കൊല്‍ക്കത്തയിലെ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സിന് കാവി പെയിന്റടിച്ച് ബി.ജെ.പി; അധികാരമേറ്റെടുത്തതിന് പിന്നാലെ കാവിയില്‍ കുളിച്ച് സര്‍ക്കാര്‍ കെട്ടിടങ്ങള്‍
SAFFRONISATION
കൊല്‍ക്കത്തയിലെ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സിന് കാവി പെയിന്റടിച്ച് ബി.ജെ.പി; അധികാരമേറ്റെടുത്തതിന് പിന്നാലെ കാവിയില്‍ കുളിച്ച് സര്‍ക്കാര്‍ കെട്ടിടങ്ങള്‍
ശ്രീലക്ഷ്മി പി.പി
Friday, 14th August 2026, 11:51 am

കൊൽക്കത്ത: കൊൽക്കത്തയിലെ അക്കാദമി ഓഫ് ഫൈൻ ആർട്‌സിലെ ടിക്കറ്റ് കൗണ്ടർ കാവി നിറത്തിൽ പെയിന്റ് ചെയ്തത് വിവാദത്തിൽ. അക്കാദമിയിലെ നിറം മാറ്റത്തെ ചൊല്ലി ബി.ജെ.പിയും ഇടതുപക്ഷവും തമ്മിൽ വലിയ രാഷ്ട്രീയ തർക്കത്തിനാണ് ഇതോടെ തുടക്കമായത്.

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ സാംസ്‌കാരിക സ്ഥാപനങ്ങളിലൊന്നാണ് കൊൽക്കത്തയിലെ അക്കാദമി ഓഫ് ഫൈൻ ആർട്‌സ്. ഒരുകാലത്ത് നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായിരുന്ന സ്ഥാപനം കലാകാരന്മാർക്കും നാടകപ്രവർത്തകർക്കും പ്രധാന വേദി കൂടിയാണ്. വിശാലമായ ഗാലറി, തിയേറ്റർ ഓഡിറ്റോറിയം, കോൺഫറൻസ് സെന്റർ, സമ്പന്നമായ ചിത്രശേഖരം എന്നിവയും അക്കാദമി കെട്ടിടത്തിലുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ അക്കാദമി ഓഫ് ഫൈൻ ആർട്‌സിലെ ടിക്കറ്റ് കൗണ്ടറിന്റെ നിറം പലതവണ മാറ്റി. ജൂലൈ മാസം ആദ്യം കാവി നിറത്തിൽ പെയിന്റ് ചെയ്തു. ഇതിനെതിരെ ഇടതുപക്ഷ പ്രവർത്തകരും നാടകപ്രവർത്തകരും പ്രതിഷേധിക്കുകയും കാവി നിറത്തിന് മുകളിൽ വെള്ള പെയിന്റ് അടിക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ബി.ജെ.പി പ്രവർത്തകർ വീണ്ടും ടിക്കറ്റ് കൗണ്ടർ കാവി നിറത്തിൽ പെയിന്റ് ചെയുന്ന സ്ഥിതിയാണ് ഉണ്ടായത്.

ഇതിനുപിന്നാലെ സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ കൊൽക്കത്തയിലെ അക്കാദമി ഓഫ് ഫൈൻ ആർട്‌സിനെ കാവിവൽക്കരിക്കാനുള്ള ശ്രമം നടക്കുന്നതായി വിമർശനങ്ങൾ ഉയർന്നു.കാവിവത്ക്കരണ ശ്രമവും അതിനെതിരായ പ്രതിരോധവും ഇന്ന് കലാ അക്കാദമിയെ രാഷ്ട്രീയ തർക്കത്തിന്റെ കേന്ദ്രമാക്കിയിരിക്കുകയാണ്. ഹിന്ദുത്വ-ബി.ജെ.പി ആശയധാരയുടെ സ്വാധീനം സാംസ്‌കാരിക സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള വലിയ ശ്രമമാണ് നടക്കുന്നതെന്നാണ് വിമർശനം.

മെയ് മാസത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതോടെ സർക്കാർ കെട്ടിടങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഇത്തരം നിറം മാറ്റങ്ങൾ വ്യാപകമായതായി വിമർശനമുയർന്നിരുന്നു.

അക്കാദമിയുടെ സാംസ്‌കാരിക പാരമ്പര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഇടതുപക്ഷ നാടകപ്രവർത്തകർ വിമർശിച്ചു. അതേസമയം,അക്കാദമിയുടെ ടിക്കറ്റ് കൗണ്ടറിന്റെ യഥാർത്ഥ നിറം കാവിയും ചോക്ലേറ്റ് നിറത്തിലുള്ള ബോർഡറുമായിരുന്നു എന്ന വാദവുമായി ബി.ജെ.പി എം.എൽ.എ രുദ്രനിൽ ഘോഷ് രംഗത്തെത്തി. മുൻ ടി.എം.സി സർക്കാർ മാറ്റിയ പഴയ നിറം പുനഃസ്ഥാപിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രീയ പ്രേരിതമല്ലെന്നും കാവി നിറം ബഹുമാനത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പ്രശസ്ത നാടകപ്രവർത്തകൻ ചന്ദൻ സെൻ പറയുന്നത് ടിക്കറ്റ് കൗണ്ടർ മുറി ഒരിക്കലും കാവി നിറത്തിലായിരുന്നില്ലെന്നാണ്.

പ്രതിഷേധത്തെ തുടർന്ന് വെള്ള പെയിന്റ് അടിച്ച കെട്ടിടത്തിന്റെ ഭാഗം ബി.ജെ.പി എംഎൽഎ രുദ്രനിൽ ഘോഷിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രവർത്തകർ ബുധനാഴ്ച വീണ്ടും കാവി നിറത്തിൽ പെയിന്റ് ചെയ്തു. ‘ജയ് ശ്രീറാം’, ‘വന്ദേ മാതരം’ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രവർത്തകർ സ്ഥലത്തെത്തിയത്.

അക്കാദമിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് സി.പി.ഐ.എം പ്രവർത്തകരാണെന്നും, കലാകാരന്മാരും നാടകപ്രവർത്തകരും സാംസ്‌കാരിക പ്രവർത്തകരും ചേർന്ന് ചുമരുകൾ വെള്ള പെയിന്റ് അടിച്ചപ്പോൾ അവർക്കിടയിൽ ഉണ്ടായിരുന്ന സി.പി.ഐ.എം നേതാവ് ബികാഷ് രഞ്ജൻ ഭട്ടാചാര്യയെയും ഘോഷ് വിമർശിച്ചു.

അതേസമയം, അക്കാദമിയെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് ഇടതുപക്ഷം ആരോപിക്കുന്നു.

സാംസ്‌കാരിക കേന്ദ്രങ്ങളെയും കലാകേന്ദ്രങ്ങളെയും രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും വിമർശനമുയരുന്നുണ്ട്.

ഈ വിഷയത്തിൽ ബി.ജെ.പിക്കെതിരെ പ്രതിഷേധിച്ച ഇടതുപക്ഷ ചലച്ചിത്ര സംവിധായകൻ കമലേശ്വർ മുഖർജി ‘ഒരു രാഷ്ട്രീയ അഭിപ്രായമോ, പ്രത്യയശാസ്ത്രമോ ബലപ്രയോഗത്തിലൂടെ സ്ഥാപിക്കാനാവില്ല’ എന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.

Content Highlight:BJP Paints Kolkata’s Academy of Fine Arts Saffron

 

 

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.