത്ഥ പ്രതിസന്ധികൾക്കുനേരെ കേന്ദ്രം കണ്ണടച്ചു: രാഹുൽ ഗാന്ധി
ശ്രീലക്ഷ്മി എ.വി.
Sunday, 1st February 2026, 3:59 pm

ന്യൂദൽഹി: 2026-27ലെ ബജറ്റിൽ കേരളത്തെ തഴഞ്ഞുള്ള കേന്ദ്ര നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി.

രാജ്യത്തിന്റെ ഗതി തിരുത്താൻ സമ്മതിക്കാത്ത ഒരു ബഡ്‌ജറ്റാണ് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യയുടെ യഥാർത്ഥ പ്രതിസന്ധികൾക്കുനേരെ കേന്ദ്ര സർക്കാർ കണ്ണടച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചൊന്നും ബഡ്ജറ്റിൽ പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘യുവാക്കളുടെ തൊഴിലില്ലായ്മ, നിർമാണ മേഖല ഇടിഞ്ഞു, നിക്ഷേപകരുടെ പിന്മാറ്റം, സമ്പദ് വ്യവസ്ഥ ഇടിയുന്നു, കർഷകരുടെ ദുരിതം, വരാനിരിക്കുന്ന ആഗോള ആഘാതങ്ങൾ എല്ലാം അവഗണിക്കപ്പെട്ടു,’ രാഹുൽ ഗാന്ധി പറഞ്ഞു

കേന്ദ്ര ബജറ്റിൽ ഇന്ത്യ നേരിടുന്ന സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങൾക്ക് യാതൊരു പരിഹാരവുമില്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

മോദി സർക്കാരിന്റെ കൈവശമുള്ള ആശയങ്ങൾ തീർന്നെന്നും ഇന്ത്യയിലെ നിരവധി സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ വെല്ലുവിളികൾക്ക് ഒരു പരിഹാരം പോലും ഈ ബഡ്ജറ്റ് നൽകുന്നില്ലെന്നും മല്ലികാർജുൻ ഖാർഗെ കൂട്ടിച്ചേർത്തു.

മുമ്പ് സർക്കാർ ഉപയോഗിച്ചിരുന്ന ‘മിഷൻ മോഡ്’ എന്നത് ഇപ്പോൾ വെറും ‘ചലഞ്ച് റൂട്ട്’ ആണെന്നും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്നതിന് പകരം വെല്ലുവിളികൾക്ക് മുന്നിൽ പതറുകയാണ് സർക്കാരെന്നും അദ്ദേഹം എക്സിലൂടെ പറഞ്ഞു.

‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്നത് എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. പ്രഖ്യാപനങ്ങളല്ലാതെ യഥാർത്ഥ പരിഷ്‌ക്കാരങ്ങൾ ഒന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് (ഞായർ) 11 മണിയോടെ 2026-27 വര്‍ഷത്തെ കേന്ദ്ര ബഡ്ജറ്റ് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു . മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സ്ഥിരതയും സാമ്പത്തിക അച്ചടക്കവും സുസ്ഥിര വളര്‍ച്ചയും കൈവരിച്ചതായി നിര്‍മല സീതാരാമന്‍ പറഞ്ഞു.

കയറ്റുമതിയും നിക്ഷേപവും വര്‍ധിച്ചു. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പദ്ധതികള്‍ സ്വീകരിച്ചതായും പ്രതിരോധ ശേഷിയുള്ള സാമ്പത്തിക മേഖലയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് അടക്കമുള്ള സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Content Highlight: Budget fails to change the course of the country; Central government turns a blind eye to real crises: Rahul Gandhi

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.