ലവ് ജിഹാദും മറ്റ് കെട്ടുകഥകളും; ബീഫ് ഫ്രൈയേക്കാള്‍ മസാല ചേര്‍ത്ത 'കേരളാ സ്റ്റോറികള്‍'
DISCOURSE
ലവ് ജിഹാദും മറ്റ് കെട്ടുകഥകളും; ബീഫ് ഫ്രൈയേക്കാള്‍ മസാല ചേര്‍ത്ത 'കേരളാ സ്റ്റോറികള്‍'
ശ്രീബ എം
Friday, 27th February 2026, 5:12 pm
വസ്തുനിഷ്ഠമായ അന്വേഷണത്തിന്റെയും എത്തിക്കല്‍ ജേണലിസത്തിന്റെയും ഉത്തമ ഉദാഹരണം കൂടിയാണ് ഈ രചന. ജനാധിപത്യരാഷ്ട്രത്തിന് നേരെ ഉയരുന്ന 'കേരള സ്റ്റോറി' പോലെയുള്ള ഭീഷണികളെ നേരിടാന്‍ ഇത്തരം പുസ്തകങ്ങള്‍ ഉണ്ടായേ തീരൂ | ലവ് ജിഹാദും മറ്റ് കെട്ടുകഥകളും എന്ന പുസ്തകത്തെ കുറിച്ച് ശ്രീബ എം. ഡൂള്‍ന്യൂസില്‍ എഴുതുന്നു

ഇന്ത്യ ഇത്ര കാലവും കാണാത്ത വിധത്തിലുള്ള തീവ്ര ഇസ്‌ലാമോഫോബിയയുടെ ഏറ്റവും ‘ലേറ്റസ്റ്റായ’ രൂപമാണ് ‘കേരളാ സ്റ്റോറി‘. മതസ്വാതന്ത്ര്യം മൗലികാവകാശമായുള്ള ഒരു രാഷ്ട്രത്തില്‍, ഒരു മതവിഭാഗത്തെ കൃത്യമായി ഫോക്കസ് ചെയ്തുകൊണ്ട് ആക്രമണങ്ങള്‍ ഉണ്ടാകുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു.

എല്ലാ വിധത്തിലുള്ള ആവിഷ്‌കരണോപാധികളെയും ‘ഇസ്‌ലാമോഫോബിയ’ ജനറേറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്നത് ഹിന്ദുത്വയുടെ ഏറ്റവും വലിയ തന്ത്രമാണ്. ആവിഷ്‌കരണോപാധി എന്ന നിലയില്‍ അവ ഒരു തരത്തിലും ഒരു ജനാധിപത്യസമൂഹത്തിന് ഉപകാരപ്പെടുന്നില്ലെന്നു മാത്രമല്ല, അത് വെറുപ്പിന്റെ വിത്ത് വിതയ്ക്കുകയും ന്യൂനപക്ഷസമൂഹത്തിന് നേരെയുള്ള കടന്നാക്രമണത്തിന് ആഹ്വാനം ചെയ്യുകയുമാണ്.

കേരളാ സ്റ്റോറി 2 പോസ്റ്റർ

ഹിന്ദുത്വവാദികള്‍ പ്രധാനമായും ഉന്നയിക്കുന്ന ഒരു ആരോപണം ‘ലവ് ജിഹാദാ’ണ്. മുസ്‌ലിം യുവാക്കള്‍ മറ്റ് സമുദായത്തില്‍പ്പെട്ട സ്ത്രീകളെ പ്രണയിച്ച്, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു എന്നതാണ് അവര്‍ അതിന് നല്‍കുന്ന അര്‍ത്ഥം.

ഇന്ത്യപോലെ ഒരു ജനാധിപത്യ രാജ്യത്തില്‍ ‘ലവ് ജിഹാദ്’ നടക്കുന്നുണ്ടോ? ഈ ആരോപണത്തില്‍ കഴമ്പുണ്ടോ എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്. എത്ര പെട്ടെന്നാണ് ഈ വൈറല്‍ ആരോപണം ഇന്ത്യയില്‍ പ്രചരിച്ചത്.

വാട്സ്ആപ്പ് യൂണിവേഴ്സിറ്റികളിലും സമൂഹമാധ്യമ സ്‌ക്രീന്‍ഷോട്ടുകളിലും പ്രചരിക്കുന്ന കഥകള്‍ക്കപ്പുറം എന്താണ് വസ്തുത! ഈ അന്വേഷണമാണ് ലവ് ജിഹാദും മറ്റു കെട്ടുകഥകളും എന്ന പുസ്തകത്തിലേക്ക് വായനയെ എത്തിച്ചത്.

