മലയാള സിനിമയിൽ സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നടനാണ് ഭഗത് മാനുവൽ. ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്.
തുടർന്ന് നായകനായും സഹനടനായും നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം, ‘ആട്’ സീരീസിലെ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറി.
ഇപ്പോൾ ‘ആട്’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഭഗത്. കുതിര സവാരി പഠിക്കാനായി പോയ സമയത്തെ സംഭവങ്ങളാണ് താരം മലയാളം ഫിലിം ബീറ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
‘നമ്മളെക്കാൾ വലിയ കുതിരയാണ്. അതിന്റെ അടുത്ത് പോകുന്നതിന് മുമ്പ് തന്നെ ദൈവത്തോട് പ്രാർത്ഥിച്ചാണ് കയറാറ്. ഒന്നും പ്രശ്നമില്ലാതെ പോവട്ടെ എന്നായിരുന്നു മനസ്.
കുതിരയ്ക്ക് മുകളിൽ കയറിയിരിക്കുമ്പോൾ ചിലപ്പോൾ അത് റിവേഴ്സ് പോകും. ഷോട്ടിന്റെ സമയത്ത് സ്പീഡ് കിട്ടാൻ വേണ്ടി കുതിരയെ ചിലപ്പോൾ അടിക്കും. അങ്ങനെ ചെയ്‌താൽ അത് പെട്ടെന്ന് നിയന്ത്രണം വിട്ട് ഒറ്റയടിക്ക് ഓടിപ്പോകും,’ എന്നാണ് ഭഗത് പറഞ്ഞത്.
അതേസമയം, ഈ വർഷത്തെ വലിയ വിജയചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ‘ആട് 3’. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം മുൻ ഭാഗങ്ങളേക്കാൾ വലിയ സ്വീകരണമാണ് നേടിയത്.
ആദ്യ ഭാഗം തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാതിരുന്നെങ്കിലും രണ്ടാം ഭാഗവും മൂന്നാം ഭാഗവും വൻ ഹിറ്റായി മാറി.
ജയസൂര്യ, വിനായകൻ, സൈജു കുറുപ്പ്, സണ്ണി വെയിൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ഓരോ താരവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും സാത്താൻ സേവ്യറായി സണ്ണി വെയിനും തങ്ങളുടെ കഥാപാത്രങ്ങളെ ഏറെ ജനപ്രിയമാക്കി. ആഗോള ബോക്സ് ഓഫീസിൽ 101 കോടിയിലധികം കളക്ഷൻ നേടി ‘ആട് 3’ മെഗാബ്ലോക്ക്ബസ്റ്റർ വിജയമായി മാറിയിരിക്കുകയാണ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.