ബെംഗളൂരു സ്‌ഫോടന കേസ്; കിട്ടേണ്ടിയിരുന്നത് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ; 17 വര്‍ഷത്തോളം വിചാരണ തടവുകാരനായ കുടക് സ്വദേശി ജയിലില്‍ അന്തരിച്ചു
India
ബെംഗളൂരു സ്‌ഫോടന കേസ്; കിട്ടേണ്ടിയിരുന്നത് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ; 17 വര്‍ഷത്തോളം വിചാരണ തടവുകാരനായ കുടക് സ്വദേശി ജയിലില്‍ അന്തരിച്ചു
നിഷാന. വി.വി
Saturday, 13th June 2026, 2:45 pm

ബെംഗളൂരൂ: ബെംഗളൂരു സ്‌ഫോടന കേസില്‍ 17 വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയായിരുന്ന കുടക് സ്വദേശി അബ്ദുല്‍ ഖാദര്‍ അന്തരിച്ചു. പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായിരുന്ന അദ്ദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹൃദസ്തംഭനം മൂലം മരണപ്പെടുകയായിരുന്നു.

കടുത്ത പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ജയിലിനുള്ളില്‍ തന്നെ അദ്ദേഹം ചികിത്സ തേടിയിരുന്നു. പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി, തടിയന്റെവിട നസീര്‍ എന്നിവരടക്കം 32 പേരെ പ്രതിചേര്‍ത്ത കേസില്‍ 29ാം പ്രതിയാണ് അബ്ദുല്‍ ഖാദര്‍.

പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയെന്നതായിരുന്നു അദ്ദേഹത്തിനെതിരായ കേസ്. എന്നാല്‍ പരമാവധി മൂന്ന് വര്‍ഷം മാത്രം ശിക്ഷ ലഭിക്കാവുന്ന കേസിലാണ് അദ്ദേഹത്തെ വിചാരണപോലും കൂടാതെ 17 വര്‍ഷത്തോളം വിചാരണ തടവുകാരനാക്കിയത്.

ഇക്കാലയളവില്‍ ചെറിയ പരോളുകള്‍ അല്ലാതെ ജാമ്യമൊന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. കിഡ്‌നി, ഹൃദയം എന്നിവ തകരാറിലായതോടെ ജാമ്യത്തിനായി ആറ് തവണ സെഷന്‍സ് കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യ ഹരജി തള്ളുകയായിരുന്നു.

പ്രമേഹത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇടതുകാല്‍ മുറിച്ച് മാറ്റിയിരുന്നു. ഇതോടെ വീല്‍ചെയറിലായിരുന്നു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. ജൂണ്‍ 22നകം ആവശ്യമായ ചികിത്സ നല്‍കാന്‍ ചീഫ് സുപ്രണ്ട് ഓഫ് പ്രിസണ്‍സിന് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അത് കാത്ത് നില്‍ക്കാതെ അദ്ദേഹം മടങ്ങി.

2008 ജൂലൈ 25 നാണ് ബെംഗളൂരു നഗരത്തില്‍ സ്‌ഫോടനം നടന്നത്. മഡിവാള, അഡുഗോഡി, കോരമംഗല, നായന്ദഹള്ളി, വിറ്റല്‍മല്യ റോഡ്, ലാങ്‌ഫോര്‍ഡ് റോഡ്, റിച്ച്മണ്ട് സര്‍ക്കിള്‍ എന്നിവിടങ്ങളായിരുന്നു ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കേരള സ്വദേശിയായ തടിയന്റവിട നസീര്‍ അടക്കം 11 പേരെ മാത്രം പ്രതിയാക്കി 2009-ല്‍ അന്വേഷണം ആരംഭിച്ച കേസില്‍ വളരെ വൈകിയാണ് അബ്ദുല്‍ ഖാദറിനെ പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

നസീറിനും സംഘത്തിനും കുടകില്‍ ക്ലാസ് നടത്തുന്നതിനായി അബ്ദുല്‍ ഖാദര്‍ തന്റെ ഉടമസ്ഥതയിലുള്ള ഇഞ്ചിത്തോട്ടം വാടകയ്ക്ക് എടുത്തു നല്‍കിയെന്നതായിരുന്നു പൊലീസ് കണ്ടെത്തിയ കുറ്റം. കേസിന്റെ ആദ്യഘട്ടത്തില്‍ ഇദ്ദേഹത്തെ മാപ്പുസാക്ഷിയാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചിരുന്നെങ്കിലും പിന്നീട് പ്രതി ചേര്‍ക്കുകയാണുണ്ടായത്.

Content Highlight: Bengaluru blast case; Should have received three years in prison; Kodagu native, who was under trial for 17 years, dies in jail

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.