റിലീസ് ചെയ്ത് 58 മണിക്കൂറുകൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കോമ്പോയിലൊരുങ്ങിയ ദൃശ്യം 3. മോളിവുഡിലെ ഏറ്റവും വലിയ ബ്രാന്‍ഡായി ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം തിയേറ്ററുകളെ ജനസാഗരമാക്കുകയാണ്. വാഴ 2, ലോകഃ എന്നീ ചിത്രങ്ങളെ തകര്‍ത്ത് ദൃശ്യം 3 അടുത്ത ഇന്‍ഡസ്ട്രി ഹിറ്റാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
ബോക്‌സ് ഓഫീസില്‍ മുന്നേറ്റം നടത്തുമ്പോഴും ദൃശ്യം 3യെ പലരും വിമര്‍ശിക്കുന്നുണ്ട്. സ്‌ക്രിപ്റ്റിലെ പോരായ്മകളും മേക്കിങ്ങിലെ പാളിച്ചയും പലരും ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ അതിനെക്കാള്‍ വലിയ വിമര്‍ശനമാണ് ദൃശ്യം 3യിലെ ബ്രാന്‍ഡ് ബൂസ്റ്റിങ്. കല്യാണ്‍ ജ്വല്ലേഴ്‌സിനെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്ന ഭാഗം ട്രോളിനിരയാകുന്നുണ്ട്.
അഞ്ജുവിന്റെ കല്യാണത്തിന് എറണാകുളം കല്യാണ്‍ ജ്വലേഴ്‌സില്‍ നിന്ന് സ്വര്‍ണമെടുക്കാമെന്ന് റാണി പറയുമ്പോള്‍ ‘കല്യാണ്‍ ജ്വല്ലേഴ്‌സ് ഇപ്പോള്‍ തൊടുപുഴയിലുമുണ്ടല്ലോ’ എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി പറയുന്നത്. അനാവശ്യമായി പരസ്യം കുത്തിക്കയറ്റിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇതാദ്യമായല്ല ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയില്‍ ബ്രാന്‍ഡിങ് നടക്കുന്നത്.
ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ മൈജി മൊബൈല്‍സിന്റെ പരസ്യം പ്ലെയ്‌സ് ചെയ്തത് വലിയ ട്രോളിന് കാരണമായിരുന്നു. മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ബാലേട്ടനില്‍ പങ്കജ കസ്തൂരി, എം.സി.ആര്‍ മുണ്ട് എന്നിവയുടെ പരസ്യം നടത്തിയിരുന്നു. കസ്തൂരിമാന്‍, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങളില്‍ ആലുക്കാസ് ജുവലറിയുടെയും 2 ഹരിഹര്‍ നഗറില്‍ അറ്റ്‌ലസ് ജുവലറി എന്നിവയുടെ പരസ്യം ബ്ലെന്‍ഡ് ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ മഹാസമുദ്രത്തില്‍ വെസ്‌റ്റേണ്‍ യൂണിയന്റെ പരസ്യവും കൊണ്ടുവന്നിരുന്നു.
നേരറിയാന്‍ സി.ബി.ഐ Photo: Screen grab/ Saina Play
എന്നാല്‍ ഇതിന്റെ ഏറ്റവും ഭയാനകമായ വേര്‍ഷന്‍ നേരറിയാന്‍ സി.ബി.ഐയിലായിരുന്നു. സിനിമ എന്നതിനപ്പുറം ഒരുപാട് ബ്രാന്‍ഡുകളുടെ പരസ്യമായിരുന്നു ഈ ചിത്രം. കല്യാണ്‍ ജ്വല്ലേഴ്‌സ്, എ.വി.ടി ചായപ്പൊടി, ടാറ്റ ഇന്‍ഡികോം, ടൈഗര്‍ ബിസ്‌കറ്റ് എന്നിവയുടെ പരസ്യങ്ങളായിരുന്നു ചിത്രത്തില്‍ ഉടനീളമുണ്ടായിരുന്നത്.
സിനിമകളിലൂടെയുള്ള ബ്രാന്‍ഡ് പ്രൊമോഷന്‍ സാധാരണ കാര്യമാണ്. മാര്‍വല്‍ സിനിമകളിലൂടെ വലിയ ബ്രാന്‍ഡുകളുടെ പരസ്യം കാലങ്ങളായി നടത്താറുണ്ട്. എന്നാല്‍ അത് പരസ്യമാണെന്ന് തോന്നിക്കാത്ത തരത്തില്‍ ഒരുക്കാന്‍ പ്രത്യേക കഴിവ് ആവശ്യമാണ്. ദൃശ്യത്തിന് നാലാം ഭാഗം ഒരുക്കുമ്പോള്‍ ജീത്തു ജോസഫ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു.
Content Highlight: Branding in Malayalam cinemas discussing after Drishyam 3 release