ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററിലെത്തി കണ്ട മലയാള ചിത്രം എന്ന റെക്കോഡ് സ്വന്തമാക്കിയ സിനിമയായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്ലഹേം കുടുംബ യൂണിറ്റ്. പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡിയും പ്രൊഡക്ഷന്‍ ഹൗസായ ഭാവന സ്റ്റുഡിയോസും ഒന്നിച്ച ബെത്ലഹേം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഓണം വെക്കേഷന്‍ ലക്ഷ്യമിട്ട് ഓഗസ്റ്റ് 21ന് തിയേറ്ററുകളിലെത്തിയ ചിത്രം 325 കോടിയിലധികമാണ് ബോക്സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്. ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രം കേരള ബോക്‌സ് ഓഫീസില്‍ നിന്നും 150 കോടി കടക്കുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. രണ്ടും മൂന്നും തവണ തിയേറ്ററുകളിലെത്തി ചിത്രം കണ്ടവരും ഒട്ടനവധിയാണ്. ബോക്‌സ് ഓഫീസിലെ വിജയകുതിപ്പിന് പിന്നാലെ ജിയോ ഹോട്‌സ്റ്റാറിലൂടെ ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു.

ഇന്‍ഡസ്ട്രി ഹിറ്റ് മുതല്‍ ഏറ്റവുമധികം ഫുട്ഫാള്‍സ് വരെ പല റെക്കോഡുകളും ബെത്ലഹേം സ്വന്തമാക്കിയിട്ടുണ്ട്. ഓരോ റെക്കോഡുകളും ഏതൊക്കെയാണെന്ന് നോക്കാം. ഇന്‍ഡസ്ട്രിയിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയായി ബെത്ലഹേം കുടുംബ യൂണിറ്റ് മാറി. റിലീസ് ചെയ്ത് 35 ദിവസം കൊണ്ട് 329 കോടിയാണ് സ്വന്തമാക്കിയത്. ലോകഃ ചാപ്റ്റര്‍ വണ്ണിനെ മറികടന്നാണ് ബെത്ലഹേം ഒന്നാമതെത്തിയത്.

കേരളത്തില്‍ നിന്ന് മാത്രം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയായും ബി.കെ.യു മാറി. 157 കോടിയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയത്. വാഴ 2നെ ബഹുദൂരം പിന്നിലാക്കിയാണ് ബെത്ലഹേം കേരള ബോക്സ് ഓഫീസില്‍ ഒന്നാമതെത്തിയത്. ഇത് മറികടക്കാന്‍ ഏത് സിനിമക്ക് സാധിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. ഏറ്റവുമധികം ടിക്കറ്റ് വിറ്റുപോയ സിനിമയെന്ന നേട്ടവും ബെത്ലഹേമിനാണ്. പുലിമുരുകന്റെ 85 ലക്ഷം ടിക്കറ്റുകളെന്ന റെക്കോഡിനെ പഴങ്കഥയാക്കി 92 ലക്ഷം ടിക്കറ്റുകളാണ് ബെത്ലഹേമിന്റേതായി വിറ്റുപോയത്. കേരളത്തില്‍ മാത്രം ഏറ്റവുമധികം ഷോസ് എന്ന റെക്കോഡും ഇതിനോടകം ബെത്ലഹേം സ്വന്തം പേരിലാക്കിക്കഴിഞ്ഞു.

ദൃശ്യം 3. Photo: District

എന്നാല്‍ 2026ല്‍ കേരള ബോക്‌സ് ഓഫീസിലെ ഓപ്പണിങ് ഡേയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോര്‍ഡില്‍ ഒമ്പതാം സ്ഥാനത്താണ് ബെത്‌ലഹേം ഉള്ളത്. മോഹന്‍ലാല്‍ നായകനായ ദൃശ്യവും അതിഥി വേഷത്തിലെത്തിയ പേട്രിയറ്റുമാണ് ഇത്തരത്തില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ചിത്രങ്ങള്‍. ഇനി വരാനിരിക്കുന്നതില്‍ ജയിലര്‍ 2 ഒഴികെ മറ്റൊരു ചിത്രവും ഇതിന് ഭീഷണിയാകുന്നില്ലെന്നും കാണാം.

Content Highlight: Bethlehem Kudumba unit misses Mohanlal’s record of Highest opening day movie of 2026