ശ്രീനിവാസന്‍ ജെയിന്‍, മറിയം അലവി, സുപ്രിയ ശര്‍മ എന്നീ മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഈ പുസ്തകം ഐ.പി.ഐ. ഇന്ത്യാ അവാര്‍ഡ് ഫോര്‍ എക്സലന്‍സ് ഇന്‍ ജേണലിസത്തിന് അര്‍ഹമായിട്ടുണ്ട്. രമാ മേനോന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകം മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുസ്തകത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ‘തെളിവുകളാണ്’ സംസാരിക്കുന്നത്. വിശ്വസനീയമായ ‘വൈറല്‍ നുണകളെ’ കൃത്യമായ അന്വേഷണം നടത്തി, ഡാറ്റാ അനാലിസിസിലൂടെ പൊളിച്ചുകളയുന്ന പുസ്തകം കൂടിയാണിത്.

2016ലെ ‘ഹാദിയ കേസ്’ ആരും മറന്നരിക്കാനിടയില്ല. ഇരുപത്തിമൂന്ന് വയസായ, അഖില എന്ന ഹിന്ദു യുവതി മുസ്‌ലിമായി മതം മാറി, ഒരു മുസല്‍മാനെ വിവാഹം കഴിച്ചു. ജനാധിപത്യപരമായ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ഇതില്‍ അമ്പരക്കേണ്ട യാതൊന്നും തന്നെയില്ല.

പക്ഷേ, പെണ്‍കുട്ടിയുടെ അച്ഛന്‍ ഹൈക്കോടതിയെ സമീപിക്കുന്നു. ആരോപണം ഇതായിരുന്നു: അവര്‍ മകളെ കബളിപ്പിച്ച് മതപരിവര്‍ത്തനം നടത്തി.

ഹാദിയ

ഹിന്ദുത്വവാദികള്‍ ഈ വിഷയം ഏറ്റെടുത്തു. പക്ഷേ, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ഏറ്റവും വലിയ കള്ളം പൊളിഞ്ഞുവീണതെങ്ങനെയെന്ന് പുസ്തകം കൃത്യമായി വിശകലനം ചെയ്യുന്നു (പുറം 34).

‘ഒരു വ്യക്തി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതും ആരെ വിവാഹം കഴിക്കണം, കഴിക്കേണ്ട എന്ന് തീരുമാനിക്കുന്നതും സര്‍ക്കാറിന്റെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യമാണ് എന്ന് ഹാദിയ കേസില്‍ കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഈ കേസില്‍ ഐ.എന്‍.എ അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പുസ്തകം ഓര്‍മ്മിപ്പിക്കുന്നുണ്ട് (പുറം 33, 34, 35).

മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന അവകാശവാദങ്ങള്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പലപ്പോഴും ഇത്തരം അവകാശവാദങ്ങള്‍ യുക്തിയുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്; ഈ രാഷ്ട്രം മുസ്ലിം ആധിപത്യത്തിന് കീഴിലാകുമോ എന്ന ചിന്തയില്‍നിന്നു മാത്രമാണ്.

ഇത്തരം ഗൂഢാലോചന സിദ്ധാന്തങ്ങള്‍, നവോത്ഥാനത്തിലൂടെ, സാക്ഷരതയിലൂടെ ലോകത്തിനു മാതൃകയായ, മതസൗഹാര്‍ദത്തിന്റെ പറുദീസയായ കേരളത്തിനെ ലക്ഷ്യം വെച്ചുള്ള സാംസ്‌കാരിക ആക്രമണത്തിന് തിരികൊളുത്തുകയാണ്.

ന്യൂനപക്ഷവിഭാഗങ്ങളുടെ മേല്‍ വെറുപ്പ് വര്‍ഷിക്കപ്പെടുന്ന ഈ കാലത്ത് എന്തുകൊണ്ടും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ‘ലവ് ജിഹാദും മറ്റു കെട്ടുകഥകളും.’ ലവ് ജിഹാദ്, ജനസംഖ്യാ ജിഹാദ്, കൊറോണ ജിഹാദ്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ വിഷയങ്ങളില്‍ ഉരുത്തിരിയുന്ന ‘വ്യാജ സിദ്ധാന്ത’ങ്ങളെ വെള്ളം തൊടാതെ വിഴുങ്ങുന്നതില്‍നിന്നും ഒരു പിന്‍വിളിക്ക് ഈ പുസ്തകത്തിന് കെല്‍പ്പുണ്ട്.

വസ്തുനിഷ്ഠമായ അന്വേഷണത്തിന്റെയും എത്തിക്കല്‍ ജേണലിസത്തിന്റെയും ഉത്തമ ഉദാഹരണം കൂടിയാണ് ഈ രചന. ജനാധിപത്യരാഷ്ട്രത്തിന് നേരെ ഉയരുന്ന ‘കേരള സ്റ്റോറി’ പോലെയുള്ള ഭീഷണികളെ നേരിടാന്‍ ഇത്തരം പുസ്തകങ്ങള്‍ ഉണ്ടായേതീരൂ. വാട്സ്ആപ്പ് നുണകളല്ല, കൃത്യമായ തെളിവുകളാണ് ഒരു ജനസമൂഹത്തെ നയിക്കേണ്ടത് എന്ന് ഈ പുസ്തകം ഉദ്ബോധിപ്പിക്കുന്നു.

 

Content highlight: Book Review: Love Jihad and Other Fictions

 

ശ്രീബ എം
എഴുത്തുകാരി