ആഗ്രഹിച്ച് തന്നെ സിനിമയില്‍ വന്നയാളാണ് ഞാന്‍, എല്ലാ തരം കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം: ആര്‍ഷ ബൈജു
Malayalam Cinema
ആഗ്രഹിച്ച് തന്നെ സിനിമയില്‍ വന്നയാളാണ് ഞാന്‍, എല്ലാ തരം കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം: ആര്‍ഷ ബൈജു
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 9th August 2026, 12:12 pm

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ആര്‍ഷ ബൈജു. 2019ല്‍ പുറത്തിറങ്ങിയ പതിനെട്ടാം പടി എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് ആര്‍ഷ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നാലെ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് ആര്‍ഷ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ആര്‍ഷ ബൈജു. Photo: X.com

പിന്നീട് രാമചന്ദ്ര ബോസ് ആന്‍ഡ് കോ, ഫാമിലി, തുടരും തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം ശ്രദ്ധിക്കപ്പെട്ട ആര്‍ഷയുടേതായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ആദിത്യന്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത പ്ലൂട്ടോ. നീരജ് മാധവ് അല്‍ത്താഫ് സലീം തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രത്തില്‍ മീര എന്ന കഥാപാത്രമായാണ് ആര്‍ഷ വേഷമിട്ടത്. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്.

ചിത്രവുമായി ബന്ധപ്പെട്ട് മാതൃഭൂമി വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ താന്‍ സിനിമയിലേക്കെത്തിയതിനെ കുറിച്ച് ആര്‍ഷ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അഭിനയിക്കണമെന്നത് പഠിക്കുമ്പോള്‍ മുതലുള്ള ആഗ്രഹമാണെന്നും എല്ലാതരം കഥാപാത്രങ്ങളും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ആര്‍ഷ പറയുന്നു.

‘ ആവറേജ് അമ്പിളി കണ്ടിട്ടാണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സിലേക്ക് വിളിച്ചത്. അമ്പിളിയുടെ കണ്ണില്‍ നിഷ്‌കളങ്കതയുണ്ടായിരുന്നു. അങ്ങനെയൊന്ന് നെഗറ്റീവ് കഥാപാത്രത്തിലേക്ക് വരുമ്പോള്‍ ക്ലിക്കാവുമെന്ന് തോന്നി എന്നാണ് സംവിധായകന്‍ പറഞ്ഞത്. പിന്നെ ആളുകള്‍ ആ കഥാപാത്രത്തെ കുറിച്ച് മുന്‍കൂട്ടി മനസിലാക്കില്ലല്ലോ. തുടരും ചെയ്തതിന് ശേഷം രണ്ട് ചിത്രങ്ങളിലേക്ക് വിളി വന്നിരുന്നു. ഒരു കഥാപാത്രം എഴുതുമ്പോള്‍ നമ്മളെ ഓര്‍ക്കുന്നത് നമ്മള്‍ നന്നായി ചെയ്യുന്നത് കൊണ്ടായിരിക്കുമല്ലോ.

ആര്‍ഷ ബൈജു. Photo: Asianet News

കഥാപാത്രം ഇഷ്ടപ്പെട്ടാല്‍ ഞാന്‍ ചെയ്തിരിക്കും. മുമ്പ് കരിയറില്‍ പ്ലാനിങ്ങുണ്ടായിരുന്നു. പക്ഷേ സിനിമയില്‍ വന്നുകഴിഞ്ഞപ്പോഴാണ് പ്ലാന്‍ ചെയ്യുന്നത് പോലെയല്ല കാര്യങ്ങള്‍ എന്ന് മനസിലായത്. അഭിനയിക്കണമെന്നത് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതലുള്ള ആഗ്രഹമായിരുന്നു. ആഗ്രഹിച്ച് തന്നെ സിനിമയില്‍ വന്ന ആളാണ് ഞാന്‍.

എല്ലാ തരം കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം. കോമഡി കഥാപാത്രങ്ങള്‍ ചെയ്തുഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ കോമഡി ചെയ്യാന്‍ ഇഷ്ടമാണ്. ചെയ്യാന്‍ പറ്റുമെന്ന് തോന്നിയിട്ടുണ്ട്,’ ആര്‍ഷ ബൈജു പറഞ്ഞു.

Content Highlight: Arsha Baiju talks about her cinema career and experience

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.