പൃഥ്വിരാജ്, നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രകമാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡിന്റെ റിലീസ് മാറ്റി. ഓണത്തിന് റിലീസ് ചെയ്യുമെന്ന് അറിയിച്ച ചിത്രത്തിന്റെ റിലീസാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയ വിവരം അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ റിലീസ് ഒരാഴ്ച കൂടി നീട്ടിയതായി അല്‍ഫോണ്‍സ് വ്യക്തമാക്കിയത്.

വര്‍ക് ഡിലേ കാരണം ഓണം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷമായിരിക്കും ഗോള്‍ഡ് റിലീസ് ചെയ്യുകയെന്നും ഇപ്പോഴുണ്ടായ കാലതാമസത്തിന് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ഓണത്തിന് റിലീസ് ചെയ്യുന്ന ചിത്രങ്ങളില്‍ ആരാധകര്‍ ഏറെ പ്രതീക്ഷ വെച്ച ചിത്രമായിരുന്നു ഗോള്‍ഡ്. പ്രേമത്തിന് ശേഷം അല്‍ഫോണ്‍സിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം എന്ന ഒറ്റ കാരണം കൊണ്ടു തന്നെ ചിത്രത്തിനുണ്ടായ ഹൈപ്പ് ചില്ലറയല്ല.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റര്‍, ട്രെയ്‌ലര്‍ എല്ലാം തന്നെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയായിരുന്നു നല്‍കിയത്.

സൈജു കുറുപ്പ്, മുരളി ഗോപി, ഇഷാ തല്‍വാര്‍, മല്ലിക സുകുമാരന്‍, സിദ്ദിഖ്, ലുക്മാന്‍ അവറാന്‍, ഷൈജു ശ്രീധര്‍, അന്നാ റെജി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം, തമിഴ്നാട്ടില്‍ റെക്കോഡ് വിതരണാവകാശ തുകയാണ് ഗോള്‍ഡിന് ലഭിച്ചത്. എസ്.എസ്. ഐ പ്രൊഡക്ഷന്‍സ് 1.25 കോടിക്കാണ് ഗോള്‍ഡിന്റെ വിതരണാവകാശം നേടിയത്. ഒരു മലയാള സിനിമയ്ക്ക് തമിഴ്നാട്ടില്‍ ലഭിക്കുന്ന വിതരണാവകാശത്തില്‍ റെക്കോര്‍ഡ് തുകയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

മുമ്പ് റിലീസ് ചെയ്ത പ്രേമം ഉണ്ടാക്കിയ ഇമ്പാക്റ്റ് ആണ് ഇതിന് പ്രധാന കാരണം. കേരളത്തിനൊപ്പം അല്ലെങ്കില്‍ കേരളത്തിനേക്കാള്‍ ജനപ്രീതി നേടിയിരുന്നു പ്രേമം തമിഴ്നാട്ടില്‍. ചിത്രം 275 ദിവസങ്ങള്‍ വരെ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ ചെന്നൈയില്‍ ഉണ്ടായിരുന്നു.

 

Content Highlight: Alphonse Puthren movie Gold’s release postponed