നമ്പി നാരായണനും അജയ് സന്യാലും; റിയല്‍ ലൈഫ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടുന്ന മാധവന്‍
Indian Cinema
നമ്പി നാരായണനും അജയ് സന്യാലും; റിയല്‍ ലൈഫ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടുന്ന മാധവന്‍
അശ്വിന്‍ രാജേന്ദ്രന്‍
Friday, 6th February 2026, 1:07 pm

കാര്യപ്പെട്ട ഹൈപ്പോ പ്രൊമോഷനോ ഇല്ലാതെ തിയേറ്ററുകളിലെത്തി ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ആദിത്യ ധര്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ധുരന്ധര്‍. പാകിസ്താനിലേക്ക് ഇന്ത്യ അയക്കുന്ന ചാരന്റെ കഥ പറയുന്ന ധുരന്ധര്‍ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ഒരുക്കിയിരുന്നത് എന്നതും പ്രത്യേകതായിരുന്നു. രാജ്യം അശോക ചക്ര നല്‍കി ആദരിച്ച മോഹിത് ശര്‍മയുടെ കഥാപാത്രത്തെയാണ് രണ്‍വീര്‍ അവതരിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ മറ്റൊരു കഥാപാത്രം തമിഴ് നടന്‍ ആര്‍.മാധവന്‍ അവതരിപ്പിച്ച അജയ് സന്യാല്‍ ആയിരുന്നു. ഇന്ത്യയുടെ നിലവിലെ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായ അജിത് ഡോവലിനോട് ഏറെ സാമ്യതയുള്ള കഥാപാത്രമായിരുന്നു അജയ് സന്യാലിന്റെത്. മുംബൈ ഭീകരാക്രമണം, പാര്‍ലമെന്റ് ഭീകരാക്രമണം, കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍ തുടങ്ങി ഇന്ത്യയെ പിടിച്ചു കുലുക്കിയ സംഭവങ്ങളെല്ലാം ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ അജിത് ഡോവല്‍ രാജ്യത്തെ പ്രതിരോധ സംവിധാനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

അജിത് ഡോവലും ധുരന്ധറില്‍ മാധവന്‍ അവതരിപ്പിച്ച കഥാപാത്രവും. Photo: Ananthan Vijayan/ Facebook.com

രണ്‍വീറിന്റെയും അക്ഷയ് ഖന്നയുടെയും പ്രകടനങ്ങള്‍ക്ക് പുറമെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് പിന്നാലെ മാധവന്റെ പ്രകടനത്തിനും പ്രേക്ഷകരില്‍ നിന്നും വലിയ പ്രശംസ ലഭിച്ചിരുന്നു. ഒരു റിയല്‍ ലൈഫ് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ കഥാപാത്രത്തിന് വേണ്ടി താരം എടുത്ത തയ്യാറെടുപ്പുകളും മേക്കോവറുമാണ് ശ്രദ്ധിക്കപ്പെടുന്നത്.

2022 ല്‍ പുറത്തിറങ്ങിയ റോക്കറ്ററി: ദ നമ്പി എഫക്ടില്‍ മാധവന്‍ അവതരിപ്പിച്ച ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായ നമ്പി നാരായണന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രവും താരത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ്. ധുരന്ധറിലെ അജയ് സന്യാലിനൊപ്പം സിനിമാ ആരാധകര്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ മാധവന്റെ ഈ കഥാപാത്രവും ചര്‍ച്ചയാക്കുന്നു.

താന്‍ മുമ്പ് ചെയ്തുവെച്ച കഥാപാത്രങ്ങളുടെയൊന്നും മാനറിസങ്ങളില്ലാതെയാണ് ഇരു വേഷങ്ങളും താരം അവതിരിപ്പിച്ചിരിക്കുന്നത് എന്നതാണ് പ്രശംസക്ക് കാരണം. ഇതിന് പുറമെ മാധവാനാണെന്ന് കണ്ടാല്‍ മനസ്സിലാകാത്ത വിധത്തിലുള്ള മേക്കോവറും മാധവന്റെ നേട്ടമാണ്. തന്നെക്കാള്‍ പ്രായമേറിയതും ഗൗരവമേറിയതുമായ ഇരുകഥാപാത്രങ്ങളും കൃത്യതയോടെയാണ് താരം കൈകാര്യം ചെയ്തതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

നമ്പി നാരായണനും റോക്കറ്ററിയില്‍ മാധവന്‍ അവതരിപ്പിച്ച കഥാപാത്രവും.Photo: Ananthan Vijayan/ Facebook.com

ധുരന്ധറില്‍ മാധവന്റെ പ്രകടനത്തിന് ഭിന്നാഭിപ്രായങ്ങളിലെങ്കിലും അജയ് സന്യാല്‍ എന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങള്‍ക്ക് എതിരെയും മാധവനെതിരെയും വലിയ രീതിയില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പാകിസ്താനില്‍ നിന്നും വരുന്ന കള്ളനോട്ടിനെക്കുറിച്ച് പരാമര്‍ശിക്കുന്ന രംഗത്തില്‍ ‘ ഭാവിയില്‍ എപ്പോഴെങ്കിലും ഇന്ത്യ മുന്നേറണമെന്ന് ആഗ്രഹിക്കുന്ന ഒരു ഗവണ്‍മെന്റ് വരും, അവരിലൂടെ രാജ്യം ശുദ്ധിയാകും’ എന്ന ഡയലോഗാണ് ഇതില്‍ പ്രധാനം. 2002-2009 കാലഘട്ടത്തില്‍ നടക്കുന്ന കഥയായതിനാല്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ ഉദ്ദേശിച്ചാണ് ഡയലോഗെന്നും അടുത്ത് നാഷണല്‍ അവാര്‍ഡിന് വേണ്ടി സംവിധായകന്‍ മോദിജിയെ സുഖിപ്പിച്ചതാണെന്നും പരിഹാസമുയര്‍ന്നിരുന്നു.

ചിത്രത്തില്‍ ദേശസ്‌നേഹം തുടിക്കുന്ന കഥാപാത്രം അവതരിപ്പിച്ച മാധവന്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത് ദുബൈയിലാണെന്നും ആറ് മാസത്തിലൊരിക്കല്‍ ഇന്ത്യയില്‍ വന്ന് സിനിമ ചെയ്ത് പോകുന്നതാണ് താരത്തിന്റെ രീതിയെന്നും ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. അതേസമയം പാകിസ്താനും ബംഗ്ലാദേശുമടക്കം മുപ്പത്തിരണ്ടോളം രാജ്യങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സിലെ ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ധുരന്ധര്‍ ഇടം നേടിയിട്ടുണ്ട്.

Content Highlight: Appreciation for Actor Madhavan for his role in Dhurandhar and Rocketry: The Nambi effect

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.