പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച് ഇന്ന് സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരുടെ ലിസ്റ്റില്‍ ഇടംപിടിച്ച താരങ്ങളിലൊരാളാണ് അനുപമ പരമേശ്വരന്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നല്ല പ്രൊജക്ടുകളുടെ ഭാഗമായിക്കൊണ്ടാണ് കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. എല്ലാ സിനിമയിലും തന്റെ നൂറ് ശതമാനം എഫര്‍ട്ടും താരം നല്‍കാറുണ്ട്.

കഴിഞ്ഞദിവസം അനുപമയുടെ ഏറ്റവും പുതിയ ചിത്രമായ ക്രേസി കല്യാണത്തിന്റെ ടീസര്‍ ലോഞ്ച് ഹൈദരബാദില്‍ നടന്നിരുന്നു. കോമഡി ഴോണറിലൊരുങ്ങുന്ന തെലുങ്ക് ചിത്രത്തിന്റെ ടീസറിന് മികച്ച വരവേല്പാണ് ലഭിക്കുന്നത്. ടീസര്‍ ലോഞ്ചിന് ശേഷം നടന്ന പ്രസ് മീറ്റില്‍ അനുപമ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ താരം പങ്കുവെക്കുന്ന പോസ്റ്റുകളാണ് ചര്‍ച്ച. വളരെ മോശം ദിവസങ്ങളിലൂടെ കടന്നുപോവുകയാണെന്ന തരത്തിലായിരുന്നു അനുപമയുടെ പോസ്റ്റുകള്‍. ടോക്‌സിക് റിലേഷനെക്കുറിച്ചുള്ള പോസ്റ്റുകളില്‍ അനുപമ കമന്റ് പങ്കുവെക്കുന്നതുമെല്ലാം ചര്‍ച്ചയായി. ഒരു ടോക്‌സിക് റിലേഷനില്‍ നിന്ന് താരം പുറത്തുകടക്കുകയാണെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ഇത്തരം പോസ്റ്റുകള്‍ അത്യാവശ്യമാണോ എന്ന ചോദ്യത്തോട് അനുപമ പ്രതികരിച്ചു.

‘അത് എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടാണ്. അതില്‍ എന്ത് പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നയാള്‍ ഞാനാണ്. ഇത് പുറത്തുകടക്കല്‍ അല്ല, ഒരു സ്ത്രീയുടെ ട്രാന്‍സിഷനാണ്. അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. ഇപ്പോള്‍ ഞാന്‍ എല്ലാ തരത്തിലും ഓക്കെയാണെന്ന് വിശ്വസിക്കുന്നു,’ അനുപമ പരമേശ്വരന്‍ പറഞ്ഞു.

ഇത്തരം പോസ്റ്റുകളും കമന്റുകളും അപ്പുറത്തുള്ളയാളിനെ കുറ്റപ്പെടുത്തുന്നതാണോ എന്ന ചോദ്യത്തോടും താരം പ്രതികരിച്ചു. തന്നെക്കുറിച്ച് എന്തറിയാം എന്നാണ് അനുപമ തിരിച്ച് ചോദിച്ചത്. എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസിലായെന്നാണ് തന്റെ ചിന്തയെന്നും തന്റെ സോഷ്യല്‍ മീഡിയ പേജില്‍ എന്ത് പോസ്റ്റ് ചെയ്യണമെന്ന നല്ല ബോധ്യമുണ്ടെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോള്‍ ഞാന്‍ എല്ലാം സ്വയം തെരഞ്ഞെടുക്കുകയാണ്. അതിലൂടെ സന്തോഷം കണ്ടെത്താന്‍ എനിക്ക് സാധിക്കുന്നുണ്ട്. എല്ലാത്തിനുമപ്പുറം എന്റെ സ്വകാര്യജീവിതം പ്രൈവറ്റായി വെക്കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അതിനപ്പുറം ഒന്നും പറയാനില്ല. എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസിലായെന്ന് കരുതുന്നു,’ അനുപമ പറഞ്ഞു.

Content Highlight: Anupama Parameswaran about her latest social media posts