ന്യൂദല്‍ഹി: പാപ്പരാസികള്‍ക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍. കരീന കപൂറിന്റെ രണ്ടാമത്തെ കുഞ്ഞിനെ കാണാനെത്തിയപ്പോഴാണ് കരീനയുടെയും സെയ്ഫ് അലി ഖാന്റെയും വീട്ടിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച പാപ്പരാസികളെ അര്‍ജുന്‍ കപൂര്‍ ശാസിച്ചത്.

അര്‍ജുന്‍ കപൂര്‍ വരുന്നതറിഞ്ഞ് നിരവധി മാധ്യമപ്രവര്‍ത്തകരും മറ്റുള്ളവരും കരീനയുടെ വീടിന് മുന്നില്‍ തിങ്ങി നിറഞ്ഞുനിന്നിരുന്നു. ഇവരുടെ മുന്‍പില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം അകത്തേക്ക് കയറാന്‍ തുടങ്ങിയപ്പോഴാണ് വീടിന്റെ ചുമരിന് മുകളിലൂടെ വലിഞ്ഞുകയറുന്ന ഫോട്ടോഗ്രാഫറെ അര്‍ജുന്‍ കണ്ടത്.

തുടര്‍ന്ന് ഇയാളോട് നിലത്തിറങ്ങാന്‍ അര്‍ജുന്‍ പറയുകയായിരുന്നു. ‘കുറച്ചെങ്കിലും മര്യാദ കാണിക്കൂ. നിങ്ങളോട് അവര്‍ അപേക്ഷിക്കുകയാണ്. ഇത് തെറ്റാണ്. നിങ്ങള്‍ ഒന്ന് താഴെയിറങ്ങൂ. നിങ്ങള്‍ ഇങ്ങനെ ചുമരിലൊന്നും പിടിച്ചുകയറാന്‍ നില്‍ക്കരുത്,’ അര്‍ജുന്‍ കപൂര്‍ പറഞ്ഞു.

അര്‍ജുന്‍ കപൂര്‍ സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. കരീനയുടെ രണ്ടാമത്തെ കുഞ്ഞിന്റെ ചിത്രങ്ങള്‍ക്കുവേണ്ടി പാപ്പരാസികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ നേരത്തെയും പ്രതിഷേധമുയര്‍ന്നിരുന്നു. ആദ്യ മകനായ തൈമൂറിന് പിന്നാലെ പാപ്പരാസികള്‍ കൂട്ടം കൂടിയെത്തിയ സംഭവങ്ങളും നടന്നിരുന്നു.


Content Highlight: Bollywood actor Arjun Kapoor against paparazzi who was trying to climb onto Kareena Kapoor and Saif Ali Khan’s house