ഉന്നാവോ കേസിലെ പ്രതി കുല്‍ദീപ് സെന്‍ഗറിന് തങ്ങളുടെ എല്ലാ അനുഗ്രഹവുമുണ്ടെന്ന് ബി.ജെ.പി എം.എല്‍.എ
Unnao Rape Case
ഉന്നാവോ കേസിലെ പ്രതി കുല്‍ദീപ് സെന്‍ഗറിന് തങ്ങളുടെ എല്ലാ അനുഗ്രഹവുമുണ്ടെന്ന് ബി.ജെ.പി എം.എല്‍.എ
ന്യൂസ് ഡെസ്‌ക്
Saturday, 3rd August 2019, 8:33 am

ലക്‌നൗ: ഉന്നാവോ ലൈംഗികാക്രമണക്കേസിലെ പ്രതിയായ കുല്‍ദീപ് സെന്‍ഗാറിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി നേതാവും ഹാര്‍ദോയ് എം.എല്‍.എയുമായ ആശിഷ് സിങ് ആശു. കുല്‍ദീപ് സെന്‍ഗാറിന് ഇപ്പോള്‍ മോശം സമയമാണെന്നും ജയിലില്‍ നിന്ന് പുറത്ത് വരട്ടെയെന്ന് ആശംസിക്കുന്നതായും ആശിഷ് സിങ് പറയുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

‘നമ്മുടെ സഹോദരന് കുല്‍ദീപ് സിങ് ഇന്ന് നമ്മളോടൊപ്പമില്ല, വളരെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. ഞങ്ങളുടെ എല്ലാ ആശംസയും അദ്ദേഹത്തിനുണ്ട്. ഈ മോശം സമയത്തെ അദ്ദേഹം മറികടക്കുമെന്ന് പ്രതീക്ഷിക്കാം. നമ്മള്‍ എവിടെയായിരുന്നാലും അദ്ദേഹത്തിന് എല്ലാ അനുഗ്രഹങ്ങളുമുണ്ടാകും.’

കേസില്‍ സെന്‍ഗറിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും. സീതാപൂര്‍ ജയിലില്‍ കഴിയുന്ന ഇയാളെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. കൂടാതെ കൃഷി സഹമന്ത്രിയുടെ മരുമകന്‍ ട്രക്ക് ഉടമ അരുണ്‍ സിംഗിനേയും ചോദ്യം ചെയ്യും.

അന്വേഷണ സംഘത്തെ സി.ബി.ഐ വിപുലീകരിച്ചിട്ടുണ്ട്. 20 അംഗങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടം നടന്ന സ്ഥലം അടക്കം പരിശോധിക്കുന്നതിനായി ആറംഗ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറി സംഘം ലക്നൗവിലെത്തും. യുപി റായ്ബറേലിയിലെ ജയിലില്‍ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച് മടങ്ങി വരുമ്പോഴാണ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ചത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മായി മരിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.