തന്നെക്കുറിച്ചുള്ള ട്രോളുകളും കമന്റുകളുമൊക്കെ വായിക്കാറുണ്ടെന്ന് നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. ട്രോള്‍ വീഡിയോകളിലെ കമന്റുകള്‍ വായിക്കുന്നത് പ്രത്യേകിച്ച് രസമാണെന്നും തന്നെക്കുറിച്ചുള്ള ട്രോളുകള്‍ പലപ്പോഴും താന്‍ ആസ്വദിച്ചാണ് വായിക്കാറുള്ളതെന്നും സംഗീത് പറയുന്നു. എന്നാല്‍, അടുത്തിടെ താന്‍ കേട്ട ഒരു ഗോസിപ്പ് അതിലും രസകരമായിരുന്നുവെന്നും സംഗീത് പറഞ്ഞു.
‘കമന്റുകളൊക്കെ വായിക്കുന്നത് കൂടുതലാണ്. ഒരു റീല്‍ കണ്ടാല്‍ പോലും കമന്റ് വായിക്കും. ട്രോള്‍ വീഡിയോ ആണെങ്കില്‍ ഉറപ്പായും കമന്റ് വായിച്ചിരിക്കും. കാരണം ആ വീഡിയോ ഇടുന്നവരേക്കാള്‍ ക്രിയേറ്റീവായിരിക്കും കമന്റ് ഇടുന്നവര്‍. പീക്ക് കമന്റോളികള്‍ ഉണ്ടല്ലോ. അത് അടിപൊളിയാണ്. ആ കള്‍ച്ചറിന്റെ ഭാഗമായതുകൊണ്ട് നമ്മളും കമന്റ് വായിക്കും.
എന്നെക്കുറിച്ചുള്ള ട്രോളുകള്‍ വായിച്ച് ഞാന്‍ തന്നെ ചിരിക്കാറുണ്ട്. ഞാന്‍ സ്റ്റേറ്റ് അവാര്‍ഡിന് പോയിരിക്കുമ്പോള്‍ രാജുവേട്ടന്റെ അടുത്ത് പോയി ഇങ്ങനെ വിളിക്കുന്ന ഒരു സംഭവം ശരിക്കും നടന്നതാണ്. പക്ഷേ ഇവന്മാര്‍ അത് റിവേഴ്സ് ഇട്ട് ഒരു പരിപാടി ചെയ്തു. അത് കുറച്ച് ഓടിയിരുന്നു. അതുപോലെ പാണ്ടിപ്പടയിലെ സീനുകളില്‍ നമ്മുടെ മുഖമൊക്കെ വെച്ചിട്ടുള്ള ട്രോളുകള്‍ വരും. ഞാന്‍ അവര്‍ക്ക് കമന്റിടുകയും മെസേജ് അയക്കുകയും ഫോളോ ചെയ്യുകയുമൊക്കെ ചെയ്യാറുണ്ട്,’ സംഗീത് പറഞ്ഞു.

എന്നാല്‍, ചില കമന്റുകള്‍ തമാശയായി കാണാന്‍ കഴിയാത്തതാണെന്നും സംഗീത് പറയുന്നു. ‘ഇവനൊന്നും ജീവിക്കാനേ അര്‍ഹനല്ല, ഇവനൊക്കെ എന്തിനാണ് ജീവിക്കുന്നത് എന്നൊക്കെയുള്ള കമന്റുകള്‍ പെയിന്‍ഫുളാണ്. അതുപോലെ ഇവനൊക്കെ നായകനാകേണ്ട ആവശ്യമുണ്ടോ, വേറെ എന്തെങ്കിലും പരിപാടി നോക്കി ജീവിച്ചാല്‍ പോരേ എന്നൊക്കെ ചോദിക്കുന്ന കമന്റുകളുമുണ്ട്.
നമ്മള്‍ ഒരു കഥാപാത്രം പെര്‍ഫോം ചെയ്യാന്‍ നില്‍ക്കുമ്പോള്‍ തന്നെ ഉള്ളില്‍ വലിയ കോണ്‍ഫ്ളിക്ടുകളുണ്ടാകും. ഇത് നമുക്ക് ചെയ്യാന്‍ പറ്റുമോ എന്നൊക്കെയുള്ള ആലോചന ആക്ഷന് മുമ്പ് ഉണ്ടാകും. കുറേ ഹാര്‍ഡ് വര്‍ക്ക് ചെയ്ത് ഡയലോഗൊക്കെ പഠിച്ച് ഇന്‍സെക്യുറായി നില്‍ക്കുന്ന സമയത്ത്, ആക്ഷന് തൊട്ടുമുമ്പ് ഡയറക്ടര്‍ വന്ന് ഒന്ന് ചിരിച്ചേക്ക് എന്ന് പറയുമ്പോഴായിരിക്കും, ‘ഇവന്റെയൊക്കെ ചിരി കണ്ടാല്‍ തന്നെ നമുക്ക് പ്രാന്ത് പിടിക്കും’ എന്ന കമന്റ് ഹിറ്റാകുന്നത്. പിന്നെ നമ്മള്‍ അതിനെയും കട്ട് ചെയ്യണം,’ സംഗീത് കൂട്ടിച്ചേര്‍ത്തു.
