150 കോടിയുടെ ബാറോസ് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല... ആശീര്‍വാദിനെ കരകയറ്റാന്‍ ആന്റണി പ്രയോഗിച്ച ബ്രഹ്‌മാസ്ത്രമായി ദൃശ്യം 3
Malayalam Cinema
150 കോടിയുടെ ബാറോസ് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല... ആശീര്‍വാദിനെ കരകയറ്റാന്‍ ആന്റണി പ്രയോഗിച്ച ബ്രഹ്‌മാസ്ത്രമായി ദൃശ്യം 3
അമര്‍നാഥ് എം.
Sunday, 24th May 2026, 9:45 am

മലയാളത്തിലെ മികച്ച പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നാണ് ആശീര്‍വാദ് സിനിമാസ്. മോഹന്‍ലാലിന്റെ സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂര്‍ ആരംഭിച്ച പ്രൊഡക്ഷന്‍ ഹൗസ് നിരവധി ഹിറ്റുകളാണ് മലയാളത്തിന് സമ്മാനിച്ചത്. മോഹന്‍ലാല്‍ എന്ന താരത്തെ എങ്ങനെ ഉപയോഗിക്കണമെന്ന് കൃത്യമായി അറിയാവുന്ന നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.

ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ദൃശ്യം 3 ബോക്‌സ് ഓഫീസില്‍ ഗംഭീര കുതിപ്പ് നടത്തുകയാണ്. റിലീസ് ചെയ്ത് രണ്ടര ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ചിത്രം ഇടംപിടിച്ചു. ആശീര്‍വാദിന്റെ മൂന്നാമത്തെ 100 കോടിയും മോഹന്‍ലാലിന്റെ അഞ്ചാമത്തെ 100 കോടി ചിത്രമായും ദൃശ്യം 3 മാറിയിരിക്കുകയാണ്. അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ചിത്രം മാറുമെന്നാണ് കണക്കുകൂട്ടല്‍.

ബാറോസ് Photo: Antony Perumbavoor/ Facebook

ഇത്രയും മികച്ച പ്രൊഡക്ഷന്‍ ഹൗസിന് ചില സിനിമകളില്‍ കൈ പൊള്ളിയിട്ടുമുണ്ട്. മോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളായ ഒടിയന്‍, ബാറോസ് എന്നിവ അതില്‍ ചിലതാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ബാറോസ് നിര്‍മിച്ചത് ആശീര്‍വാദ് സിനിമാസായിരുന്നു. 150 കോടി ബജറ്റിലായിരുന്നു ചിത്രം ഒരുങ്ങിയത്.

മോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങിയ ബാറോസ് വലിയ തകര്‍ച്ചയായിരുന്നു നേരിട്ടത്. ബോക്‌സ് ഓഫീസില്‍ വെറും 15 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്. ബോക്‌സ് ഓഫീസ് പരാജയത്തിന് പുറമെ വലിയ ട്രോള്‍ മെറ്റീരിയലായും ബാറോസ് മാറി. ആശീര്‍വാദ് സിനിമാസിന് 100 കോടിയിലേറെ നഷ്ടമാണ് ഈ ചിത്രം നല്‍കിയത്.

പിന്നാലെ ആശീര്‍വാദ് ഒരുക്കിയ എമ്പുരാന്‍ 200 കോടിയിലേറെ കളക്ഷന്‍ നേടിയെങ്കിലും ബജറ്റിന്റെ ആധിക്യം കാരണം നിര്‍മാതാവിന് വലിയ ലാഭം ലഭിക്കാതെ പോയി. ഇതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ തന്റെ കൈയിലെ ബ്രഹ്‌മാസ്ത്രം പുറത്തെടുത്തത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബ്രാന്‍ഡായ ദൃശ്യത്തിന്റെ മൂന്നാം ഭാഗം ആന്റണി അനൗണ്‍സ് ചെയ്തു.

ജീത്തു ജോസഫ് എന്ന സംവിധായകന്‍ ഒരുക്കിയ തിരക്കഥ ഒരുപാട് ലോജിക്കില്ലായ്മ മുഴച്ചു നില്‍ക്കുന്നുണ്ടെങ്കിലും മോഹന്‍ലാല്‍ എന്ന താരത്തിന്റെ പ്രകടനം കൊണ്ട് ദൃശ്യം മികച്ച സിനിമാനുഭവമായി മാറി. റിലീസിന് മുമ്പ് തന്നെ ചിത്രം വലിയ ലാഭമാണ് സ്വന്തമാക്കിയത്. ദൃശ്യം 3യുടെ പ്രീ റിലീസ് ബിസിനസിലൂടെ 160 കോടിയോളം ആന്റണി പെരുമ്പാവൂര്‍ തന്റെ ടേബിളിലെത്തിച്ചു.

ബോളിവുഡ് പ്രൊഡക്ഷന്‍ ഹൗസായ പനോരമ സ്റ്റുഡിയോസ് വന്‍ തുകക്കാണ് ദൃശ്യം 3യുടെ റൈറ്റ്‌സ് സ്വന്തമാക്കിയത്. ദൃശ്യം എന്ന ബ്രാന്‍ഡിന്റെ വലിപ്പം കൃത്യമായി മനസിലാക്കിക്കൊണ്ടാണ് ആന്റണി പെരുമ്പാവൂര്‍ ചിത്രത്തിന്റെ ബിസിനസ് നടത്തിയത്. ആരാധകരുടെ ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കുന്ന, മോഹന്‍ലാല്‍ എന്ന താരത്തെ കൃത്യമായി ഉപയോഗിക്കുന്ന നിര്‍മാതാവാണ് ആന്റണി പെരുമ്പാവൂരെന്ന് സംശയമില്ലാതെ പറയാം.

Content Highlight: Antony Perumbavoor made a big profit through Drishyam 3 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം