തന്റെ തെലുങ്ക് – ഹിന്ദി സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ. 2017ലാണ് വിജയ് ദേവരകൊണ്ടയെ നായകനാക്കി അദ്ദേഹത്തിന്റെ ആദ്യ സിനിമയായ അര്‍ജുന്‍ റെഡ്ഡി പുറത്തിറങ്ങുന്നത്.

ആ സിനിമ വലിയ കൊമോര്‍ഷ്യല്‍ വിജയമാവുകയും ചെയ്തിരുന്നു. പിന്നീട് 2019ല്‍ ഹിന്ദിയില്‍ ഷാഹിദ് കപൂറിനെ നായകനാക്കി അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കായ കബീര്‍ സിങ്ങും പുറത്തിറങ്ങി.

ആ സിനിമയും വന്‍വിജയമായിരുന്നു. താന്‍ ഷാരൂഖ് ഖാന്റെ ആരാധകനാണെന്നും ഷാരൂഖിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും തുറന്നുപറയുകയാണ് സന്ദീപ് റെഡ്ഡി വംഗ.

തന്റെ അനിമല്‍ സിനിമയുടെ ഭാഗമായി പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്ദീപ് റെഡ്ഡി.

ഷാരൂഖ് ഖാനെ കണ്ടപ്പോള്‍ താന്‍ അദ്ദേഹത്തിന്റെ ആരാധകനാണെന്ന് പറഞ്ഞിട്ടുണ്ടെന്നും സന്ദീപ് റെഡ്ഡി കൂട്ടിചേര്‍ത്തു. ഷാരൂഖ് ഖാനോടൊപ്പം ഏതുതരം സിനിമയാണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനും മറുപടി പറഞ്ഞു.

‘ഞാന്‍ ഈ അടുത്തിടെ ഷാരൂഖ് ഖാനെ കണ്ടിരുന്നു എന്നുള്ളത് സത്യമാണ്. അദ്ദേഹവുമായി അധിക നേരം സംസാരിച്ചിരുന്നില്ല. എങ്കിലും സാറിനോട് അദ്ദേഹത്തിന്റെ ഒരു വലിയ ആരാധകനാണെന്ന് ഞാന്‍ പറഞ്ഞിരുന്നു.

ഏതുതരം സിനിമയാകും ഷാരൂഖ് ഖാനോടൊപ്പം ചെയ്യുന്നതെന്ന് എനിക്കും വ്യക്തമല്ല, എങ്കിലും തീര്‍ച്ചയായും ഷാരൂഖ് ഖാനെ വച്ച് ഒരു സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്,’ സന്ദീപ് റെഡ്ഡി വംഗ പറഞ്ഞു.

സന്ദീപ് റെഡ്ഡിയുടെ ഏറ്റവും പുതിയ സിനിമയാണ് അനിമല്‍. രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രം അടുത്ത ദിവസം റിലീസാവുകയാണ്. ഈ സാഹചര്യത്തില്‍ താന്‍ ഒരു കോമഡി ചിത്രം സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ കൈയ്യില്‍ ഒരു കോമഡി സിനിമക്കുള്ള സ്‌ക്രിപ്റ്റുണ്ട്, പക്ഷേ അത് എപ്പോള്‍ ചെയ്യാന്‍ കഴിയുമെന്ന് എനിക്കറിയില്ല,’ സന്ദീപ് റെഡ്ഡി പറയുന്നു.

അതേസമയം, അനിമലിന് ശേഷം അദ്ദേഹം പ്രഭാസിനെ നായകനാക്കി സ്പിരിറ്റെന്ന സിനിമ ചെയ്യുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. അല്ലു അര്‍ജുനെ നായകനാക്കിയും അദ്ദേഹം ഒരു സിനിമയെടുക്കുന്നുണ്ട്. എന്നാല്‍ ആ സിനിമയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടില്ല.


Content Highlight: Arjun Reddy Movie Director Sandeep Reddy Talks About Shah Rukh Khan Movie