thankachanതിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമത്തിലും നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലും ഭേദഗതി കൊണ്ടുവരാന്‍ യു.ഡി.എഫ് സര്‍ക്കാറിനോടു ശുപാര്‍ശ ചെയ്തു. പുറമ്പോക്കുഭൂമി പതിച്ചുനല്‍കുന്നതിനും തരിശുഭൂമി വ്യവസായ ആവശ്യങ്ങള്‍ക്കായി നല്‍കുന്നതിനും തക്ക വിധത്തില്‍ ഭൂപരിഷ്‌കരണനിയമം ഭേദഗതിചെയ്യണമെന്നാണ് ശുപാര്‍ശ.

പട്ടയം നല്‍കുന്നതിനുള്ള നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്യാന്‍ നിര്‍ദേശിക്കുന്നത്. തോട്ടുപുറമ്പോക്കിലും മറ്റും താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കാന്‍ ഇത് ഉപകരിക്കുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഭേദഗതിചെയ്യുന്ന വിധത്തില്‍ നിയമത്തിന്റെ കരട് തയ്യാറാക്കി അടുത്ത യു.ഡി.എഫ്. യോഗത്തില്‍ കൊണ്ടുവരാന്‍ റവന്യു മന്ത്രിയെ യു.ഡി.എഫ് യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.

കരാറുകാരുടേയും കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടേയും ക്ഷേമപെന്‍ഷന്‍കാരുടെയും കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കണമെന്നും യു.ഡി.എഫ് നേതൃയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നിര്‍മാണമേഖലയുടെ സ്തംഭനം കണക്കിലെടുത്ത് കരാറുകാരുടെ കുടിശ്ശിക ഉടന്‍ നല്‍കുക, കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുക, കശുവണ്ടികയര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, റബ്ബര്‍ വിലയിടിവ് തടയാന്‍ നടപടിയെടുക്കുക, പട്ടയവിതരണം ഊര്‍ജിതമാക്കുക, കുടിശ്ശിക നല്‍കി കൂടുതല്‍ നെല്‍ സംഭരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഉടന്‍ തീരുമാനമെടുത്ത് മുന്നോട്ടുപോകണമെന്ന് മുന്നണിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്‍ ബന്ധപ്പെട്ട മന്ത്രിമാരെയും വകുപ്പ് മേധാവികളെയും മുഖ്യമന്ത്രി വിളിച്ച് ചര്‍ച്ചനടത്തി ഉടനടി തീരുമാനമെടുക്കണം.

ഭൂമിയുടെ ന്യായവില നിശ്ചയിച്ചതിലെ അപാകം പരിഹരിക്കണം. പ്രത്യേകിച്ചും മലപ്പുറം, എറണാകുളം ജില്ലകളിലാണ് അപാകം കൂടുതലായുള്ളത്.

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങളെ നേരിടാനുമായി മേയ് 19 മുതല്‍ 25 വരെ നാലു മേഖലാ ജാഥകള്‍ നടത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ മേഖലകളായി തിരിച്ചാണ് ജാഥ നടത്തുന്നത്. എന്‍.കെ. പ്രേമചന്ദ്രന്‍, സി.എഫ്. തോമസ്, കെ.പി.എ. മജീദ്, എം.എം. ഹസന്‍ എന്നിവരാണ് യഥാക്രമം ഓരോ മേഖലയിലെയും ജാഥ നയിക്കുക.

വൈസ് ക്യാപ്റ്റന്മാരായി എ.എന്‍. രാജന്‍ബാബു  തിരുവനന്തപുരം, ജോണി നെല്ലൂര്‍  എറണാകുളം, സി.പി. ജോണ്‍ പാലക്കാട് എന്നിവരെ നിശ്ചയിച്ചു. കോഴിക്കോട് മേഖലാ ജാഥയുടെ വൈസ് ക്യാപ്റ്റനെ എസ്.ജെ.ഡി. നിശ്ചയിക്കും.

കരാര്‍, പെന്‍ഷന്‍ കുടിശികകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ചത് പാവങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ്; ജാഥ നടത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയല്ല ലക്ഷ്യം. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് ആര്‍.എസ്.പി. ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും അക്കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.