മലയാളത്തിലൂടെ അരങ്ങേറി അന്യഭാഷയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിമാര്‍ ധാരാളമുണ്ട്. ആ ലിസ്റ്റിലെ അവസാന എന്‍ട്രികളാണ് അനശ്വര രാജനും മമിത ബൈജുവും. ഗിരീഷ് എ.ഡിയുടെ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഇരുവരും അന്യഭാഷയില്‍ മികച്ച സിനിമകളുടെ ഭാഗമാവുകയാണ്. പ്രേമലുവിലൂടെ സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായി മാറിയ മമിത തുടര്‍ച്ചയായി മൂന്ന് 200 കോടി ചിത്രങ്ങളാണ് ബോക്‌സ് ഓഫീസിന് സമ്മാനിച്ചത്.

അനശ്വരയാകട്ടെ മലയാളവും തമിഴും കടന്ന് ഇപ്പോള്‍ തെലുങ്കില്‍ സ്ഥിരം സാന്നിധ്യമായിരിക്കുകയാണ്. ചാമ്പ്യന്‍ എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറിയ അനശ്വര ബാക്ക് ടു ബാക്ക് പ്രൊജക്ടുകളുമായി കോളിവുഡില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പുതുമുഖ താരം സായ് അനേശ് നായകനായ ഇട്‌ലു അര്‍ജുനയാണ് അനശ്വരയുടെ അടുത്ത റിലീസ്.

എന്നാല്‍ ഇതിന് പിന്നാലെ തെലുങ്കിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ള പ്രൊജക്ടുകളില്‍ ഭാഗമാവുകയാണ് അനശ്വര. മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന കാകയാണ് ഇതില്‍ ആദ്യത്തേത്. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിരഞ്ജീവിയുടെ മകളായാണ് അനശ്വര വേഷമിടുന്നത്. മാസ് ആക്ഷന്‍ ത്രില്ലറായൊരുങ്ങുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.

തെലുങ്കിലെ മറ്റൊരു സൂപ്പര്‍താരം രവി തേജയുടെ പുതിയ ചിത്രത്തിലും അനശ്വര ഭാഗമാണ്. ഇരുമുടിയുടെ വന്‍ വിജയത്തിന് ശേഷം രവി തേജ നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന് വന്‍ വരവേല്പാണ് ലഭിക്കുന്നത്. തുലാഭാരം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആത്രേയയാണ്. സൗണ്ട് എന്ന കഥാപാത്രമായാണ് അനശ്വര തുലാഭാരത്തില്‍ വേഷമിടുന്നത്.

അന്‍ടേ സുന്ദരാനികി, സരിപ്പോദ സനിവാരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന തുലാഭാരത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ്. ജെ.ഡി. ചക്രവര്‍ത്തി, പ്രിയങ്ക മോഹന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രവി തേജക്കൊപ്പം ശക്തമായ വേഷമാകും അനശ്വരയുടെതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴില്‍ മമിത സൃഷ്ടിച്ചതുപോലെ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ അനശ്വര വലിയ ഇംപാക്ടുണ്ടാക്കുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. വിജയ്‌ക്കൊപ്പം ജന നായകന്‍, സൂര്യക്കൊപ്പം വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്നീ ചിത്രങ്ങളിലൂടെ വലിയ ഫാന്‍ബേസ് സൃഷ്ടിക്കാന്‍ മമിതക്ക് സാധിച്ചിരുന്നു. പ്രദീപ് രംഗനാഥന്‍ ആദ്യമായി നിര്‍മിക്കുന്ന പ്രൊജക്ടിലും മമിതയാണ് നായിക. മലയാളി താരങ്ങള്‍ അന്യഭാഷയിലെ സജീവസാന്നിധ്യമാകുന്നതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

Content Highlight: Ansawara Rajan is going to be the part of Ravi Teja’s next project