[]ഇംഫാല്‍ : മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രാം ഇബോബിയുടെ വീടിന് സമീപമുള്ള ചന്തയില്‍ ബോംബ് പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു.

ഇംഫാലിലെ ബെയ്‌റോഡന്‍ സ്‌കൂളിന് സമീപമുള്ള ക്വായിരാംബന്ധ് ചന്തയിലാണ് തീവ്രവാദികള്‍ ബോംബ് വെച്ചത്.

ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവമുണ്ടായത്. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വസതിയില്‍ ഉണ്ടായിരിക്കേയാണ് ആക്രമണം നടന്നത്.

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗികപരിപാടികള്‍ റദ്ദാക്കി.

മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലും പരിസരപ്രദേശങ്ങളിലുമായി നൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.