സർവ്വം മായയിൽ വെറും പത്ത് മിനിറ്റ് റോളാണെന്ന് പറഞ്ഞു; തിയേറ്ററിൽ പോയപ്പോൾ സിനിമ മുഴുവൻ റിയ: ബേസിൽ ജോസഫ്
Malayalam Cinema
സർവ്വം മായയിൽ വെറും പത്ത് മിനിറ്റ് റോളാണെന്ന് പറഞ്ഞു; തിയേറ്ററിൽ പോയപ്പോൾ സിനിമ മുഴുവൻ റിയ: ബേസിൽ ജോസഫ്
നന്ദന എം.സി
Thursday, 7th May 2026, 1:47 pm

റിയ ഷിബു മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് സർവ്വം മായ എന്ന ചിത്രത്തിലൂടെയാണ്. ക്യൂട്ട് യക്ഷിയായി എത്തിയ താരത്തിന്റെ പ്രകടനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിവിൻ പോളി നായകനായെത്തിയ ചിത്രത്തിൽ റിയയുടെ കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തതും ഏറെ ചർച്ചയായിരുന്നു.

റിയ ഷിബു, Photo: OTT Play

ഇപ്പോൾ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ മൾട്ടി സ്റ്റാർ ചിത്രത്തിൽ നായികയായി എത്തുകയാണ് റിയ. ഇതിനിടെ റിയയെ കുറിച്ച് ബേസിൽ ജോസഫ് പറഞ്ഞ രസകരമായ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

‘സർവ്വം മായയിൽ അഭിനയിക്കുന്ന കാര്യം ഞങ്ങളോട് പറഞ്ഞിരുന്നില്ല. പറഞ്ഞത് ചെറിയൊരു റോളാണ്, പത്ത് മിനിറ്റ് മാത്രം ഉണ്ടാകുമെന്നായിരുന്നു. ചെറിയ റോളാണെന്ന് പറഞ്ഞാൽ കുഴപ്പമില്ലായിരുന്നു, പക്ഷേ പത്ത് മിനിറ്റ് മാത്രമാണെന്ന് പ്രത്യേകം പറഞ്ഞു.

പിന്നെ ഞങ്ങളുടെ ഷൂട്ട് കഴിഞ്ഞ സമയത്താണ് സിനിമ റിലീസ് ചെയ്തത്. ആ പത്ത് മിനിറ്റ് റോൾ കാണാൻ തിയേറ്ററിൽ പോയി. പക്ഷേ പത്ത് മിനിറ്റ് കഴിഞ്ഞിട്ടും കഥാപാത്രം തീരുന്നില്ല. സിനിമ തീരുന്നതുവരെ റിയ ഉണ്ടായിരുന്നു.

ടൈറ്റിൽ കഥാപാത്രം തന്നെയായിരുന്നു റിയ ചെയ്തത്. പിന്നെ എന്തിനാണ് ഞങ്ങളോട് അങ്ങനെ പറഞ്ഞതെന്ന് ഇന്നും അറിയില്ല,’ എന്നാണ് ബേസിൽ ജോസഫ് തമാശയായി പറഞ്ഞത്.

അതിരടി, Photo: IMDb

അഖിൽ സത്യന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സർവ്വം മായയിൽ അജു വർഗീസ്, ജനാർദ്ദനൻ, അൽത്താഫ് സലിം എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ 100 കോടി കടന്ന് വമ്പൻ വിജയമായി മാറുകയും നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമെന്ന നേട്ടം സ്വന്തമാക്കുകയും ചെയ്തു.

അതേസമയം, മൾട്ടി സ്റ്റാർ കാസ്റ്റുമായി എത്തുന്ന അതിരടിക്ക് മറ്റൊരു പ്രത്യേകതയും ഉണ്ട്. ബേസിൽ ജോസഫ് ആദ്യമായി നിർമാതാവാകുന്ന ചിത്രമാണിത്. പ്രഖ്യാപന സമയത്തുതന്നെ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ച ചിത്രം മെയ് 14ന് തിയേറ്ററുകളിലെത്തും.

Content Highlight: Basil Joseph says that Riya said that she only had a ten-minute role in Sarvam Maya.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.