അതിനിടെ, അടുത്തിടെ തന്നെക്കുറിച്ച് കേട്ട ഒരു ഗോസിപ്പ് തനിക്ക് ഏറെ ചിരിയുണ്ടാക്കിയെന്നും സംഗീത് പറയുന്നു. ‘നമ്മള്‍ ചെയ്യാത്തതും പറയാത്തതുമായ കാര്യങ്ങളാണ് കേള്‍ക്കുന്നതെങ്കില്‍ ഭയങ്കര ഇന്ററസ്റ്റിങ്ങാണ്. ഏറ്റവും ഒടുവില്‍ എന്നെപ്പറ്റി വന്ന ഗോസിപ്പ് ഭയങ്കര രസമായിരുന്നു.

സംഗീത് പ്രതാപ്. Photo: Screen grab/ Youtube.com
എന്റെ ഒരു സുഹൃത്ത് രണ്ട് പേര്‍ തമ്മില്‍ അത് പറയുന്നത് നേരിട്ട് കേട്ടു. അവന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, ”എടാ, നീ കാരവന്‍ ഇല്ലാത്തതിന്റെ പേരില്‍ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി എന്ന് കേട്ടു.” എന്ന് പറഞ്ഞു, ”എടാ, അതല്ല കോമഡി.” അത് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും കാരവന് എന്തോ പ്രശ്നമുണ്ടായിരുന്നെന്ന് തോന്നും. പക്ഷേ രസം അതല്ല. മറ്റേയാള്‍ കാരവന് എന്തായിരുന്നു പ്രശ്നം എന്ന് ചോദിച്ചപ്പോള്‍ മറ്റേയാള്‍ പറഞ്ഞത്, ”അവന് കാരവന്റെ കളര്‍ ഇഷ്ടപ്പെട്ടില്ല” എന്നാണ്. എടാ മോനെ, പീക്ക് സിനിമ! ഇത് കുറച്ച് ഓടിക്കോട്ടെ. കേള്‍ക്കുന്നവര്‍ക്ക് മനസിലാകുമല്ലോ എന്നായിരുന്നു എന്റെ മറുപടി,’ സംഗീത് പറഞ്ഞു.
എന്നാല്‍, യഥാര്‍ഥത്തില്‍ താന്‍ കാരവനില്‍ അധികം സമയം ചെലവഴിക്കാറില്ലെന്നും സംഗീത് വ്യക്തമാക്കി. ‘ഞാന്‍ കാരവനില്‍ ഇരിക്കുന്നതേ കുറവാണ്. നമ്മള്‍ ടെക്നിക്കലി വന്നതുകൊണ്ട് ക്രിയേറ്റീവായ പരിപാടികള്‍ ഇന്ററസ്റ്റിങ്ങായി നോക്കിയിരിക്കാനാണ് എനിക്ക് ഇഷ്ടം. മോണിറ്ററിന്റെ പിറകില്‍ കുഞ്ഞ് ചെയറൊക്കെ ഇട്ടിട്ടുണ്ടാകും. എന്തെങ്കിലും പരിപാടിക്ക് എ.ഡി ഇറങ്ങി ഓടിയില്ലെങ്കില്‍ ഞാന്‍ ഓടും.
ക്രിയേറ്റീവ് പ്രോസസിനോടാണ് ഇപ്പോഴും ഇഷ്ടം. പുതിയ പിള്ളേര്‍ എഡിറ്റ് ചെയ്യുന്നത് നോക്കി ചില രസമുള്ള സജഷന്‍സൊക്കെ പറയുന്നതാണ് എനിക്ക് ഇഷ്ടം. ഫുഡ് കഴിക്കാനൊക്കെയായിരിക്കും നമ്മള്‍ കാരവനില്‍ കയറുക. അതൊക്കെയാണ് കഥ,’ സംഗീത് പ്രതാപ് പറഞ്ഞു.
Content Highlight: Apparently, I walked off the set because I didn’t like the colour of the caravan, actor Sangeet Prathap about Gossips
