കടക്കെണിയിലുള്ള സംസ്ഥാനത്തിന്റെ പൊതുമുതല്‍ ധൂര്‍ത്തടിക്കുന്നതിന് തുല്യം: എം.എല്‍.എമാര്‍ക്കായി പ്രഖ്യാപിച്ച സൗജന്യ കാര്‍ നിരസിച്ച് ഡി.എം.കെ
India
കടക്കെണിയിലുള്ള സംസ്ഥാനത്തിന്റെ പൊതുമുതല്‍ ധൂര്‍ത്തടിക്കുന്നതിന് തുല്യം: എം.എല്‍.എമാര്‍ക്കായി പ്രഖ്യാപിച്ച സൗജന്യ കാര്‍ നിരസിച്ച് ഡി.എം.കെ
നിഷാന. വി.വി
Friday, 21st August 2026, 7:30 pm

ചെന്നൈ: മുഴുവന്‍ ജനപ്രതിനിധികള്‍ക്കും വിജയ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാറും മറ്റ് ആനുകൂല്യങ്ങളും നിരസിച്ച് ഡി.എം.കെ. സംസ്ഥാനം കടക്കെണിയിലായിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഈ നീക്കം പൊതുമുതല്‍ ധൂര്‍ത്തടിക്കുന്നതിന് തുല്യമാണെന്നും ഡി.എം.കെ പറഞ്ഞു.

സര്‍ക്കാര്‍ കടത്തിലാണെന്ന് ടി.വി.കെ സര്‍ക്കാര്‍ ആദ്യ ദിവസം മുതല്‍ തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ ഡി.എം.കെയുടെ 59 എം.എല്‍.എമാരും ഈ ഓഫര്‍ പ്രയോജനപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

‘സര്‍ക്കാരിന്റെ ഈ നീക്കം പൊതുമുതല്‍ ധൂര്‍ത്തടിക്കുന്നതിന് തുല്യമാണ്. മുഖ്യമന്ത്രിയുടെ ഈ വാഗ്ദാനം യാതൊരു കാരണവശാലും സ്വീകരിക്കേണ്ടതില്ലെന്ന് എല്ലാ എം.എല്‍.എമാരും ചേര്‍ന്ന് തീരുമാനിച്ചു,’ അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഴുവന്‍ എം.എല്‍.എമാര്‍ക്കും വാഹനം അനുവദിക്കുന്നതിന് മുമ്പ് അവരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങള്‍ പരിശോധിച്ച് സാമ്പത്തിക സ്ഥിതിയും നിലവില്‍ വാഹനങ്ങള്‍ ഉണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും ഉദയനിധി പറഞ്ഞു.

എല്ലാ എം.എല്‍.എമാര്‍ക്കും കാറും വാഹന അലവന്‍സായി 75000 രൂപയും മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചിരുന്നു. ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന വി.സി.കെ എം.എല്‍.എ ജ്യോതിമണി ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം.

അഴിമതി രഹിത ഭരണം സാധ്യമാക്കുമ്പോള്‍ തന്നെ എം.എല്‍.എമാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റേണ്ടതുണ്ടെന്നായിരുന്നു വിജയ് പറഞ്ഞത്.

Content Highlight: “Akin to squandering the public assets of a debt-ridden state”: DMK rejects free cars announced for MLAs.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.